Meditation. - April 2025
സുവിശേഷവാക്യങ്ങളെക്കാള്‍ മഹത്തരമോ, ശ്രേഷ്ഠമോ, അമൂല്യമോ, ഉജ്ജ്വലമോ ആയ വേറൊരു പ്രബോധനവുമില്ല
സ്വന്തം ലേഖകന്‍ 30-04-2023 - Sunday
"ശിമയോൻ പത്രോസ് മറുപടി പറഞ്ഞു: കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട്" (യോഹ 6:68)
യേശു ഏകരക്ഷകൻ: ഏപ്രില്‍ 30
ഇന്ന് ലോകത്തിൽ പല വിധത്തിലുള്ള നിരവധി പ്രബോധനങ്ങൾ ലഭ്യമാണ്. എന്നാൽ ഏതാണ് ഏറ്റവും മഹത്തരമായ പ്രബോധനം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ; അത് സുവിശേഷ വാക്യങ്ങളാണ്. ലോകരക്ഷകനും, ഏകരക്ഷകനും, ദൈവവും കർത്താവുമായ യേശുക്രിസ്തു തന്‍റെ വാക്കുകളിലൂടെ നമ്മെ പഠിപ്പിക്കുകയും പ്രവൃത്തികളിലൂടെ നിറവേറ്റുകയും ചെയ്ത കാര്യങ്ങളാണവ. അതിനാൽ സുവിശേഷവാക്യങ്ങൾക്കു പകരം വയ്ക്കുവാൻ ലോകത്തിൽ മറ്റൊരു പ്രബോധനവുമില്ല എന്ന സത്യം നാം തിരിച്ചറിയണം.
വിശ്വസിക്കുന്ന ഏതൊരാള്‍ക്കും രക്ഷയ്ക്കുവേണ്ടിയുള്ള ദൈവികശക്തിയായ 'ദൈവവചനം' പുതിയനിയമ ഗ്രന്ഥങ്ങളില്‍ അതിമനോഹരമായി അവതരിപ്പിക്കപ്പെടുകയും അതിന്‍റെ ശക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഈ ലിഖിതങ്ങള്‍ ദൈവാവിഷ്ക്കരണത്തിന്‍റെ പരമമായ സത്യം നമുക്കു പകര്‍ന്നുതരുന്നു. അവയുടെ കേന്ദ്രപ്രമേയം, മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ യേശുക്രിസ്തുവും, അവിടുത്തെ പ്രവൃത്തികളും പ്രബോധനവും പീഡാനുഭവവും മഹത്വീകരണവും, ആത്മാവിന്‍റെ നിയന്ത്രണത്തില്‍ രൂപംകൊണ്ട അവിടുത്തെ സഭയുടെ സമാരംഭവുമാണ്.
നമ്മുടെ രക്ഷകനായ 'അവതീര്‍ണവചനത്തിന്‍റെ' ജീവിതം, പ്രബോധനം എന്നിവയെ സംബന്ധിച്ചുള്ള മുഖ്യ സാക്ഷ്യം എന്ന നിലയില്‍" സുവിശേഷങ്ങള്‍ വിശുദ്ധ ലിഖിതങ്ങള്‍ മുഴുവന്‍റെയും ഹൃദയമാണ്. സുവിശേഷത്തിന്റെ രൂപവത്ക്കരണത്തില്‍ വ്യത്യസ്തങ്ങളായ മൂന്നു ഘട്ടങ്ങള്‍ കാണുവാന്‍ നമുക്കു കഴിയും:
1. യേശുവിന്‍റെ ജീവിതവും പ്രബോധനവും: നസ്രത്തിലെ യേശു ചരിത്രത്തിൽ ജീവിച്ച ഒരു വ്യക്തിയാണ്. ദൈവപുത്രനായ അവിടുന്ന് സ്വര്‍ഗാരോഹണം ചെയ്ത നാള്‍ വരെ മനുഷ്യരുടെയിടയില്‍ ജീവിച്ചിരുന്നപ്പോള്‍, മനുഷ്യരുടെ നിത്യരക്ഷയ്ക്കുവേണ്ടി അവിടുന്ന് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചതും പഠിപ്പിച്ചതുമായ കാര്യങ്ങള്‍ വിശ്വസ്തതാപൂര്‍വ്വം സുവിശേഷങ്ങള്‍ നമുക്കു പകര്‍ന്നുതരുന്നു.
2. വാചിക പാരമ്പര്യം: യേശു പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ കാര്യങ്ങള്‍, അവിടുത്തെ സ്വര്‍ഗാരോഹണശേഷം അപ്പസ്തോലന്മാര്‍ തങ്ങളുടെ ശ്രോതാക്കള്‍ക്കു കൈമാറി. യേശുക്രിസ്തുവിനെ സംബന്ധിച്ച മഹത്വപൂര്‍ണ്ണമായ കാര്യങ്ങളാല്‍ ഉദ്ബുദ്ധരായും, സത്യാത്മാവിന്‍റെ പ്രകാശത്തില്‍ പ്രബുദ്ധരായും തങ്ങള്‍ കൈവരിച്ച സ്വർഗ്ഗീയ ജ്ഞാനത്തോടു കൂടിയാണ് അവര്‍ ഇതു നിര്‍വഹിച്ചത്.
