News - 2025

പൂര്‍വ്വേഷ്യയില്‍ കത്തോലിക്ക വിശ്വാസികള്‍ വര്‍ദ്ധിക്കുന്നു: ഹോങ്കോങ്ങില്‍ 5000 പേരുടെ വര്‍ദ്ധന

സ്വന്തം ലേഖകന്‍ 24-02-2017 - Friday

ഹോങ്കോങ്‌: ഏഷ്യയില്‍ പ്രത്യേകിച്ച്‌ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണം കഴിഞ്ഞ ദശാബ്ദത്തില്‍ ഗണ്യമായി വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തെ തെളിവാണ്‌ ഹോങ്കോങ്‌ രൂപത പുറത്തിറക്കിയ ഡയറക്ടറിയിലെ വിവരങ്ങള്‍.

രൂപതയില്‍ മാത്രം ഒരു വര്‍ഷത്തിനിടെ 5000 വിശ്വാസികളുടെ വര്‍ദ്ധനയാണ്‌ കണക്കില്‍. ഹോങ്കോങ്ങിന്റെ മൊത്തം ജനസംഖ്യയായ 73,46,700ല്‍ 5,91,000 കത്തോലിക്കരാണ്‌. ഹോങ്കോങ്‌ രൂപത പുറത്തിറക്കിയ ഇയര്‍ ബുക്കിലാണ്‌ കണക്കുകളുള്ളത്‌.

ഹോങ്കോങില്‍ 98 പള്ളികളും 52 ഇടവകകളുമാണുള്ളത്‌. രണ്ട്‌ കര്‍ദ്ദിനാളന്മാരും സഹായമെത്രാനും ഉപമെത്രാനും ഓരോന്നു വീതവുമുണ്ട്‌. രൂപതയുടെ 68 ഉം 18 കോണ്‍ഗ്രിഗേഷനുകളില്‍ നിന്നായി 220 ഉം അടക്കം 288 വൈദീകരാണ്‌ ഹോങ്കോങിലുള്ളത്‌. 27 കോണ്‍ഗ്രിഗേഷനുകളില്‍ പെട്ട 469 സന്യാസികളും 58 സന്യാസ സഹോദരന്മാരും 25 സ്ഥിരം ഡീക്കന്മാരും 1,558 വേദോപദേശകരും 24 സെമിനാരിയന്‍സും 28 നോവീസുകളും(13 പുരുഷന്മാരും 15 സ്‌ത്രീകളും) 10,464 വേദോപദേശ പ്രചാരകന്മാരും പോങ്കോങിലുണ്ട്‌.

വിശ്വാസത്തിന്റെ ജീവസാക്ഷ്യം വഹിക്കുന്നത്‌ വ്യത്യസ്ഥ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വഴിയാണ്‌. ആരോഗ്യ രംഗത്തെ സേവനങ്ങള്‍ക്കായി 19 ആശുപത്രികളും പ്രത്യേക ക്ലിനിക്കുകളും 26 പുനരധിവാസ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌. 1,50,640 വിദ്യാര്‍ത്ഥികള്‍ക്കായി 249 കത്തോലിക്കാ സ്ഥാപനങ്ങള്‍ നടത്തുന്നു. 16,615 കത്തോലിക്കരായ വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്‌. ഇതിനു പുറമെ 14 വൃദ്ധസദനങ്ങളും 42 കുടുബസഹായ കേന്ദ്രങ്ങളും സേവന നിരതമാണ്‌.