Meditation. - July 2025

ഒരു ക്രൈസ്തവ വിശ്വാസിയുടെ മരണസമയത്ത് ലഭിക്കുന്ന ഉറപ്പും മഹത്തായ ഭാഗ്യവും

സ്വന്തം ലേഖകന്‍ 09-07-2025 - Wednesday

"സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു" (യോഹ 5: 24).

യേശു ഏകരക്ഷകൻ: ജൂലൈ 9
ക്രിസ്തുവിനെ അറിഞ്ഞിട്ടും അവനില്‍ വിശ്വസിക്കാതെ ജീവിക്കുന്ന അനേകം മനുഷ്യരെ നമുക്കു ചുറ്റും കാണുവാന്‍ സാധിക്കും. മറ്റൊരു കൂട്ടര്‍ തിന്മ നിറഞ്ഞ ജീവിതം നയിച്ചിട്ടും സന്തോഷത്തിലും സമൃദ്ധിയിലും ജീവിക്കുന്നു. ഇതില്‍ നാം ആശ്ചര്യപ്പെടേണ്ടതില്ല. കാരുണ്യവാനായ ദൈവം ശിഷ്ടരുടെയും ദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു. കൊയ്ത്തുകാലം വരെ വിത്തും കളകളും ഒരുമിച്ചു വളരുവാന്‍ കല്‍പ്പിക്കുന്ന ദൈവം ഓരോ മനുഷ്യനും ക്രിസ്തുവില്‍ വിശ്വസിക്കുവാനും രക്ഷ പ്രാപിക്കുവാനും വീണ്ടുംവീണ്ടും അവസരം നല്‍കുന്നു. ഒരു ക്രൈസ്തവനു ലഭിച്ചിരിക്കുന്ന മഹത്തായ ഭാഗ്യം അവന്‍ മരണസമയത്ത് തിരിച്ചറിയുന്നു.

തന്‍റെ മരണത്തെ യേശുവിന്‍റെ മരണവുമായി ഐക്യപ്പെടുത്തുന്ന ക്രൈസ്തവന്‍, യേശുവിലേക്കുള്ള ആഗമനവും നിത്യജീവിതത്തിലേക്കുള്ള പ്രവേശനവുമായി മരണത്തെ വീക്ഷിക്കുന്നു. മരണത്തോടടുക്കുന്ന വ്യക്തിയോടു സഭ ക്ഷമയുടെയും പാപമോചനത്തിന്‍റെയും വാക്കുകള്‍ അവസാനമായി പറയുമ്പോള്‍, ശക്തി പ്രദാനം ചെയ്യുന്ന അഭിഷേകം കൊണ്ട് അവസാനമായി അവനെ മുദ്ര വയ്ക്കുമ്പോള്‍, യാത്രയ്ക്കുള്ള ഭക്ഷണമായി ക്രിസ്തുവിനെ തിരുപാഥേയത്തില്‍ നല്‍കുമ്പോള്‍ മധുരമായ ഉറപ്പോടെ ഇങ്ങനെ പറയുന്നു:

"നിന്നെ സൃഷ്ടിച്ച സര്‍വ്വശക്തനായ പിതാവായ ദൈവത്തിന്‍റെ നാമത്തില്‍ ഈ ലോകത്തില്‍ നിന്ന് അല്ലയോ ക്രൈസ്തവാത്മാവേ, മുന്നോട്ടു പോകുക.
നിനക്കുവേണ്ടി പീഡകള്‍ സഹിച്ചവനും സജീവനായ ദൈവത്തിന്‍റെ പുത്രനുമായ ഈശോമിശിഹായുടെ നാമത്തില്‍ നിന്‍റെമേല്‍ വര്‍ഷിക്കപ്പെട്ട പരിശുദ്ധാത്മാവിന്‍റെ നാമത്തില്‍ വിശ്വസ്തനായ ക്രൈസ്തവാ മുന്നോട്ടുപോവുക.

നീ ഇന്നു സമാധാനത്തില്‍ വസിക്കുമാറാകട്ടെ.
നിന്‍റെ ഭവനം ദൈവത്തോടുകൂടി വിശുദ്ധ സിയോനിലായിരിക്കട്ടെ.
ദൈവത്തിന്‍റെ മാതാവായ കന്യകാമറിയത്തോടും വിശുദ്ധ യൗസേപ്പിനോടും എല്ലാ മാലാഖമാരോടും വിശുദ്ധരോടും കൂടെ... ഭൂമിയുടെ പൊടിയില്‍നിന്നു നിന്നെ മെനഞ്ഞെടുത്ത നിന്‍റെ സ്രഷ്ടാവിലേക്കു നീ തിരിച്ചുപോകട്ടെ.
നീ ഈ ലോകത്തില്‍നിന്നു തിരിച്ചുപോകുമ്പോള്‍ പരിശുദ്ധ മറിയവും മാലാഖമാരും എല്ലാ വിശുദ്ധരും നിനെ കണ്ടുമുട്ടാന്‍ വരുമാറാകട്ടെ...
നീ നിന്‍റെ രക്ഷകനെ മുഖാമുഖം കാണുവാനും നിത്യം ദൈവത്തെ ധ്യാനിക്കുവാനും സാധിക്കുമാറാകട്ടെ".
(CCC 1020).

വിചിന്തനം
പിതാവായ ദൈവം തന്‍റെ ഏകജാതനെ ഈ ഭൂമിയിലേക്കയച്ചു കൊണ്ട് അവനില്‍ വിശ്വസിക്കുവാന്‍ എല്ലാ മനുഷ്യരോടും ആവശ്യപ്പെടുന്നു. ലോകരക്ഷകനായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവനും വിശ്വസിക്കാതിരിക്കുന്നവനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മനുഷ്യന് ദൈവം നല്‍കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചു കൊണ്ട് അവന് ഈ ഭൂമിയില്‍ സ്വന്തം ഇഷ്ടം അനുസരിച്ച് ജീവിക്കാം. എന്നാല്‍ മരണത്തോടെ ആ ജീവിതത്തിനു അവസാനമാകുന്നു. "ക്രിസ്തുവില്‍ വിശ്വസിക്കുക" എന്നത് എത്ര മഹത്തായ കര്‍മ്മമായിരുന്നു എന്നത് അവന്‍ മരണസമയത്ത് പൂര്‍ണ്ണമായി തിരിച്ചറിയുന്നു. യേശുക്രിസ്തുവില്‍ വിശ്വസിക്കേണ്ടത് നിത്യരക്ഷയ്ക്ക് അത്യാവശ്യമാണ്. ലോകം മുഴുവന്‍ തിരിച്ചറിയുന്നതിനു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »