India - 2025
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 19 മുതല്‍
സ്വന്തം ലേഖകന്‍ 03-07-2017 - Monday
കോട്ടയം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോസാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി. ജൂലൈ 19 മുതൽ 28 വരെ 10 ദിവസങ്ങളിലാണു തിരുനാൾ ആഘോഷം. കഴിഞ്ഞ വര്‍ഷങ്ങളിലെ പതിവ് തുടര്‍ന്നു തികച്ചും ലളിതമായാണ് ഈ വർഷവും തിരുനാൾ ആഘോഷം. എല്ലാ ദിവസവും വൈകുന്നേരം 6.30നു ഭക്തിനിർഭരമായ ജപമാല മെഴുകുതിരി പ്രദക്ഷിണവും നടക്കും.തിരുനാൾ ദിവസങ്ങളിൽ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകളിൽനിന്നുള്ള ബിഷപ്പുമാർ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.
19ന് രാവിലെ 10.45ന് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റും. 11ന് മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിക്കും. 20ന് രാവിലെ 11ന് ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, 21നു ബിഷപ് മാർ പോളി കണ്ണൂക്കാടൻ, 22ന് ബിഷപ് മാർ റാഫേൽ തട്ടിൽ, 23ന് ബിഷപ് മാർ മാത്യു അറയ്ക്കൽ, 24ന് ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. 26ന് രാവിലെ 8.30ന് ബിഷപ് ജെസുസൈൻ മാണിക്യം വിശുദ്ധ കുർബാന അർപ്പിക്കും. 11നു സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.
27നു രാവിലെ 11ന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം അഞ്ചിനു ബിഷപ് മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ ഇടവക ദൈവാലയത്തിൽ വിശുദ്ധ കുർബാന. 6.30ന് മഠം ചാപ്പലിലേക്ക് ജപമാല മെഴുകുതിരി പ്രദക്ഷിണം. തിരുനാൾ ദിനമായ 28ന് രാവിലെ ആറിനു തീർഥാടന കേന്ദ്രം റെക്ടർ ഫാ. മാത്യുചന്ദ്രൻകുന്നേൽ അൽഫോൻസാ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കും. തീർഥാടന കേന്ദ്രത്തിലെത്തുന്ന എല്ലാവർക്കും ഉണ്ണിയപ്പം നേർച്ചയായി നൽകും.
7.30ന് ഇടവക ദേവാലയത്തിൽ ബിഷപ് മാർ ജോസഫ് പള്ളിക്കാപ്പറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. 10ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകും. 12ന് തിരുനാൾ ജപമാല പ്രദക്ഷിണം. തിരുനാളിനോടനുബന്ധിച്ച് വിവിധ ഇടവകകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിലുള്ള അൽഫോൻസാ തീർഥാടനങ്ങൾ 14 മുതൽ ആരംഭിക്കും. 14ന് മാതൃജ്യോതി പാലാ രൂപത, 22ന് ഫ്രാൻസിസ്കൻ അത്മായ സഭ, 23ന് ചെങ്ങളം ഇടവക, 26ന് പൂഞ്ഞാർ ഇടവക എന്നിവരുടെ നേതൃത്വത്തിലാണ് തീർഥാടനങ്ങൾ.
വിശുദ്ധയുടെ ജീവിത ചരിത്രം വിവരിക്കുന്ന ലഘുചിത്രം തീർഥാടനകേന്ദ്രത്തോടു ചേർന്നുള്ള കെട്ടിടത്തിൽ എല്ലാ ദിവസവും പ്രദർശിപ്പിക്കുന്നുണ്ട്. തീർഥാടകർക്കായി താമസസൗകര്യം, വിശ്രമകേന്ദ്രം, വാഹന പാർക്കിംഗ്, കാന്റീൻ, ഭക്തസാധനങ്ങൾ വാങ്ങുവാനുള്ള സൗകര്യം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. തീർഥാടന ദേവാലയത്തിനുസമീപം പാർക്കിംഗ് ഗ്രൗണ്ടിനോടു ചേർന്നു സംസ്ഥാന പാതയ്ക്കു സമാന്തരമായി സ്ഥിതിചെയ്യുന്ന അൽഫോൻസ ടവറിലാണു കാന്റീൻ പ്രവർത്തിക്കുന്നത്.
സന്ദർശനത്തിനെത്തുന്ന വിശ്വാസികൾക്കു എല്ലാവിധ സൗകര്യങ്ങളും തീർഥാടനകേന്ദ്രത്തിന്റെയും ഇടവകസമൂഹത്തിന്റെയും നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ടെന്നു തീർഥാടന കേന്ദ്രം റെക്ടർ ഫാ. മാത്യു ചന്ദ്രൻ കുന്നേൽ പറഞ്ഞു.
