Daily Saints.

0: November 28 : വിശുദ്ധ സ്റ്റീഫനും, സഹ വിശുദ്ധരും

ഷാജു പൈലി 23-11-2015 - Monday

സ്റ്റീഫന്‍ 714-715-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ആണ് ജനിച്ചത്‌. 764-765-ല്‍ അദ്ദേഹത്തിന്റെ മരണവും അവിടെ വച്ച് തന്നെയായിരുന്നു. ബൈസന്റൈന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ അഞ്ചാമന്‍ (Copronymus) കീഴില്‍ മതപീഡനവും ക്രിസ്തീയ രൂപങ്ങളും നശിപ്പിക്കലും തിരികെ കൊണ്ട് വന്നപ്പോള്‍, കോണ്‍സ്റ്റാന്റിനോപ്പിളിലെ ദേവാലയങ്ങളില്‍ ആദരിച്ചു വരുന്ന മതപരമായ രൂപങ്ങളും മറ്റും സംരക്ഷിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ സ്റ്റീഫന്‍ ഉണ്ടായിരുന്നു. ചാള്‍സിഡോണിനു സമീപമുള്ള വിശുദ്ധ ഓക്സെന്റിയൂസ് പര്‍വ്വതത്തിലെ ഒരു ആശ്രമ സന്യാസിയായിരുന്നു സ്റ്റീഫന്‍. 761-ല്‍ മാര്‍മറാ കടലിലെ പ്രോക്കൊന്നെസൂസ്‌ ദ്വീപിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ നിരോധിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ ശേഷം അദ്ദേഹത്തെ ചക്രവര്‍ത്തി മുന്‍പാകെ ഹാജരാക്കുകയും ചോദ്യം ചെയ്യലിനു വിധേയമാക്കുകയും ചെയ്തു. സ്റ്റീഫന്‍ ഒരു നാണയമെടുത്ത് അതിലെ രാജകീയ മുദ്ര ചൂണ്ടി കാട്ടികൊണ്ട്‌ ചക്രവര്‍ത്തിയോട് ചോദിച്ചു "ഇതിനെ അപമാനിക്കുന്നത് തെറ്റാണെങ്കില്‍, ക്രിസ്തുവിന്റെയും മാതാവിന്റെയും രൂപങ്ങളും ചിത്രങ്ങളും നശിപ്പിക്കുകയും കത്തിച്ചു കളയുകയും ചെയ്യുന്ന അങ്ങ് എത്രയോ വലിയ ശിക്ഷാവിധിക്ക്‌ അര്‍ഹനാണ്."

അദ്ദേഹം ആ നാണയം നിലത്തെറിയുകയും അത് ചവിട്ടിനശിപ്പിക്കുകയും ചെയ്തു. ഇതില്‍ കോപാകുലനായ കോണ്‍സ്റ്റന്റൈന്‍ സ്റ്റീഫനെ കാരാഗ്രഹത്തിലടക്കുവാന്‍ ഉത്തരവിട്ടു. ഏതാണ്ട് 300-ഓളം സന്യസിമാര്‍ക്കൊപ്പം അദ്ദേഹം 11 മാസത്തോളം ആ തടവറയില്‍ കഴിഞ്ഞു. അവര്‍ ഒരുമിച്ച് ആശ്രമജീവിതത്തിനു സമാനമായ ഒരു ജീവിതമാണ് തടവറയില്‍ നയിച്ചിരുന്നത്. വിശുദ്ധ സ്റ്റീഫന്‍ തന്റെ വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചു നിന്നു. തത്ഫലമായി അവസാനം അവര്‍ അദ്ദേഹത്തെ വധിച്ചു. ചക്രവര്‍ത്തിക്ക് അദ്ദേഹത്തെ വധിക്കുവാന്‍ മനസ്സുണ്ടായിരുന്നില്ല പക്ഷെ ഹെന്റി രണ്ടാമനേയും, തോമസ്‌ ബെക്കെറ്റിനെയും പോലെ വിശുദ്ധ സ്റ്റീഫന്‍ തന്റെ വിട്ടു വീഴ്ചയില്ലാത്ത സംസാരം വഴി തന്റെ വധത്തിനായി അവരെ പ്രകോപിപ്പിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. എസ്.എസ്. ബേസില്‍, പീറ്റര്‍, ആണ്ട്ര്യു എന്നിവരുള്‍പ്പെടെ 300-ഓളം സന്യാസിമാര്‍ക്കൊപ്പം വിശുദ്ധ സ്റ്റീഫനും തന്റെ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചു.