India - 2025
സന്തോഷത്തോടൊപ്പം സങ്കടങ്ങളും അറിയിച്ച് കൊണ്ട് കുട്ടികളെ വളര്‍ത്തണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സ്വന്തം ലേഖകന്‍ 07-07-2017 - Friday
കൊച്ചി: കുടുംബങ്ങളിലെ സന്തോഷത്തോടൊപ്പം സങ്കടങ്ങളും അറിയിച്ചുകൊണ്ടുതന്നെ കുട്ടികളെ വളർത്താൻ മാതാപിതാക്കൾ ജാഗ്രത കാണിക്കണമെന്ന് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. കെസിഎസ്എലിന്റെ സംസ്ഥാനതല പ്രവർത്തനവർഷ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. മറ്റുള്ളവരുടെ വേദന മനസിലാക്കുക മാത്രമല്ല ആ ജീവിത അവസ്ഥകളോടു ക്രിസ്തീയമായി പ്രതികരിക്കുവാനുള്ള മനസാന്നിധ്യവും കുട്ടികൾക്കു പകർന്നു നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പാഠപുസ്തകങ്ങളിലെ ജീവിത ചിത്രങ്ങളോടൊപ്പം യഥാർഥ ജീവിതവും കുട്ടികളെ പരിചയപ്പെടുത്താൻ അധ്യാപകരും ശ്രദ്ധിക്കണം. കുട്ടികളെ ജീവിത യാഥാർഥ്യങ്ങൾ പരിചയപ്പെടുത്തുന്നത് അവരെ തളർത്താനല്ല; ഏതു പ്രതിസന്ധിയിലും ജീവിക്കുവാനുള്ള ആത്മവിശ്വാസം വളർത്താനാണ്. ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
സമ്മേളനത്തില്‍ കെസിഎസ്എലിന്റെ സംസ്ഥാന പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ ഡയറക്ടറർ ഫാ. തോംസണ്‍ പഴയചിറപീടികയിൽ, ജനറൽ ഓർഗനൈസർ സിറിയക് നരിത്തൂക്കിൽ, പാലാ രൂപത ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ, കെ.ജെ. സാലി, സിസ്റ്റർ ഡോ. ജാൻസമ്മ തോമസ്, സ്റ്റുഡന്റ് ചെയർമാൻ ജോസി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.