Editor's Pick - 2025

പാവപ്പെട്ടവരുടെ കണ്ണുനീരും പ്രവാസികളുടെ കൊട്ടാരങ്ങളും

സ്വന്തം ലേഖകന്‍ 15-02-2017 - Wednesday

കഴിഞ്ഞ മാസം പത്രത്തില്‍ വായിച്ച ഒരു വാര്‍ത്ത ഇപ്രകാരമായിരുന്നു: ഡല്‍ഹിയിലെ ഒരു ചേരിയിലെ കുടിലില്‍ രാത്രി കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു. കുടിലിനു രാത്രിയില്‍ തീ പിടിച്ചതായിരുന്നു അപകട കാരണം. തല ചായ്ക്കാന്‍ സ്വന്തമായി ഒരു ഭവനമില്ലാതിരിക്കുക, നാലു കുട്ടികളുള്ള ഒരു വലിയ കുടുംബത്തിന് ഇത് ഒരു വലിയ വേദന തന്നെയായിരിക്കും. ആ കുടുംബം ഒട്ടും സുരക്ഷിതമല്ലാത്ത വഴിയോരത്തെ ഒരു കുടിലില്‍ അഭയം പ്രാപിക്കുന്നു, അവസാനം ആ കുടിലിന് രാത്രിയില്‍ അവിചാരിതമായി തീ പിടിക്കുന്നു; നാലു കുട്ടികളും ആ തീയില്‍ വെന്തു മരിക്കുന്നു.

ഇത് ഡല്‍ഹിയിലെ ഒരു ചേരിയില്‍ നടന്ന സംഭവമായിരുന്നുവെങ്കില്‍ ഇവിടെ നമ്മുടെ കേരളത്തിന്‍റെ ചിത്രം ഇതില്‍ നിന്നെല്ലാം വളരെ വിഭിന്നമാണ്. കേരളത്തില്‍ ഇന്ന്‍ നിരവധി ആഡംബര ഭവനങ്ങളാണ്. താമസിക്കാന്‍ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. കേരളത്തിൽ, കാസര്‍ഗോഡു മുതല്‍ പാറശാല വരെ സഞ്ചരിച്ചാല്‍ നമുക്ക് കാണുവാന്‍ സാധിക്കുന്ന ഇത്തരം ആള്‍താമസമില്ലാത്ത ആഡംബര ഭവനങ്ങളുടെ എണ്ണം നമ്മെ അമ്പരപ്പിക്കും. ആരുടെ വീടുകളാണിവ? ഇത്തരം വീടുകള്‍ അമേരിക്കയിലും യൂറോപ്പിലും ഓസ്‌ട്രേലിയായിലുമൊക്കെയുള്ള പ്രവാസികള്‍ പണികഴിപ്പിച്ച വീടുകളാണ്. ഈ പ്രവാസികള്‍ ഒരിക്കലും കേരളത്തിലേക്ക് തിരിച്ചു വന്ന് ഇവിടെ സ്ഥിരതാമസമാക്കാന്‍ സാധ്യതയില്ല എന്ന വസ്തുത അവര്‍ക്ക് നന്നായിട്ടറിയാം. എന്നിട്ടും എന്തിന് ഈ ഭവനങ്ങള്‍? ആള്‍താമസമില്ലാത്ത ഈ ആഡംബര ഭവനങ്ങളുടെ നിര്‍മ്മാണ ചിലവ് കോടിക്കണക്കിനു രൂപയാണ്. വെറും ഒന്നോ രണ്ടോ മക്കള്‍ മാത്രമുള്ള കുടുംബത്തിന് കൊട്ടാര സദൃശമായ നിരവധി മുറികളുള്ള ഭവനങ്ങള്‍. ഈ ഭവനങ്ങള്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളുടെ ഭവനങ്ങളാണ് എന്നതാണ് സത്യം. വിദേശത്തു നിന്നും രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒരു മാസത്തേക്ക് നാട്ടില്‍ വരുമ്പോള്‍ താമസിക്കാനായി കേരളത്തില്‍ പണിതീര്‍ത്ത ഈ ഭവനങ്ങള്‍ കുടിലിനു തീപിടിച്ച് വെന്തുമരിച്ച കുട്ടികളുടെ ജീവിതത്തിനു മുമ്പില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു.

ഇത്തരം ഭവനങ്ങളുടെ വീടുവെഞ്ചരിപ്പ് നാട്ടിലെ ഒരു ഉത്സവം പോലെയാണ്. വാദ്യ മേളങ്ങളും മദ്യപാന സദസ്സുകളും ഗാനമേളകളുമൊക്കെയായി ഒരു വന്‍ തുകയാണ്‌ ഇതിനുവേണ്ടി ചിലവാക്കുന്നത്. ഇത്തരം ചടങ്ങുകളുടെ വീഡിയോ ആകാശത്തു നിന്നും അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. അവസാനം ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലുള്ള ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയായില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇത് Like ചെയ്യാനും കമന്‍റ് ഇടാനും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മുന്നില്‍ത്തന്നെയുണ്ടാവും. ഈ വീഡിയോ കാണുമ്പോള്‍ നാട്ടില്‍ വീടുപണിയാത്ത മറ്റുപ്രവാസികളുടെ മനസ്സിലും ആശയമുദിക്കും. "എനിക്കും പണിയണം ഇതിനേക്കാള്‍ വലിയ ഒരു ഭവനം".

കേരളത്തില്‍ പുതിയതായി പണികഴിപ്പിക്കുന്ന ദേവാലയങ്ങളുടെ സ്ഥിതിയും ഒട്ടും വ്യത്യസ്ഥമല്ല. സഭ എന്നത് കെട്ടിട സമുച്ചയങ്ങളല്ല. പിന്നെയോ അത് വിശ്വാസികളുടെ കൂട്ടായ്മയാണ് എന്ന കാര്യം നാം പലപ്പോഴും മറന്നു പോകുന്നു. സഭയുടെ ശക്തി ഓരോ വിശ്വാസിയുടെയും ഹൃദയത്തിലെ വിശ്വാസത്തിന്‍റെ ആഴത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്ന സത്യം നാം ഒരിക്കലും മറന്നു പോകരുത്. ഈ വലിയ സത്യം മറന്നു പോയതുകൊണ്ടാണ് ഇന്ന് യൂറോപ്പില്‍ അതിമനോഹരങ്ങളായ നിരവധി ദേവാലയങ്ങള്‍ ബാറുകളും നൈറ്റ് ക്ലബ്ബുകളുമായി മാറ്റപ്പെടുന്നത്.

ഇന്ന് ക്രിസ്ത്യാനിയുടെ പ്രാര്‍ത്ഥനാ രീതിക്കും മാറ്റം വന്നിരിക്കുന്നു. ത്യാഗങ്ങള്‍ ഏറ്റെടുക്കുവാന്‍, സ്വയം നഷ്ടപ്പെടുത്തിക്കൊണ്ട് സഹോദരന്‍റെ കണ്ണീരൊപ്പാന്‍ നാം തയ്യാറാകുന്നില്ല. ഒരു നില കെട്ടിടമുള്ളവന്‍ അതിന്‍റെ മുകളില്‍ മറ്റൊന്നു കൂടി പണിയുവാന്‍ വേണ്ടി ദൈവത്തെ വിളിച്ചുകൊണ്ട്, തല ചായ്ക്കാന്‍ ഒരു ഇടം പോലുമില്ലാത്തവന് നേരെ കണ്ണടക്കുന്നു. സഞ്ചരിക്കുവാൻ സ്വന്തമായി വാഹനമുള്ളവന്‍ കുറച്ചുകൂടി ആഡംബരം കൂടിയ മറ്റൊന്നിനു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് സ്വന്തം കാലില്‍ പോലും നടക്കാന്‍ കഴിവില്ലാത്തവന്‍റെ വേദനക്കു നേരെ കണ്ണടക്കുന്നു.

