News - 2025

കെന്റുകി ബൈബിള്‍ എക്‌സിബിഷനില്‍ മോശയുടെ പേടകം ആകര്‍ഷകമാകുന്നു

സ്വന്തം ലേഖകന്‍ 23-02-2017 - Thursday

വില്ല്യംസ്‌ടൗണ്‍: കെന്റുകിയില്‍ നടക്കുന്ന ബൃഹത്തായ ബൈബിള്‍ എക്‌സിബിഷനോട്‌ ചേര്‍ന്ന്‌ സുവിശേഷ സന്ദേശപരമായി കൂടുതല്‍ പ്രചോദനമാകുന്ന മോശയുടെ പേടകം നാളെ മുതല്‍ പൊതു പ്രദര്‍ശനത്തിനു തുറന്നിടുന്നു. നിര്‍മ്മിതികൊണ്ട്‌ ഏറെ പ്രത്യേകതയുള്ള പേടകം ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്‌.

പഴയനിയമ പുസ്‌തകത്തിലെ മോശയുടെ പേടകമാതൃകയില്‍ 510 അടി വലുപ്പത്തില്‍ മരത്തില്‍ തീര്‍ത്ത മനോഹര നിര്‍മ്മിതി കൗതുകത്തോടൊപ്പം വിശ്വാസത്തിന്റെ ചരിത്ര സത്യവുമായി അടുത്തു നില്‍ക്കുന്നതാണ്‌.

ആര്‍ക്‌ എന്‍കൗണ്ടര്‍ എന്ന പേരിലാണ്‌ മോശയുടെ പേടക രൂപം ഒരുക്കിയിട്ടുള്ളത്‌. പേടകത്തിന്റെ മുന്‍ഭാഗത്ത്‌ ബൈബിളുമായി ബന്ധപ്പെട്ട പതിനൊന്ന്‌ വ്യത്യസ്ഥമായ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്‌. പഴയനിയമ പുസ്‌തകത്തിലെ ചരിത്രത്തെ സാധൂകരിക്കുകയും ഭൂമിക്ക്‌ 6000 വര്‍ഷത്തെ പഴക്കമേയുള്ള എന്ന നിഗമനത്തെ ചൊല്ലിയുള്ള കൂടുതല്‍ വിവാദത്തിനു വഴിമരുന്നിടുന്നതുമാണ്‌ ഇവ.

ആര്‍ക്‌ എന്‍കൗണ്ടറില്‍ നാളെ നാടമുറിച്ച്‌ സന്ദര്‍ശകര്‍ക്കായി പേടകം തുറന്നിടുമ്പോള്‍ വിശ്വാസികള്‍ക്ക്‌ കൗതുകത്തോടൊപ്പം വിശ്വാസ പ്രഖ്യാപനത്തിന്റെ മറ്റൊരു മുദ്രകൂടിയായി പ്രദര്‍ശനം മാറും. ഉത്തര കെന്റുകിയിലെ ഗ്രാന്റ്‌ കൗണ്ടിയിലേക്ക്‌ പ്രദര്‍ശനം കാണാന്‍ ആയിരങ്ങള്‍ എത്തിക്കൊണ്ടിരിക്കയാണ്‌, പേടകം സന്ദര്‍ശകരുടെ എണ്ണം ഇരട്ടിപ്പിക്കുമെന്നാണ്‌ സംഘാടകരുടെ പ്രതിക്ഷ.