India - 2025
ജീസസ് ഫ്രറ്റേണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരം: എഡിജിപി ആര്. ശ്രീലേഖ
സ്വന്തം ലേഖകന്‍ 11-05-2017 - Thursday
തിരുവനന്തപുരം: ജീസസ് ഫ്രറ്റേണിറ്റിയുടെ ഇടപെടലിലൂടെ മനപരിവർത്തനം വന്നു ശിക്ഷാ കാലാവധിക്കു ശേഷം മാന്യമായ ജീവിതം നയിക്കുന്ന നിരവധി പേര് ഇന്നു സമൂഹത്തില്‍ ഉണ്ടെന്ന് ജയിൽ എഡിജിപി ആർ. ശ്രീലേഖ. ജീസസ് ഫ്രറ്റേണിറ്റിയുടെ വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം നാലാഞ്ചിറ സെന്റ് മേരീസ് മലങ്കര മേജർ സെമിനാരി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എഡിജിപി.
ജീസസ് ഫ്രറ്റേണിറ്റിയുടെ ഇടപെടലിലൂടെ മനഃപരിവർത്തനം വന്നു ശിക്ഷാകാലാവധിക്കു ശേഷം മാന്യമായ ജീവിതം നയിക്കുന്ന നിരവധിപേർ ഇന്നു സമൂഹത്തിലുണ്ട്. സമൂഹത്തിനുവേണ്ടി ചെയ്യാൻ കഴിയുന്ന വലിയൊരു കാര്യമാണിത്. സ്വന്തം വീട്ടുകാർക്കു പോലും വേണ്ടാത്ത അവസ്ഥയിൽ അവർക്കു വേണ്ടി ജീസസ് ഫ്രട്ടേണിറ്റി നിലകൊള്ളുന്നുവെന്നത് വലിയൊരു സന്ദേശമാണ്. സംഘടനയുടെ പ്രവര്‍ത്തനം മഹത്തരമാണ്. ജീസസ് ഫ്രട്ടേണിറ്റിയുടെ ജയിൽ പ്രേഷിത ശുശ്രൂഷയിലൂടെ അനേകര്‍ക്ക് തെറ്റിൽ നിന്നു ശരിയിലേക്ക് നീങ്ങുന്നതിന് കഴിയട്ടെയെന്നു ശ്രീലേഖ ആശംസിച്ചു.
തടവറയിൽ കഴിയുന്നവർ അന്യരല്ലായെന്നും അവരെ മാന്യമായി സമൂഹത്തോടു ചേർക്കാനുള്ള പരിശ്രമമാണു ജീസസ് ഫ്രേട്ടേണിറ്റി നടത്തുതെന്നും തിരുവല്ല ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് പറഞ്ഞു. ജീസസ് ഫ്രറ്റേണിറ്റിയുടെ പ്രവർത്തനങ്ങൾക്ക് 100 മേനി ഫലമുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ജീസസ് ഫ്രറ്റേണിറ്റി സ്ഥാപക ഡയറക്ടർ ഫാ.വർഗീസ് കരിപ്പേരി സമാപന സന്ദേശം നൽകി. ഫാ.ഷാജി സ്റ്റീഫൻ സ്വാഗതം പറഞ്ഞു. ജയിൽ ഐജി ഗോപകുമാർ, സെൻട്രൽ ജയിൽ വെൽഫെയർ ഓഫീസർ ഒ.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു. ജീസസ് ഫ്രറ്റേണിറ്റി തിരുവനന്തപുരം സോണൽ ഡയറക്ടർ ഫാ.ജോണ്‍ അരീക്കൽ നന്ദിപ്രകാശനം നടത്തി.
