Meditation. - June 2025

നാം വെറുതെ വിശ്വസിക്കുക മാത്രം ചെയ്‌താല്‍ പോരാ; അത് പ്രചരിപ്പിക്കുക കൂടി ചെയ്യണം

സ്വന്തം ലേഖകന്‍ 10-06-2025 - Tuesday

"മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും" (മത്താ 10: 32-33).

യേശു ഏകരക്ഷകൻ: ജൂണ്‍ 10
ക്രിസ്തുവിന്‍റെ ശിഷ്യന്‍ വിശ്വാസത്തിൽ നിലനിൽക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്‌താല്‍ മാത്രം പോരാ. അത് ഏറ്റുപറയുകയും ഉറപ്പോടെ അതിനു സാക്ഷ്യം വഹിക്കുകയും അത് പ്രചരിപ്പിക്കുകയും കൂടി ചെയ്യണം. മനുഷ്യരുടെ മുന്‍പില്‍ ക്രിസ്തുവിനെ ഏറ്റുപറയാനും, സഭയ്ക്ക് നിരന്തരമുണ്ടാകുന്ന പീഡനങ്ങളുടെ മധ്യേ കുരിശിന്‍റെ പാതയില്‍ അവിടുത്തെ പിന്തുടരാനും എല്ലാവരും സന്നദ്ധരായിരികണം. ക്രിസ്‌തുവിൽ വിശ്വസിക്കുന്നതുകൊണ്ടു മാത്രം നമ്മുടെ ദൗത്യം പൂർത്തിയാകുന്നില്ല. വിശ്വാസത്തിന്‍റെ ശുശ്രൂഷയും വിശ്വാസസാക്ഷ്യവും രക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.

ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ ഭാഗ്യം ലഭിച്ചിട്ടും, അനേകം വിശ്വാസികള്‍ ഇന്ന് വിശ്വാസ ജീവിതത്തിലെ 'Comfort Zone' അന്വേഷിച്ചുപോകുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ ലഭിക്കുന്ന ഭൗതീകനേട്ടങ്ങൾ അനുഭവിച്ചു കൊണ്ട് ആ Comfort Zone-ൽ ജീവിക്കുവാന്‍ അവര്‍ ഇഷ്ട്ടപ്പെടുന്നു. "യേശു എകരക്ഷകനാണ്" എന്നു പ്രഘോഷിക്കുവാന്‍ ആ Comfort Zone നഷ്ട്ടപ്പെട്ടു പോകുമോ എന്ന ഭയത്താല്‍ ക്രിസ്തുവിനെ മറ്റുള്ളവരുടെ മുന്‍പില്‍ ഏറ്റുപറയാന്‍ ഇക്കൂട്ടര്‍ തയ്യാറാകുന്നില്ല.

ക്രിസ്തുവില്‍ വിശ്വസിക്കേണ്ടത് രക്ഷപ്രാപിക്കുവാന്‍ അത്യാവശ്യമാണ് എന്ന മാറ്റമില്ലാത്ത സത്യം നിലനില്‍ക്കുമ്പോഴും ഈശ്വരവിശ്വാസത്തിന്റെ ആവശ്യമില്ലെന്നും മറ്റുള്ളവര്‍ക്ക് നന്മ ചെയ്തു കൊണ്ട് ജീവിച്ചാല്‍ മാത്രം മതിയെന്നുമുള്ള ചിന്തകള്‍ ഈ കാലഘട്ടത്തില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു വരുന്നു. മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റുന്ന ഇത്തരം ചിന്തകള്‍ക്ക് സോഷ്യല്‍ മീഡിയായില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്.

ഇത്തരം അഭിപ്രായപ്രകടനങ്ങളില്‍ ഭൂരിപക്ഷത്തോടൊപ്പം ചേര്‍ന്ന് ക്രിസ്തുവിനെ തള്ളിപറയുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. നാം എന്തു വിശ്വസിക്കണമെന്ന് തിരിച്ചറിയാന്‍ നമ്മള്‍ നോക്കേണ്ടത് സോഷ്യല്‍ മീഡിയായിലൂടെ പ്രചരിക്കുന്ന അഭിപ്രായപ്രകടനങ്ങളിലേക്കല്ല. പിന്നെയോ വഴിയും സത്യവും ജീവനുമായ യേശു പറയുകയും വെളിപ്പെടുത്തുകയും ചെയ്ത വചനത്തിലേക്കാണ്.

വിചിന്തനം
മറ്റുള്ളവരുടെ മുൻപിൽ ക്രിസ്തുവിനെ ഏറ്റുപറയാൻ നമ്മുടെ ജീവിതത്തിൽ എത്രയോ അവസരങ്ങൾ ലഭിച്ചു? എന്നിട്ടും നാം അതു നഷ്ടപ്പെടുത്തിയെങ്കിൽ നമ്മുക്കു അവിടുത്തോടു മാപ്പു ചോദിക്കാം. നാം വെറുതെ വിശ്വസിക്കുക മാത്രം ചെയ്‌താല്‍ പോരാ; അത് ഏറ്റുപറയുകയും, അത് പ്രചരിപ്പിക്കുകയും കൂടി ചെയ്യണം. "മനുഷ്യരുടെ മുന്‍പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും ഏറ്റുപറയും" എന്ന നമ്മുടെ കർത്താവിന്റെ വാക്കുകൾ നാം അതീവ പ്രാധാന്യത്തോടെ കാണേണ്ടിയിരിക്കുന്നു.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »