News

വിശുദ്ധ കാര്‍ളോ അക്യുട്ടിസ്; മക്കളെ കാത്തിരിക്കുന്ന ദമ്പതികളുടെ മധ്യസ്ഥന്‍?

പ്രവാചകശബ്ദം 11-09-2025 - Thursday

"ദൈവത്തെ സ്വാധീനിച്ചവന്‍" - വിശുദ്ധ കാര്‍ളോ അക്യുട്ടിസിന്റെ വിശുദ്ധ പദവിയുമായി ബന്ധപ്പെട്ട വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഏറ്റവും അധികം വിശേഷണം നല്‍കിയത് ഇപ്രകാരമായിരിന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങും അതില്‍ പങ്കുചേര്‍ന്ന കാര്‍ളോയുടെ കുടുംബവും മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. കാർളോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പിതാവ് ആൻഡ്രിയ അക്യുട്ടിസ്, അമ്മ അൻ്റോണിയ സൽസാനോ, സഹോദരി അന്റോണിയ അക്യുട്ടിസ്, ഇളയ സഹോദരൻ മിഷേൽ അക്യുട്ടിസ് എന്നിവരും മറ്റു കുടുംബാംഗങ്ങളും മുന്‍ നിരയില്‍ തന്നെ സന്നിഹിതരായിരുന്നു.

നാമകരണ തിരുക്കര്‍മ്മങ്ങളില്‍ ഇളയ സഹോദരന്‍ മിഷേലാണ് ആദ്യ വായന നടത്തിയത്. വിശുദ്ധ കാര്‍ളോയുടെ ഇരട്ട സഹോദരങ്ങളായിരിന്നു മാധ്യമങ്ങളുടെ മുഖ്യ ശ്രദ്ധാകേന്ദ്രവും. തങ്ങള്‍ ജീവിച്ചിരിക്കെ തന്നെ സ്വന്തം സഹോദരൻ ഒരു വിശുദ്ധനായി ഉയര്‍ത്തപ്പെടുക എന്ന അത്യഅപൂര്‍വ്വ ഭാഗ്യമാണ് അവര്‍ക്ക് ലഭിച്ചത്. പിതാവ് ആൻഡ്രിയ അക്യുട്ടിസ്- അമ്മ അൻ്റോണിയ സൽസാനോ ദമ്പതികള്‍ക്ക് കാര്‍ളോയെ കൂടാതെ മറ്റ് മക്കള്‍ ഉണ്ടായിരിന്നില്ല.

കാർളോ ജീവിച്ചിരുന്നപ്പോൾ, അവൻ ഏക മകനായിരുന്നു, എന്നിരുന്നാലും അവന്റെ അമ്മ കൂടുതൽ കുട്ടികളെ ആഗ്രഹിച്ചിരിന്നു. 2006-ൽ കാര്‍ളോയുടെ മരണശേഷം, ഇനി കുട്ടികളുണ്ടാകില്ലായെന്നായിരിന്നു അവരുടെ ധാരണ. പ്രായം തന്നെയായിരിന്നു വില്ലന്‍. ദത്തെടുക്കുന്നത് ആയിരിയ്ക്കും ഉചിതമെന്ന് കാര്‍ളോയുടെ അമ്മ കരുതി. അങ്ങനെ കാര്‍ളോയുടെ പിതാവ് ആൻഡ്രിയ അക്യുട്ടിസും അമ്മ അന്‍റോണിയ സൽസാനോയും ദത്തെടുക്കല്‍ നടപടിയിലേക്ക് നീങ്ങുകയായിരിന്നു. ഇറ്റലിയിലെ ദത്തെടുക്കൽ പ്രക്രിയ സാധാരണ നാലോ അഞ്ചോ വർഷം നീളുന്നതായിരിന്നു.

ഇതിനിടെയാണ് ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു അനുഭവം ഉണ്ടാകുന്നത്. അമ്മ അൻ്റോണിയ സൽസാനോയ്ക്കു ഉണ്ടായ ഒരു സ്വപ്നമായിരിന്നു എല്ലാറ്റിന്റെയും അടിസ്ഥാനം. കാര്‍ളോയായിരിന്നു അമ്മയ്ക്ക് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടത്. “വീണ്ടും ഒരു അമ്മയാകാൻ പോകുന്നു" എന്ന് കാര്‍ളോ തന്നോടു പറയുകയായിരിന്നുവെന്ന് അന്‍റോണിയ സൽസാനോ വെളിപ്പെടുത്തുന്നു. സ്വപ്നത്തിന് തൊട്ടുപിന്നാലെ, അസാധ്യമെന്നു വിലയിരുത്തിയ അവൾ ഗർഭിണിയാണെന്ന് കണ്ടെത്തി.

കാര്‍ളോ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത് 2006 ഒക്ടോബർ 12-നായിരിന്നു. കാർളോ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട് കൃത്യം നാല് വർഷം കഴിഞ്ഞപ്പോൾ, 2010 ഒക്ടോബർ 12-നാണ് അമ്മ അന്റോണിയ സല്‍സാനയ്ക്കും ഭർത്താവ് ആൻഡ്രിയയ്ക്കും ഇരട്ട കുഞ്ഞുങ്ങളെ ലഭിച്ചത്. അതും മകന്‍ വിടവാങ്ങിയ ദിനത്തിന്റെ വാര്‍ഷികത്തില്‍. കാര്‍ളോയുടെ വിശുദ്ധിയുടെ തേജസ്സ് കുടുംബത്തിലേക്ക് തന്നെ ഒഴുകിയതിന്റെ ആദ്യ അടയാളമായിരിന്നു അത്. അമ്മയ്ക്ക് പ്രായം 44, അസാധ്യമെന്ന് വിലയിരുത്തിയ കാലത്ത് കാര്‍ളോയുടെ മാതാപിതാക്കള്‍ക്ക് ലഭിച്ചതോ ഇരട്ടകളെ..!

ദത്തെടുക്കലിന് ശ്രമിക്കുമ്പോള്‍ തന്നെ അമ്മയാകാന്‍ പോകുന്നുവെന്ന ദര്‍ശനവും മരണവാര്‍ഷിക ദിനത്തിലുള്ള ഇരട്ടകളുടെ ജനനവും കൂടി കണക്കിലെടുക്കുമ്പോള്‍ മക്കളില്ലാത്ത, മക്കള്‍ ഉണ്ടാകാന്‍ കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് വേണ്ടിയുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിശുദ്ധന്‍ എന്ന്‍ കാര്‍ളോയെ വിശേഷിപ്പിക്കുന്നവരും നിരവധിയാണ്. വേദനകളിലൂടെ കടന്നുപോകുന്ന നിരവധി ദമ്പതികള്‍ നമ്മുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് വേണ്ടി "ദൈവത്തെ സ്വാധീനിച്ചവന്‍" - വിശുദ്ധ കാര്‍ളോയുടെ മാദ്ധ്യസ്ഥം നമ്മുക്കും തേടാം.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »