News - 2025
പാകിസ്ഥാനില്‍ സെന്‍സസ്സ്: മുഴുവന്‍ ക്രൈസ്‌തവരേയും ഉള്‍പ്പെടുത്താന്‍ പ്രചാരണം തുടങ്ങി
സ്വന്തം ലേഖകന്‍ 16-02-2017 - Thursday
കറാച്ചി: ആസന്നമായ കാനേഷുമാരി കണക്കെടുപ്പില്‍, ക്രൈസ്‌തവരുടെ സാന്നിധ്യം കൃത്യമായി രേഖപ്പെടുത്താന്‍ ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുകയാണ് പാകിസ്ഥാനില്‍. പാര്‍ലമെന്റെില്‍ എത്ര ക്രൈസ്‌തവ സീറ്റുകള്‍ ഉണ്ടാകണമെന്നു തീരുമാനിക്കുക ഈ സെന്‍സസ്സ് കണക്കിന്റെ അടിസ്ഥാനത്തിലായിരിക്കും.
കഴിഞ്ഞ ദിവസം കറാച്ചിയില്‍ നടന്ന ന്യൂനപക്ഷ മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ ഇന്റെര്‍ ഫെയ്‌ത്ത് എന്ന സംഘടനയെ പ്രതിനിധീകരിച്ച് ആന്റണി നവീത്, കറാച്ചി ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്‌സ്, ചര്‍ച്ച് ഓഫ് പാകിസ്ഥാനിന്റെ ബിഷപ്പ് സാദിക്ക് ഡാനിയല്‍ എന്നിവര്‍ പങ്കെടുത്തു. സെന്‍സസ്സ് ബോധവല്‍ക്കണം ഊര്‍ജിതമായി നടത്താന്‍ സമ്മേളനം തീരുമാനിച്ചു.
രാജ്യത്തെ എല്ലാ ക്രൈസ്‌തവരേയും വിഭാഗിയതകള്‍ക്ക് അതീതമായി ഒരുമിപ്പിച്ച് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണ് ഇതെന്ന് ആര്‍ച്ച് ബിഷപ്പ് കൗട്ട്‌സ് പറഞ്ഞു. ഒരു സാധാരണ അല്‍മായന്‍ മുതല്‍ വേദോപദേശകര്‍, സുവിശേഷ വേലചെയ്യുന്നവര്‍,പാസ്റ്റര്‍മാര്‍, ബിഷപ്പുമാര്‍ തുടങ്ങി എല്ലാവരും ഇതില്‍ ഉള്‍ക്കൊള്ളണം. സ്ഥാനമാനങ്ങളോ, വിഭാഗങ്ങളോ ഇതിനു പരിഗണിക്കേണ്ടതില്ല. എത്ര ക്രൈസ്‌തവരുണ്ടെന്ന് കൃത്യമായി അറിഞ്ഞാലേ പ്രതിനിധികളുടെ അംഗസംഖ്യ സര്‍ക്കാരിന് തീരുമാനിക്കാനാകൂ.
വളരെ പ്രധാനപ്പെട്ടതാണ് വരുന്ന കാനേഷ്‌മാരി കണക്കെടുപ്പ്,നമ്മുടെ പുരോഗതിയെ ബാധിക്കുമെന്നതിനേക്കാള്‍ നമ്മുടെ അവകാശങ്ങള്‍ നേടാന്‍ സഹായിക്കുന്നതാണ് ഇതെന്ന്‌് ആഗ്ലിക്കന്‍ ബിഷപ്പ് സാദിക്ക് ഡാനിയേല്‍ പറഞ്ഞു. സണ്‍ഡേ ക്ലാസുകളിലും, ബൈബിള്‍ ക്ലാസുകളിലും മാത്രമല്ല, ഇരു സഭകളുടെ മറ്റു പരിപാടികളിലും ബോധവല്‍ക്കണം നടത്താനും തിരുമാനിച്ചു.
മഹാഭൂരിപക്ഷവും മുസ്ലിമുകളുള്ള പാകിസ്ഥാന്റെ ദേശീയ അസംബ്ലിയില്‍ 145 സീറ്റുകളുണ്ടായിരുന്നതില്‍ 10 എണ്ണം ന്യൂനപക്ഷത്തിനുള്ളതായിരുന്നു. എന്നാല്‍, ദേശീയ അസംബ്ലിയില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് 342 ആക്കിയപ്പോഴും ന്യൂനപക്ഷ സീറ്റുകള്‍ 10 എണ്ണമായി തന്നെ നിലനിര്‍ത്തുകയായിരുന്നെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ഷഹിദ് ഫറൂക്ക് പറയുന്നു. ഇത് മാറ്റിയെടുക്കാന്‍ സെന്‍സസ്സ് വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും ഒടുവില്‍ കാനേഷുമാരി കണക്കെടുപ്പ് പാകിസ്ഥാനില്‍ നടന്നത് 2008ലായിരുന്നു. 1998ല്‍ നടത്തിയ ജനസംഖ്യാകണക്കെടുപ്പില്‍ 2.8 ശതമാനമായിരുന്നു ന്യൂനപക്ഷ മതസ്ഥര്‍. ഹിന്ദു, ക്രിസ്‌ത്യന്‍, സിക്ക്, പാര്‍സി, ഖഡിയാനി, യഹൂദ എന്നിവരാണ് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍. ഇതില്‍ ക്രൈസ്‌തവരാണ് ഏറ്റവും വലിയ രണ്ടാമത്തെ ന്യൂനപക്ഷം. 26 ലക്ഷം ക്രിസ്‌ത്യാനികളാണ് പാകിസ്ഥാനിലുള്ളത്.