നമ്മുടെ സുവിശേഷ പ്രഘോഷണങ്ങള്‍ക്കു പോലും മാറ്റം സംഭവിച്ചിരിക്കുന്നു. നേട്ടങ്ങളെ ഉയര്‍ത്തിക്കാണിച്ചു കൊണ്ടുള്ള പ്രഘോഷണങ്ങളാണ് കൂടുതലായും നടക്കുന്നത്. ഈ സ്ഥലത്തു പോയാല്‍ ഇന്ന കാര്യം നടക്കും, ഈ ഫോട്ടോ ഷെയര്‍ ചെയ്‌താല്‍ ഈ കാര്യം നടക്കും ഇങ്ങനെ പോകുന്നു നമ്മുടെ പ്രഘോഷണങ്ങള്‍. ക്രിസ്തുവിന്‍റെ ശിഷ്യനാകുവാന്‍ അവിടുന്ന് നമ്മെ വിളിക്കുന്നത് ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമായിരിക്കുക എന്ന വലിയ ഉത്തരവാദിത്വത്തിലേക്കാണ്. ഈ വലിയ ദൗത്യം ഏറ്റെടുത്തുകൊണ്ട് ആദിമ സഭയിലെ വിശ്വാസികള്‍ എല്ലാം പൊതുവായി കരുതി. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. "അവരുടെയിടയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല" (അപ്പ. 4:34) എന്ന് വചനം വളരെ വ്യക്തമായി പറയുന്നു. എന്നാല്‍ നമ്മുടെ അവസ്ഥ എന്താണ്? ഒരു വശത്ത് ആള്‍താമസമില്ലാത്ത കൊട്ടാര സദൃശമായ വീടുകള്‍. മറുവശത്ത് സുരക്ഷിതമല്ലാത്ത കുടിലില്‍ വെന്തു മരിക്കുന്ന കുട്ടികള്‍.

'ഞാന്‍ വിദേശ രാജ്യത്ത് അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് എനിക്കിഷ്ടമുള്ള രീതിയില്‍ വീടു വക്കുന്നതില്‍ എന്താണു കുഴപ്പം?' മിക്ക പ്രവാസികളും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഒരു തെറ്റുമില്ല; നമുക്ക് താമസിക്കാന്‍ വിദേശ രാജ്യങ്ങളില്‍ സ്വന്തമായി ഭവനങ്ങളുണ്ടല്ലോ. അതിനു പുറമേ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നാട്ടില്‍ പോകുമ്പോള്‍ താമസിക്കാന്‍ കൊട്ടാരങ്ങളുടെ ആവശ്യമുണ്ടോ? പിന്നെ വിദേശത്തേക്കു വന്നതും ജോലി ചെയ്യുന്നതുമൊക്കെ നമ്മുടെ സാമര്‍ത്ഥ്യമാണോ? നാം ചെയ്യുന്ന അതേ ജോലി ഇന്ത്യയിലുള്ളവര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്നത് വളരെ കുറച്ചു തുകയല്ലേ ഉളളൂ. അപ്പോള്‍ ഇവിടേക്ക് നമ്മെ കൊണ്ടു വന്നത് ദൈവത്തിന്‍റെ കരുണയല്ലേ? അങ്ങനെ ഒരു ഭാഗ്യം നമ്മുടെ ജീവിതത്തില്‍ തന്ന് നമ്മെ വിദേശത്തേക്ക് കൊണ്ടുവന്നിരിക്കുന്നത് ഇതുപോലെ അധ്വാനിക്കുവാന്‍ ആരോഗ്യവും സാഹചര്യവുമില്ലാത്ത ദരിദ്രരായ മറ്റുള്ളവര്‍ക്കും വേണ്ടി കൂടിയല്ലേ?

