Daily Saints.

0: November 13 : വിശുദ്ധ സ്റ്റാന്‍സിളാവൂസ്‌ കോസ്കാ

ഷാജു പൈലി 09-11-2015 - Monday

പോളണ്ടിലെ സെനറ്റിലെ ഒരംഗത്തിന്റെ മകനായി ജനിച്ച വിശുദ്ധ സ്റ്റാന്‍സിളാവൂസിന് തന്റെ കുടുംബ മാളികയില്‍ സ്വകാര്യമായാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്‌. പിന്നീട് വിയന്നായിലെ ജെസ്യൂട്ട് കോളേജില്‍ ചേര്‍ന്നു. അവിടെ മറ്റെല്ലാവര്‍ക്കും ഒരു വിശുദ്ധ മാതൃകയായിരുന്നു അദ്ദേഹം. കോളേജിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു മാരക രോഗം പിടിപ്പെട്ട് കിടപ്പിലായി. ഈ അവസ്ഥയില്‍ വിശുദ്ധ ബാര്‍ബറ രണ്ട്‌ മാലാഖമാര്‍ക്കൊപ്പം അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും വിശുദ്ധ ബാര്‍ബറയില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും മലാഖയില്‍ നിന്നോ പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിച്ചതായി ദര്‍ശനം ലഭിച്ചു. കൂടാതെ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെടുകയും അദ്ദേഹം ഒരു ജെസ്യൂട്ട് സന്യാസിയാവുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു. വിയന്നായിലെ ജെസ്യൂട്ട് ആശ്രമാധികാരി സ്റ്റാന്‍സിളാവൂസിന്റെ പിതാവിന്റെ കോപത്തെ ഭയന്ന് ആദേഹത്തെ സഭയില്‍ ചേര്‍ക്കുന്നതിന് വിസമ്മതിച്ചു.

അതിനാല്‍ സ്റ്റാന്‍സിളാവൂസ്‌ ഏതാണ്ട് 350 മൈലുകളോളം സഞ്ചരിച്ച്‌ ഓഗ്സ്ബര്‍ഗിലേക്കും അവിടെ നിന്ന് ഡില്ലിന്‍ജെന്നിലേക്കും പോയി. ജെര്‍മ്മനിയിലെ (Upper Germany) ജെസ്യൂട്ട് ആശ്രമാധികാരിയായ വിശുദ്ധ പീറ്റര്‍ കനീസിയസ് അദ്ദേഹത്തെ ആശ്രമത്തിലെടുക്കുകയും മൂന്നാഴ്ചക്ക് ശേഷം റോമിലെ ജെസ്യൂട്ട് ജനറലായ വിശുദ്ധ ഫ്രാന്‍സിസ്‌ ബോര്‍ഗിയയുടെ അടുക്കലേക്കയച്ചു. തന്റെ പിതാവിന്റെ ഇഷ്ടത്തിന്‌ വിപരീതമായി തന്റെ 17-മത്തെ വയസ്സില്‍ അദ്ദേഹം റോമില്‍ വച്ച് ജെസ്യൂട്ട് സഭയില്‍ ചേര്‍ന്നു. പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ഉള്ള അദ്ദേഹത്തിന്‍റെ ആത്മനിര്‍വൃതി മൂലം ആരാധനയോടുള്ള അദ്ദേഹത്തിന്‍റെ പ്രതിപത്തി സകലര്‍ക്കും പ്രകടമായിരുന്നു. അദ്ദേഹം വീണ്ടും രോഗഗ്രസ്ഥനാവുകയും സഭയില്‍ ചേര്‍ന്ന് ഒമ്പത് മാസമായപ്പോഴേക്കും മരണമടയുകയും ചെയ്തു.


Related Articles »