News - 2025

ക്രൈസ്‌തവ വിശ്വാസത്തിന്റെ വിജയഗാഥയായീ മൊസൂളിലെ മലമുകളില്‍ കുരിശു നാട്ടി

സ്വന്തം ലേഖകന്‍ 24-02-2017 - Friday

മൊസൂള്‍: ഏത്‌ പ്രതിസന്ധിയും കടുത്ത പീഢനങ്ങളും തരണം ചെയ്യാന്‍ ക്രൈസ്‌തവ വിശ്വാസത്തിനു ശക്തിയുണ്ടെന്ന ജീവിക്കുന്ന സാക്ഷ്യങ്ങളുമായി മലമുകളില്‍ അവര്‍ കുരിശു നാട്ടി. രണ്ടു വര്‍ഷത്തിലേറെ കാലം ഐഎസ്‌ ഭീകരുടെ വാഴ്‌ചയില്‍ തകര്‍ക്കപ്പെട്ട ദേവാലയങ്ങളും ക്രൈസ്‌തവര്‍ തിങ്ങി താമസിച്ചിരുന്ന പ്രദേശങ്ങളും ഇറാഖി പട്ടാളം പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന്‌ ക്രൈസ്‌തവര്‍ കൂട്ടത്തോടെ തിരിച്ചെത്തിയതോടെയാണ്‌ വിശ്വാസ പ്രഖ്യാപനത്തിന്റെ ഭാഗമായി വലിയ കുരിശു നാട്ടിയത്‌.

മൊസൂളിന്‌ 17 മൈലുകള്‍ അകലെ ഭൂരിപക്ഷം ക്രൈസ്‌തവര്‍ വസിച്ചിരുന്ന തെലകഫ്‌-ടെസ്‌ഖോപ്പ ഗ്രാമത്തിന്‌ പ്രത്യാശ തിരിച്ചു കിട്ടിയതിന്റെ തെളിവു കൂടിയാണ്‌ കുരിശ്‌. ഐഎസിന്റെ പിടിവിട്ടതോടെ ക്രൈസ്‌തവര്‍ കൂട്ടത്തോടെ ഗ്രാമത്തിലേക്ക്‌ തിരിച്ചെത്തിക്കൊണ്ടിരിക്കയാണ്‌.

ഒരാഴ്‌ച മുമ്പ്‌ ഇവിടെയുള്ള സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ദിവ്യബലിയര്‍പ്പണം നടന്നു. ബാഗ്‌ദാദിലെ കല്‍ദായ കത്തോലിക്ക പാര്‍ത്രിയാര്‍ക്ക ളൂവിസ്‌ സാഖോ അന്ന്‌ ആശിര്‍വദിച്ച ഭീമന്‍ കുരിശാണ്‌ മലമുകളില്‍ സ്ഥാപിച്ചത്‌. ബാബിലോണ്‍ പാര്‍ത്രിയാര്‍ക്ക മാര്‍ ളൂവിസ്‌ റാഫെല്‍ സാഖോ ഒന്നാമനടക്കം അധികാരികളും ഉന്നത ഉദ്യോഗസ്ഥരും പ്രാര്‍ത്ഥനാ ശുശ്രൂകളില്‍ പങ്കെടുത്തിരുന്നു.