ഇതിനു മറുപടിയായി ചില പ്രവാസികള്‍ പറയുന്ന മറുപടിയാണ് - "ഞങ്ങള്‍ ചാരിറ്റി വര്‍ക്ക് ചെയ്യുന്നുണ്ട്." ദരിദ്രര്‍ക്കു വേണ്ടി നാം ചിലവാക്കുന്ന ഒരു ചെറിയ തുകപോലും ദൈവസന്നിധിയില്‍ പ്രതിഫലമുണ്ട് എന്നത് സത്യം തന്നെ. എന്നാല്‍ ചില പ്രവാസികള്‍ പങ്കു വയ്ക്കുന്ന അനുഭവം ഇപ്രകാരമാണ്:- "മൂന്നു കോടിയുടെ ഒരു വീടു പണിതു. അതിന്‍റെ വെഞ്ചരിപ്പിന്‍റെ സമയത്ത് അനാഥ മന്ദിരത്തില്‍ ഒരു നേരത്തെ ഭക്ഷണം കൊടുത്തു." മറ്റൊരു കൂട്ടര്‍ പങ്കു വയ്ക്കുന്നത് ഇപ്രകാരമാണ്: "ലക്ഷങ്ങള്‍ മുടക്കി ഒരു സംഗമം നടത്തി. അല്ലെങ്കില്‍ ഒരു ടൂര്‍ പ്രോഗ്രാം നടത്തി. എന്നിട്ട് അതിന് എത്തിയവര്‍ അല്‍പം തുക സംഭാവന നടത്തി ഒരു രോഗിയെ സഹായിച്ചു. " നല്ലതു തന്നെ. എന്നാല്‍, ആ ടൂർ പ്രോഗ്രാം വേണ്ടെന്നു വച്ച് ആ രോഗിയുടെ ചികിത്സ ഏറ്റെടുക്കുവാന്‍ എന്തുകൊണ്ട് നാം തയ്യാറായില്ല മൂന്നു കോടി മുടക്കിയ ഭവനം കുറഞ്ഞ ചിലവില്‍ പണി കഴിപ്പിച്ച് മറ്റു പാവപ്പെട്ടവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ നാം എന്തുകൊണ്ട് തയ്യാറാകുന്നില്ല. മിച്ചം വരുന്നതും ആവശ്യമില്ലാത്തതും ശേഖരിച്ചു മറ്റുള്ളവര്‍ക്ക് ദാനം ചെയ്ത് സംതൃപ്തിയടയുന്ന സേവന മനോഭാവത്തില്‍ നിന്നും സ്വയം നഷ്ടപ്പെടുത്തി മറ്റുള്ളവരെ സഹായിക്കുന്ന ക്രിസ്തുവിന്‍റെ സ്വഭാവത്തിലേക്ക് നാം വളരേണ്ടിയിരിക്കുന്നു.

ഫ്രാന്‍സിസ് പാപ്പാ പറഞ്ഞ ഒരു വാക്യം നാം ഓര്‍ത്തിരിക്കണം. "നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്കു ശേഷം നാം ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണം നമ്മുടെ പണമല്ല. അതു പാവപ്പെട്ടവന്‍റെ പണമാണ്". ഈ പണം ഇരട്ടിയാക്കാന്‍ വേണ്ടി ബാങ്കുകളില്‍ നാം നിക്ഷേപിക്കുമ്പോള്‍, ഒരു നേരത്തെ ഭക്ഷണമില്ലാത്തവന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. "അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്ക് നല്‍കണമേ..." ഈ പ്രാര്‍ത്ഥനക്കുള്ള ദൈവത്തിന്റെ മറുപടിയാണ് ബാങ്കുകളിലെ ഈ നിക്ഷേപങ്ങള്‍. ദരിദ്രര്‍ക്കു അവകാശപ്പെട്ട ഈ നിക്ഷേപങ്ങള്‍ അവര്‍ക്കു തന്നെ നല്‍കിക്കൊണ്ട് നമുക്കു സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം കരുതി വയ്ക്കാം.

ധനവാന്‍റെയും ലാസറിന്‍റെയും ഉപമയും, യേശുക്രിസ്തുവിന്‍റെ ന്യായാസനത്തിനു മുമ്പില്‍ നാം നില്‍ക്കേണ്ടിവരുന്ന അത്യവിധിയും നമുക്കൊരിക്കലും മറക്കാതിരിക്കാം. "മനുഷ്യപുത്രന്‍ എല്ലാ ദൂതന്മാരോടും കൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്‍റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അവന്‍റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍ നിന്ന്‍ വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ നമ്മില്‍ നിന്ന് വേര്‍തിരിക്കും..." (മത്തായി 25: 31-33)‍

ഈ സമയം ദാരിദ്ര്യവും പട്ടിണിയും മൂലം മരണമടഞ്ഞവരുടെ കണക്കു പുസ്തകം തുറക്കപ്പെടും. അപ്പോൾ, ഈ ഭൂമിയിൽ നാം പണിതീർത്ത കൊട്ടാര സദൃശ്യമായ ഭവനങ്ങള്‍ നമുക്കെതിരായ സാക്ഷ്യമായി മാറുമോ? നമുക്കു ചിന്തിക്കാം.