News

"എന്റെ മകന്റെ വിശുദ്ധ പാത പിന്തുടരുവാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ...!": വിശുദ്ധ കാര്‍ളോയുടെ അമ്മ സൽസാനോ

പ്രവാചകശബ്ദം 10-09-2025 - Wednesday

വത്തിക്കാന്‍ സിറ്റി: തന്റെ മകന്റെ വിശുദ്ധ പാത പിന്തുടരുവാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണെന്ന് വിശുദ്ധ കാര്‍ളോ അക്യുട്ടിസിന്‍റെ അമ്മ അന്റോണിയ സൽസാനോ. വിശുദ്ധ പദവിയ്ക്കു പിന്നാലെയാണ് അമ്മയുടെ പ്രതികരണം. ചെറുപ്പം മുതൽ കാര്‍ളോ കാത്തുസൂക്ഷിച്ച ദിവ്യകാരുണ്യ ഭക്തിയും, പ്രാർത്ഥനാജീവിതവും ഇന്ന് അനേകർക്ക് മാനസാന്തരത്തിന്റെ പാത തുറന്നുകൊടുക്കുന്നതിലുള്ള സന്തോഷം വിശുദ്ധ കാര്‍ളോയുടെ അമ്മ പങ്കുവച്ചു. കാർളോ നിരവധി ഹൃദയങ്ങളെ സ്പർശിക്കുന്നുവെന്നും അവൻ യേശുവിലേക്കുള്ള ഒരു പാലമാണെന്നും അന്റോണിയ അനുസ്മരിച്ചു.

തന്റെ മാതൃകയിലൂടെയും, പങ്കുവയ്ക്കുന്ന വിശ്വാസത്തിലൂടെയും, കാർളോ നിരവധി ഹൃദയങ്ങളെയും ജീവിതങ്ങളെയും സ്പർശിക്കുന്നുണ്ട്. അത് തങ്ങൾക്ക് ഏറെ സന്തോഷം പ്രദാനം ചെയ്യുന്നു. കച്ചേരിയും ഫുട്ബോൾ മത്സരവും കാണാന്‍ ആളുകളുടെ മൈലുകൾ നീളമുള്ള വരികളുണ്ടെങ്കിലും, കർത്താവിങ്കലേക്കുള്ള വരികളിൽ ആളുകൾ ഇല്ലാത്തത് കാർളോയുടെ വലിയ വിഷമങ്ങളിൽ ഒന്നായിരുന്നു. അതിനാൽ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം ആളുകൾ മനസ്സിലാക്കുന്നതിന് ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള പ്രദർശനത്തിനായി കാർളോ, രാപകൽ അധ്വാനിക്കുമായിരിന്നുവെന്ന് അമ്മ പറയുന്നു.

കാർളോയുടെ മാധ്യസ്ഥം വഴി ഏവർക്കും ലഭിക്കുന്ന നിരവധിയായ അനുഗ്രഹങ്ങളില്‍ വിശ്വാസികൾ ഏറെ സന്തോഷിക്കുന്നുവെന്നും അമ്മ പറഞ്ഞു. ഈ വിശുദ്ധ പദവി എല്ലാ വിശ്വാസികൾക്കും, പ്രത്യേകമായി, ചൈന, ജപ്പാൻ, വടക്കേ അമേരിക്ക ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലുള്ളവർക്ക് കൂടുതല്‍ ഫലങ്ങൾ നൽകുമെന്നും അമ്മ പ്രത്യാശ പ്രകടിപ്പിച്ചു. നാമകരണ ചടങ്ങിൽ, കാർളോയുടെ മാതാപിതാക്കളും, സഹോദരങ്ങളും സന്നിഹിതരായിരുന്നു. മകന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് മാതാപിതാക്കള്‍ സാക്ഷികളാകുകയെന്ന തിരുസഭ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവത്തിനു കൂടിയാണ് കഴിഞ്ഞ ഞായറാഴ്ച വത്തിക്കാന്‍ സാക്ഷ്യം വഹിച്ചത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »