India - 2025
പുതുവൈപ്പിനില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വിവേകപൂര്‍ണ്ണമായ സമീപനം ഉണ്ടാകണം: കര്‍ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 19-06-2017 - Monday
കൊച്ചി: പുതുവൈപ്പിലെ പാചകവാതക സംഭരണ കേന്ദ്രം ഉയര്‍ത്തുന്ന ആശങ്കകള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ നടത്തുന്ന സമരത്തെ മര്‍ദ്ദനമുറകളിലൂടെ അടിച്ചമര്‍ത്തുന്ന ശൈലി സര്‍ക്കാരിനു ഭൂഷണമല്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വിവേകപൂര്‍ണ്ണമായ സമീപനം ഉണ്ടാകണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആവശ്യമായ നിയമനടപടികള്‍ പാലിക്കാതെയാണു പ്ലാന്റിന്റെ നിര്‍മാണമെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തികച്ചും സാധാരണക്കാരായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പുതുവൈപ്പ് മേഖലയില്‍ പാചക വാതക സംഭരണ കേന്ദ്രം നിര്‍മ്മിക്കുന്നതു സംബന്ധിച്ചു ജനങ്ങളിലുണ്ടായിട്ടുള്ള ആശങ്കകള്‍ ശാശ്വതമായി പരിഹരിക്കപ്പെടണം.പദ്ധതി തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്നത് എന്ന നിലയിലാണു ജനങ്ങള്‍ സംഘടിതരായി സമരരംഗത്തേക്കിറങ്ങിയിട്ടുള്ളത്. 120 ദിവസം പിന്നിട്ട സമരത്തിലൂടെ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്.
കടല്‍ത്തീരത്തു ജനവാസമേഖലയില്‍ വലിയ അളവില്‍ പാചകവാതകം സംഭരിക്കുന്നതും വാഹനങ്ങളിലേക്കു പകര്‍ത്തുന്നതും നിര്‍ദിഷ്ട പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നാണു മനസിലാക്കുന്നത്. സ്വാഭാവികമായും ഇതുയര്‍ത്തുന്ന അപകടസാധ്യതകള്‍ പ്രദേശവാസികളില്‍ ഭീതിയുണര്‍ത്തും. ആവശ്യമായ നിയമനടപടികള്‍ പാലിക്കാതെയാണു പ്ലാന്റിന്റെ നിര്‍മാണമെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്ന ഒരു സമരത്തെ നിര്‍ദയമായി അടിച്ചമര്‍ത്തുന്നതു ജനാധിപത്യത്തിനു പോലും വെല്ലുവിളിയുയര്‍ത്തുന്നു. ജനകീയമായ ഒരു സമരത്തിനു നേരെ പോലീസ് നടത്തുന്ന മര്‍ദനത്തില്‍ വീണുപോകുന്നവരുടെയും ചോരചിന്തുന്നവരുടെയും കാഴ്ചകള്‍ ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. പുതുവൈപ്പില്‍ സമാധാനമുണ്ടാകണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കൂടുതല്‍ വിവേകത്തോടെയുള്ള സമീപനമാണ് ഉണ്ടാകേണ്ടതെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
