News - 2025
പിശാചുമായി സംഭാഷണം വേണ്ടെന്ന് കുര്‍ബാന സന്ദേശത്തില്‍ പരി. പിതാവ്
സ്വന്തം ലേഖകന്‍ 11-02-2017 - Saturday
വത്തിക്കാന്‍ സിറ്റി: സാത്താനുമായുള്ള സംഭാഷണങ്ങള്‍ പാപത്തിലേക്കു നയിക്കുമെന്നും നുണയനും ചതിയനുമാണ് പിശാചെന്നും പരിശുദ്ധ പിതാവ് ഇന്നലെ അതിരാവിലെ നടന്ന ദിവ്യബലി അര്‍പ്പണ സന്ദേശത്തില്‍ ഉല്‍ബോധിപ്പിച്ചു. ഏതന്‍ തോട്ടത്തില്‍ ഹവ്വാക്കു നല്‍കിയതു പോലെ മോഹന വാഗ്‌ദാനങ്ങള്‍ നല്‍കി വഴിതെറ്റിക്കാനും കെണികള്‍ ഒരുക്കാനും മിടുക്കനാണ് സാത്താനെന്ന് അദ്ദേഹം പറഞ്ഞു.അവന്‍ മനുഷ്യരെ കബളിപ്പിച്ച് നഗ്നരാക്കി സ്ഥലം വിടും, ഏതനില്‍ ചെയ്‌തതു പോലെ.
ഏതന്‍ തോട്ടത്തില്‍ ഹവ്വ സാത്താനുമായി ഇടപ്പെട്ട വിധവും 40 നാള്‍ ക്രിസ്‌തു നാഥന്‍ മരുഭൂമിയില്‍ കഴിഞ്ഞ ശേഷം ചെകുത്താനെ നേരിട്ട രീതിയും മാര്‍പ്പാപ്പ വിശദികരിച്ചു. നുണകളുടെ പിതാവാണ് സാത്താന്‍, മനുഷ്യരെ കബളിപ്പിക്കുന്നതില്‍ വിദഗ്‌ദനാണെന്ന് അവന്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ക്ക് സൂത്രശാലിയായ അവനുമായി സംസാരിക്കാന്‍ സാധിക്കില്ല കാരണം, അവന്‍ നിങ്ങളെ പാപത്തിലേക്കു തള്ളിയിട്ട് സ്ഥലം വിട്ട് പോകും..
പ്രലോഭനങ്ങള്‍ എന്തൊക്കെയെന്ന് നമുക്കറിയാം. സമ്പത്ത്,അഹംഭാവം, ആര്‍ത്തി, അസൂയ തുടങ്ങിയവയെല്ലാം നമ്മളിലുണ്ട്. ദൈവത്തില്‍ നിന്നകന്ന് സാത്തന്റെ വചനങ്ങള്‍ ശ്രദ്ധിക്കുന്നതിനു പകരം .-എന്നെ സഹായിക്കണമേ കര്‍ത്താവേ, ഞാന്‍ ദുര്‍ബലനാണ്.ഞാന്‍ നിന്നില്‍ നിന്നും ഒളിച്ചോടാന്‍ ഇഷ്ടപ്പെടുന്നില്ല-എന്നു പ്രാര്‍ത്ഥിക്കുകയാണ് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമെന്ന് പിതാവ് ഓര്‍മ്മപ്പെടുത്തി.ഇതുപോലുള്ള പ്രാര്‍ത്ഥനകള്‍ ധീരതയുടെ ലക്ഷണമാണ്.
അഥവാ പിശാചിന്റെ കെണിയില്‍, നമ്മുടെ ബലഹീനതയാല്‍ പ്രലോഭനങ്ങളില്‍ വീണു പോയാല്‍, ദൈവത്തോട് മാപ്പപേക്ഷിച്ച് ഏണീറ്റു നില്‍ക്കാനാകുമെന്ന് മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.
