News

സമുറായ്‌ ഓഫ്‌ ക്രൈസ്റ്റ്‌- ജസ്‌റ്റോ ടക്കയാമ ഉക്കോണ്‍ വിശുദ്ധ പദവിയിലേക്ക്‌

സ്വന്തം ലേഖകന്‍ 08-02-2017 - Wednesday

ഒസാക്ക: പരിത്യാഗ ജീവിതത്തിലൂടെ ജപ്പാന്‍ ജനതക്ക്‌ യോശുവിനെ നല്‍കിയ, പതിനേഴാം നൂറ്റാണ്ടിലെ രക്തസാക്ഷി സമുറായ്‌ ഓഫ്‌ ക്രൈസ്റ്റ്‌ എന്നറിയപ്പെടുന്ന ജസ്റ്റോ ടക്കയാമ ഉക്കോണ്‍ വിശുദ്ധ പദവിയിലേക്ക്‌. ഫ്യൂഡല്‍ പ്രഭുവായിരുന്ന അദ്ദേഹം സ്ഥാനമാനങ്ങള്‍ നഷ്ടമായി കൊടിയ പീഢനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും യേശുവിനെ തള്ളിപ്പറയാന്‍ തയ്യാറാകാത്തതില്‍ ക്രൂരമായി വധിക്കപ്പെടുകയായിരുന്നു.വിശുദ്ധരുടെ നാമകരണപ്രക്രിയക്കുള്ള തിരുസംഘം മേധാവി കര്‍ദ്ദിനാള്‍ ആജ്ജെലോ അമേട്ടോയാണ്‌ ഇന്നലെ ജസ്‌റ്റോയെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്‌.

1552-1615 കാലഘട്ടത്തില്‍ ജീവിച്ച ജസ്റ്റോ ടക്കയാമ ഉക്കോണ്‍ നല്ലൊരു സമുറായ്‌ അഥവ പോരാളി കൂടി ആയിരുന്നു. പാശ്ചാത്യ മതമെന്ന ആരോപണം ഉന്നയിച്ച്‌, ജപ്പാനിലെ ക്രൈസ്‌തവര്‍ക്കെതിരെ കടുത്ത പീഢനമുറകള്‍ സ്വീകരിക്കുകയും വധ ശിക്ഷ നടപ്പിലാക്കുകയും ചെയ്‌തുകൊണ്ടിരുന്ന കാലത്താണ്‌ അദ്ദേഹം രക്തസാക്ഷിയായത്‌. അദ്ദഹത്തിന്റെ സമ്പത്ത്‌, സ്ഥാനമാനങ്ങള്‍, സമൂഹത്തിലെ സ്ഥാനം, ആദരവ്‌, ബഹുമാനം എല്ലാം യേശുവിന്റെ പേരില്‍ നഷ്ടപ്പെട്ടപ്പോള്‍ തെരുവുകളില്‍ അലഞ്ഞു നടന്നു.

യേശുവിനെ തള്ളി പറയുന്നതിനേക്കാള്‍ നാടുകടത്തപ്പെടുന്നതാണ്‌ അഭികാമ്യമെന്ന തീരുമാനത്തില്‍ ഉറച്ചു നിന്ന അദ്ദേഹവും കുടുബവും 300 ക്രൈസ്‌തവരുമായി ഫിലിപ്പീന്‍സിലെ മനിലയില്‍ അഭയം പ്രാപിച്ചെങ്കിലും 1615 ഫെബ്രുവരി 4ന്‌ രക്തസാക്ഷിയായി. ദുരിതങ്ങളുടേയും പീഢനങ്ങളുടേയും പ്രതിസന്ധികളുടേയും കാലത്തും വിശ്വാസത്തിന്റെ പേരില്‍ ജിവന്‍ വെടിഞ്ഞ ജസ്റ്റോ അസാധാരണ മാതൃകയാണെന്ന്‌ പ്രഖ്യാപന ചടങ്ങില്‍ കര്‍ദ്ദിനാള്‍ അമേട്ടോ പറഞ്ഞു.

യേശുവിന്റെ യഥാര്‍ത്ഥ പടയാളിയായിരുന്നു ജസ്‌റ്റോ ടക്കയാമ ഉക്കോണ്‍. പടക്കോപ്പുകള്‍ ഉപയോഗിക്കാന്‍ സമര്‍ത്ഥനായിരുന്നെങ്കിലും വാക്കുകള്‍ കൊണ്ടും മാതൃകാ ജീവിതം കൊണ്ടും അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ യേശുവിന്റെ പടയാളിയായിരുന്നെന്ന്‌ കര്‍ദ്ദിനാള്‍ പറഞ്ഞു. വിശുദ്ധ പദവിയിലേക്കുള്ള ജസ്‌റ്റോവിന്റെ ചുവടുവെപ്പ്‌ ജപ്പാനില്‍ സുവിശേഷവല്‍ക്കരണത്തിന്റെ വിത്തിടലാണ്‌-അദ്ദേഹം കൂട്ടിച്ചേര്‍ത്തു