3. ലിഖിത സുവിശേഷങ്ങള്‍: വിശുദ്ധഗ്രന്ഥകാരന്മാര്‍ നാലു സുവിശേഷങ്ങള്‍ രചിച്ചപ്പോള്‍ വാമൊഴിയായോ ലിഖിതരൂപത്തിലോ പ്രചാരത്തില്‍വന്ന അനേകം കാര്യങ്ങളില്‍ ചിലതു തിരഞ്ഞെടുക്കുകയും, ചിലതു സംഗ്രഹിച്ചു സമന്വയിപ്പിക്കുകയും, ചിലതു തങ്ങളുടെ സഭകളുടെ പ്രത്യേക സാഹചര്യം പരിഗണിച്ചു വിശദീകരിക്കുകയും ചെയ്തു. ഇവയിലെല്ലാം സുവിശേഷപ്രഘോഷണരൂപം നിലനിറുത്തിയും അതേ സമയം യേശുവിനെക്കുറിച്ച് എപ്പോഴും യഥാര്‍ത്ഥവും സത്യസന്ധവുമായ കാര്യങ്ങള്‍ അറിയിച്ചുകൊണ്ടുമാണ് അവര്‍ സുവിശേഷങ്ങള്‍ രചിച്ചത്.
ലോകത്തിലെ മറ്റ് പ്രബോധനങ്ങളെല്ലാം നിർജ്ജീവമായ അക്ഷരങ്ങളായി നിന്നുകൊണ്ട് മനുഷ്യനോട് മാറ്റം ആവശ്യപ്പെടുന്നു. എന്നാൽ സുവിശേഷത്തിന് അതിനുള്ളിൽ തന്നെ ശക്തിയുണ്ട്- മനുഷ്യനെ രൂപാന്തരപ്പെടുത്താനും സാഹചര്യങ്ങളെ മാറ്റിമറിക്കാനുമുള്ള ശക്തി. യേശുക്രിസ്തു ശരീരം ധരിച്ച വചനമായ ദൈവം തന്നെയാകയാല്‍ സുവിശേഷം വായിക്കുന്ന ഓരോരുത്തരിലേക്കും അവനില്‍ നിന്നുള്ള ശക്തി ഒഴുകുന്നു. അതിനാൽ സുവിശേഷവാക്യങ്ങളെക്കാള്‍ മഹത്തരമോ, ശ്രേഷ്ഠമോ, അമൂല്യമോ, ഉജ്ജ്വലമോ ആയ വേറൊരു പ്രബോധനവുമില്ല.
വിചിന്തനം
നമ്മുടെ ജീവിതത്തിനാവശ്യമായ പ്രബോധനങ്ങൾ തേടി നാം ആരുടെ അടുത്തേക്കാണ് പോകുന്നത്? ഈ ലോകജീവിതത്തിൽ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന ധാരാളം പ്രബോധന ഗ്രന്ഥങ്ങൾ ഇന്ന് ലഭ്യമാണ്. സോഷ്യൽ മീഡിയയിലൂടെ ഓരോ ദിവസവും ധാരാളം പ്രബോധനങ്ങൾ നമ്മുക്കു ലഭിക്കുന്നു. ഇവയിൽ ചില പ്രബോധനങ്ങൾ നമ്മുടെ ജീവിതത്തിൽ ചെറിയ നേട്ടങ്ങൾ സമ്മാനിച്ചേക്കാം. മറ്റു ചില പ്രബോധനങ്ങൾ നമ്മെ നാശത്തിലേക്കു നയിക്കുന്നവയുമാണ്. ഈ പ്രബോധനകളെല്ലാം ബലഹീനനാരായ മനുഷ്യരിൽ നിന്നുള്ളവയാണ്. അതിനാൽ തന്നെ അവയ്ക്കു പരിമിതികളുണ്ട്.
മനുഷ്യനായി പിറന്ന് ഈ ഭൂമിയിൽ ജീവിച്ച്, മരിച്ച് ഉത്ഥാനം ചെയ്ത ദൈവപുത്രനായ യേശുക്രിസ്തുവിനു മാത്രമേ നമ്മുടെ നമ്മുടെ ഈ ലോകജീവിതത്തിനും, മരണാന്തര ജീവിതത്തിനും ആവശ്യമായ പ്രബോധനങ്ങൾ അതിന്റെ പൂർണ്ണതയിൽ നൽകാൻ സാധിക്കൂ. കാരണം അവിടുന്നു മാത്രമേ നമ്മുടെ ജീവിതത്തെ പൂർണ്ണമായി അറിയുന്നുള്ളൂ. അതിനാൽ പത്രോസിനെപ്പോലെ നമ്മുക്കും പറയാം: 'കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെ പക്കലാണല്ലോ ഉള്ളത്'
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
