India - 2025
ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ പരിഹാരം കാണാന്‍ ആവശ്യപ്പെട്ടു കൊണ്ട് സഭാദ്ധ്യക്ഷന്മാര്
സ്വന്തം ലേഖകന്‍ 03-06-2017 - Saturday
കൊച്ചി: രാജ്യത്തു ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കും സ്ഥാപനങള്‍ക്കും നേരെയുള്ള അക്രമങ്ങളില്‍ പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ സഭാധ്യക്ഷമാര്. കൂടികാഴ്ചക്കെത്തിയ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായോടാണു സഭാധ്യക്ഷന്മാര് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു കേന്ദ്രം ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്നും സഭാധ്യക്ഷന്മാര് ആവശ്യപ്പെട്ടു.
ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രമങ്ങള്‍ നടക്കുന്നതില്‍ ക്രൈസ്തവസഭകള്‍ക്ക് ആശങ്കയുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണം നല്കാന് കേന്ദ്രസര്‍ക്കാരിനു കടമയുണ്ട്. ഒരു വര്‍ഷമായി ഭീകരരുടെ പിടിയിലുള്ള ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണം. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലയോരമേഖലകളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കണം.
മത്സ്യബന്ധന തൊഴിലാളികളുടെ ജീവനും സ്വത്തിനും ആവശ്യമായ സംരക്ഷണം നല്‍കണം. ദരിദ്രരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന ക്രൈസ്തവസഭകളുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അമിത് ഷാ സഭാധ്യക്ഷന്മാരെ അറിയിച്ചു.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ജോസഫ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, തൊഴിയൂര്‍ മലബാര്‍ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷന് സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത എന്നിവരും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കൊപ്പം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
വരാപ്പുഴ വികാരി ജനറാള്‍ മോണ്‍. മാത്യു കല്ലിങ്കല്‍, സീറോ മലബാര്‍ സഭാ മുഖ്യവക്താവ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, സിഎംഐ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഫാ. സാജു മാടവനക്കാട്ട്, വരാപ്പുഴ അതിരൂപത പിആര്‍ഒ ഫാ. ആന്റണി വിപിന്‍ എന്നിവരും ചര്‍ച്ചകളില്‍ സന്നിഹിതരായിരിന്നു.
