News - 2025

സഭാ പഠനങ്ങള്‍ക്കെതിരായി മെത്രന്മാര്‍ പ്രാദേശിക വ്യാഖ്യാനങ്ങള്‍ നല്‍കരുത്‌: കര്‍ദ്ദിനാള്‍ ജറാള്‍ഡ്‌ മുളളര്‍

സ്വന്തം ലേഖകന്‍ 20-02-2017 - Monday

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ തത്വങ്ങള്‍ക്കെതിരായി സഭാ പഠനങ്ങളെ പ്രാദേശിക മെത്രാന്മാര്‍ പുനര്‍വ്യാഖ്യാനിക്കരുതെന്ന്‌ കര്‍ദ്ദിനാള്‍ ജറാള്‍ഡ്‌ മുള്ളര്‍ മുന്നറിയിപ്പ്‌ നല്‍കി. മാര്‍പ്പാപ്പ രൂപപ്പെടുത്തുന്ന സഭയുടെ പ്രബോധനങ്ങള്‍ സാര്‍വ്വദേശിയമാണെന്നിരിക്കെ അത്‌ പ്രാദേശികമായും വിശ്വാസത്തിന്റെ അന്തസത്തക്കെതിരായും പുനര്‍വ്യാഖ്യാനിക്കുന്നത്‌ ശരിയല്ലെന്ന്‌ ഒരു ജര്‍മ്മന്‍ മാസികക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വിശ്വാസവും ഐക്യവുമാണ്‌ കത്തോലിക്ക സഭയുടെ അടിത്തറ. കൂദാശകളുടെ പരിക്രമണത്തിലൂന്നിയ പഠനങ്ങളാണ്‌ നിലവിലുള്ളത്‌. സഭ ഒരു പരിണാമ ഘട്ടത്തിലല്ല. കാലാകാലങ്ങളായി അനുവര്‍ത്തിക്കുന്ന കൗദാശിക ക്രമങ്ങളില്‍ നിന്നും ഒട്ടും വ്യതിചലിച്ചല്ല ഇപ്പോഴത്തെ മാര്‍പ്പാപ്പയുടെയും പ്രബോധന പാതയെന്ന്‌ തിരുസഭയുടെ പ്രബോധന സംഘം മേധാവിയായ കര്‍ദ്ദിനാള്‍ മുള്ളര്‍ പറഞ്ഞു.

പരിശുദ്ധ പിതാവിന്റെ പ്രബോധന രേഖകളെ പ്രാദേശിക തലത്തില്‍ മെത്രാന്മാര്‍ പുനര്‍വ്യാഖ്യാനിക്കുന്നതും എതിര്‍ക്കുന്നതും നല്ലതല്ല. അതൊരു ഗുണവും ചെയ്യില്ല. മാള്‍ട്ടയിലേയും ജര്‍മ്മനിയിലേയും മെത്രാന്മാര്‍ ഇയ്യിടെ പുനര്‍വിവാഹിതര്‍ക്ക്‌ ദിവ്യകാരുണ്യം സ്വീകരിക്കാമെന്ന്‌ അവരുടെ ഇടവകകളില്‍ ഇടയലേഖനം ഇറക്കിയിരുന്നു. ഇതേക്കുറിച്ചുള്ള പ്രതികരണമാണ്‌ അഭിമുഖത്തിലൂടെ കര്‍ദ്ദിനാള്‍ ജറാള്‍ഡ്‌ മുള്ളര്‍ പ്രകടിപ്പിച്ചത്‌.

എന്നാല്‍, പുനര്‍ വിവാഹിതര്‍ പുര്‍ണ്ണ ലൈംഗിക വര്‍ജ്ജനം നടത്തുന്ന പക്ഷം ദിവ്യകാരുണ്യം സ്വീകരിക്കാന്‍ അര്‍ഹരാണെന്ന്‌ പാരമ്പര്യമായി കത്തോലിക്കാ സഭ പഠിപ്പിക്കുന്നുണ്ടെന്ന്‌ ചില മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. പാരമ്പര്യമായി സഭ പിന്‍തുടരുന്ന പ്രബോധനവും ഇതുതന്നെ ആണെന്ന്‌ കര്‍ദ്ദിനാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രിസ്‌ത്യന്‍ സദാചാര ദൈവശാസ്‌ത്രത്തന്റേയും കൂദാശകളുകളുടേയും അടിത്തറയിലാണ്‌ ഇത്തരമൊരു പ്രബോധനത്തിന്റെ ഉല്‍ഭവം.