India - 2025
ശിവഗംഗൈ രൂപതയുടെ പ്രഥമ മെത്രാൻ എഡ്വാര്‍ഡ് ഫ്രാന്‍സിസ് അന്തരിച്ചു
സ്വന്തം ലേഖകന്‍ 12-04-2017 - Wednesday
ശിവഗംഗൈ: തമിഴ്‌നാട്ടിലെ ശിവഗംഗൈ ലത്തീൻ രൂപതയുടെ സ്ഥാപകനും പ്രഥമ ബിഷപ്പുമായ റവ. എസ് എഡ്വാര്‍ഡ് ഫ്രാന്‍സിസ് ദിവംഗതനായി. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരിന്നു മരണം. മൃതസംസ്‌കാര ശുശ്രൂഷകള്‍ ഇന്ന്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കും. ശിവഗംഗ ബിഷപ്പ്സ് ഹൌസില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം സന്ദര്‍ശിക്കുവാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ എത്തികൊണ്ടിരിക്കുകയാണ്.
നിലവിലെ മെത്രാന്‍ ജെ സൂസൈമാണിക്യം മൃതസംസ്കാരശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. മൃതസംസ്കാരത്തോടനുബന്ധിച്ച സെന്റ് ജസ്റ്റിന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ക്യാമ്പസില്‍ പ്രത്യേക ബലിയര്‍പ്പണവും നടക്കും. തുടര്‍ന്നു മൃതദേഹം സെന്റ് അലന്‍ഗാര അണ്ണൈ കത്തീഡ്രലില്‍ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ സംസ്‌കരിക്കും.
മധുരയിലെയും ട്രിച്ചിയിലെയും സെമിനാരി പഠനത്തിന് ശേഷം 1957 മാര്‍ച്ച് 25നാണ് എഡ്വാര്‍ഡ് ഫ്രാന്‍സിസ് വൈദികനായത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം 1987ല്‍ മെത്രാനായി അഭിഷിക്തനായി. 18 വര്‍ഷം മെത്രാനായി സേവനം ചെയ്ത അദ്ദേഹം 2005-ല്‍ ആണ് വിരമിച്ചത്. തമിഴ്നാട് ബിഷപ്പ്സ് കൗണ്‍സില്‍ സെക്രട്ടറിയായും തമിഴ്നാട് ബൈബിൾ കമ്മീഷൻ സെക്രട്ടറിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
