News - 2025

ഈജിപ്‌തിലെ സിനായില്‍ തീവ്രവാദികള്‍ രണ്ട്‌ ക്രൈസ്‌തവരെ വെടിവെച്ച്‌ കൊന്നു തെരുവോരത്ത്‌ തള്ളി

സ്വന്തം ലേഖകന്‍ 23-02-2017 - Thursday

കയ്‌റോ: ക്രൈസ്‌തവരാണ്‌ ലക്ഷ്യമെന്ന്‌ ഐഎസ്‌ അനുബന്ധ സംഘടന വീഡിയോ വഴി പരസ്യപ്രഖ്യാപനം നടത്തി രണ്ടു നാള്‍ തികയുന്നതിനു മുന്നെ സിനായില്‍ രണ്ടു പേരെ വെടിവെച്ച്‌ കൊന്ന്‌ ഭീകരര്‍ ക്രൈസ്‌തവര്‍ക്കിടയില്‍ ഭീതി പരത്തി. ഒരു കുടുംബത്തിലെ 65 കാരനായ പിതാവിനേയും 45 കാരനായ മകനേയുമാണ്‌ സിനായ്‌ ഉപഭൂഖണ്ഡത്തിന്റെ വടക്കുള്ള എല്‍ അരിഷ്‌ പട്ടണത്തില്‍ തോക്കിന്‌ ഇരയാക്കി മൃതദേഹങ്ങള്‍ കത്തിച്ചു തെരുവോരത്ത്‌ തള്ളിയത്‌.

പിതാവായ സാദ്‌ ഹാനയേയും മകന്‍ മെദ്‌ഹതിനേയും കുടുംബവീട്ടില്‍ നിന്നും തട്ടികൊണ്ടു പേയിട്ടായിരുന്നു നരഹത്യ. ഈജിപ്‌തില്‍ 2013നു പട്ടാള ഭരണം വന്ന ശേഷം ക്രൈസ്‌തവര്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങല്‍ വര്‍ദ്ധിച്ചു വരുകയാണ്‌. ഇസ്ലാമിനെതിരെയുള്ള യുദ്ധത്തില്‍ ക്രിസ്‌ത്യാനികള്‍ പശ്ചാത്യരുടെ കൂടെയാണെന്ന്‌ ആരോപിച്ചാണ്‌ ഇസ്ലാമിസ്റ്റ്‌ തീവ്രവാദികള്‍ ക്രൈസ്‌തവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്‌.

ഈജിപ്‌തില്‍ ക്രൈസ്‌തവര്‍ക്കെതിരെ മനുഷ്യക്കുരുതികള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ലോകത്തെമ്പാടുമുള്ള ക്രിസ്‌തു മത വിശ്വാസികള്‍ക്കൊപ്പം നിരവധി മനുഷ്യ-ന്യൂനപക്ഷവകാശ സംഘടനകളും പ്രസ്ഥാനങ്ങളും ആശങ്കയിലാണ്‌.