News

1000 കഷണങ്ങള്‍ സംയോജിപ്പിച്ച് വിശുദ്ധ കാർളോ അക്യുട്ടിസിന്റെ മൊസൈക് ഛായാചിത്രം ശ്രദ്ധ നേടുന്നു

പ്രവാചകശബ്ദം 10-09-2025 - Wednesday

റോം: വിശുദ്ധ കാർളോ അക്യുട്ടിസിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ കളിപ്പാട്ട വസ്തുക്കള്‍, പട്ടാളക്കാർ, ഷൂലേസുകൾ, മറ്റ് വസ്തുക്കള്‍ എന്നിവകൊണ്ട് നിർമ്മിച്ച വിശുദ്ധന്റെ ഛായാചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. 1000 കഷണങ്ങള്‍ സംയോജിപ്പിച്ചുള്ള മൊസൈക് ഛായാചിത്രമാണ് ആർട്ടിസ്റ്റ് ജോണി വർബ എന്ന യുവകലാകാരന്‍ ഒരുക്കിയിരിക്കുന്നത്. ഓരോ രൂപത്തിനും, ഓരോ കളിപ്പാട്ടത്തിനും, കഷണത്തിൽ ഒട്ടിച്ചിരിക്കുന്ന ഓരോ വസ്തുവിനും ഓരോ അർത്ഥവും ലക്ഷ്യവുമുണ്ടെന്നും വിശുദ്ധ കാർളോ അക്യുട്ടിസിന്റെ വ്യത്യസ്ത രൂപം ഒരുക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജോണി വർബ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

2020-ൽ, ജോണി ചൈനയിലെ ഷാങ്ഹായിലേക്ക് വിദേശ പഠന യാത്രയ്ക്കു തയാറെടുക്കുന്നതിനിടെയാണ് കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടത്. യാത്ര ആസൂത്രണം ചെയ്തതുപോലെ നടന്നില്ല, പക്ഷേ ജീവിതത്തില്‍ അനിശ്ചിതത്വം ഉണ്ടായിരിന്ന ആ സമയത്ത് താന്‍ ആദ്യമായി കർത്താവിനെ കണ്ടുമുട്ടിയത് വളരെ ശക്തമായ രീതിയിലാണെന്ന് ജോണി പറയുന്നു. ആ അനുഭവത്തിനുശേഷം, വർബ വിവിധ മിഷ്ണറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിന്നു. സ്കൂളിൽ പഠിക്കുമ്പോൾ ഏതാനും കലാസൃഷ്ടികൾ ഒരുക്കി. അവ ശ്രദ്ധ നേടിയിരിന്നു. പെയിന്റിംഗും ചെറിയ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതും അദ്ദേഹം എപ്പോഴും ആസ്വദിച്ചിരുന്നു.

ഇതില്‍ നിന്നാണ് ചിത്രരചനയും ശിൽപങ്ങളും സംയോജിപ്പിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന ചിന്ത മനസില്‍ ഉടലെടുക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ആദ്യ ശ്രമത്തില്‍ തന്നെ വർബ വിശ്വാസവും കലയും സംയോജിപ്പിച്ച് യേശുവിന്റെ രണ്ട് ഛായാചിത്രങ്ങളാല്‍ മുള്ളുകളുടെ കിരീടം സൃഷ്ടിച്ചു. കാനായിലെ യേശുവിന്റെ അത്ഭുതത്തെ വൈൻ അടപ്പുകള്‍ കൊണ്ടാണ് അദ്ദേഹം നിർമ്മിച്ചത്. ഇത്തരത്തില്‍ വിവിധ കലാസൃഷ്ടികള്‍ക്കിടെയാണ് ഒരു സുഹൃത്ത് കാര്‍ളോ അക്യുട്ടിസിനെക്കുറിച്ച് പറഞ്ഞതെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

കാര്‍ളോയെ കുറിച്ച് കൂടുതല്‍ മനസിലാക്കുവാന്‍ ശ്രമിച്ചപ്പോള്‍ തന്റെ ഉള്ളില്‍ വിശുദ്ധനോടുള്ള സ്നേഹം വളരുകയായിരിന്നുവെന്ന് ഈ കലാകാരന്‍ പറയുന്നു. വിശ്വാസത്തെ മുറുകെ പിടിച്ച് സാങ്കേതികവിദ്യയിലും ചിത്രീകരണത്തിലും വളരെ സാധാരണക്കാരനായി വര്‍ത്തിച്ച അസാധാരണക്കാരനായ ഒരു വിശുദ്ധനാണ് കാര്‍ളോയെന്ന്‍ മനസിലാക്കിയെന്നും വർബ വെളിപ്പെടുത്തി. മൊസൈക്ക് സൃഷ്ടിക്കുന്നത് എളുപ്പമുള്ള കാര്യമല്ലായിരുന്നു. ആയിരക്കണക്കിന് ഗുണനിലവാരമുള്ള സൈനികരെയും കളിപ്പാട്ടങ്ങളെയും കണ്ടെത്തി പെയിന്റ് ചെയ്യേണ്ടിവന്നു, ഓരോന്നും കൃത്യമായി ഒട്ടിക്കേണ്ടിവന്നു. അതിന്റെ ഫലമായാണ് "ആദ്യ മില്ലേനിയൽ സെയിന്റ്" എന്ന 45 പൗണ്ട് ഭാരമുള്ള മൊസൈക്ക് കലാസൃഷ്ടി ഒരുക്കിയതെന്നും ആർട്ടിസ്റ്റ് ജോണി വർബ പറയുന്നു. ഇദ്ദേഹം ഒരുക്കിയ കലാസൃഷ്ടിക്ക് നിരവധി പേരാണ് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നുക്കൊണ്ടിരിക്കുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »