News - 2025

അമേരിക്കയില്‍ യേശുപ്രതിമയുടെ തല വെട്ടിമാറ്റി: ഇന്ത്യാനപോളിസില്‍ ക്രൈസ്‌തവര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു

സ്വന്തം ലേഖകന്‍ 24-02-2017 - Friday

ഇന്ത്യാനപോളിസ്‌: അമേരിക്കയിലെ ഇന്ത്യാനപോളിസിലെ പള്ളിയില്‍ സ്ഥാപിച്ചിരുന്ന യേശു പ്രതിമയുടെ തല രണ്ടാഴ്‌ചക്കിടെ രണ്ടാം തവണയും വെട്ടിമാറ്റി. വാരാന്ത്യത്തില്‍ ക്രൈസ്‌തവര്‍ക്കെതിരെ പള്ളി തകര്‍ക്കലും പെയിന്റ്‌ സ്‌പ്രേ ചെയ്‌ത്‌ വികൃതമാക്കലും അടക്കം നടന്ന നിരവധി അതിക്രമ സംഭവങ്ങളില്‍ ഒന്നാണിത്‌.

കോട്ടേജ്‌ അവന്യുയിലെ പന്തക്കോസ്‌ത്‌ പള്ളിക്ക്‌ പുറത്തു സ്ഥാപിച്ചിരുന്ന യേശു പ്രതിമയുടെ തലയാണ്‌ വെട്ടി ആക്രമികള്‍ കൊണ്ടു പോയത്‌. ഏതാനും ദിവസം മുമ്പ്‌ പ്രതിമയുടെ തല വെട്ടി ഉപേക്ഷിച്ചു പോയതിനാല്‍ തിരിച്ച്‌ ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നെന്ന്‌ പാസ്റ്റര്‍ ബ്രേഡ്‌ ഫ്‌ളാസ്‌ക്കെംപ്‌ പറഞ്ഞു. ഇത്തവണ ശരിയാക്കാന്‍ പറ്റുമോ എന്നറിയില്ല.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌, പ്രതിമ സ്ഥാപിച്ച ദിവസം തന്നെ തട്ടി താഴെ ഇട്ട്‌ നാശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു, യേശു പ്രതിമയോട്‌ എന്തോ വൈരാഗ്യമുള്ളതുപോലെ.

ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പ്രതിമയെ ആക്രമിച്ചത്‌ ഗുണ്ടായിസമാണെന്നു കരുതാം. എന്നാല്‍, രണ്ടാമതും ചെയ്‌തത്‌ വിദ്വഷമാണെന്നു കരുതണമെന്ന്‌ പ്രതിമ സംഭാവന ചെയ്‌ത സ്‌ത്രിയുടെ പിതാവായ ലിറോയ്‌ മേയേഴ്‌സ്‌ പറഞ്ഞു.

ക്രൈസ്‌തവര്‍ക്കെതിരെ അതിക്രമങ്ങള്‍ ഇന്ത്യാനപോളിസില്‍ വര്‍ദ്ധിച്ചു വരുന്നതില്‍ പരക്കെ ആശങ്ക ഉയര്‍ന്നിരിക്കയാണ്‌.