India - 2025
സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി: കേരളസഭയില്‍ വിപുലമായ ആഘോഷ പരിപാടികള്‍
സ്വന്തം ലേഖകന്‍ 10-08-2017 - Thursday
കൊച്ചി: നവംബർ നാലിന് സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു ആഘോഷ പരിപാടികൾക്കു ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിവിധ കമ്മറ്റികള്‍ക്ക് രൂപം നല്കി. എറണാകുളം മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ നടന്ന യോഗത്തിൽ അതിരൂപതയിലെ മെത്രാന്മാരുടെ മേൽനോട്ടത്തിൽ ആഘോഷപരിപാടികളുടെ സ്വാഗതസംഘം രൂപീകരിച്ചു. നവംബർ 11ന് എറണാകുളം-അങ്കമാലി അതിരൂപതയുടെയും എഫ്സിസി സന്യാസിനി സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളസഭാതല ആഘോഷ പരിപാടികൾ നടക്കും.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലാണു കൃതജ്ഞതാബലി. തിരുശേഷിപ്പ് പ്രയാണം, ആശംസാ സന്ദേശങ്ങൾ, ഡോക്യുമെന്ററി പ്രകാശനം, സ്നേഹവിരുന്ന് എന്നിവയുണ്ടാകും. സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര സഭകളിലെ മെത്രാന്മാർ, വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദികർ, സന്യാസിനികൾ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
എറണാകുളത്തും സിസ്റ്റർ റാണി മരിയയുടെ ജന്മനാടായ പെരുമ്പാവൂർ പുല്ലുവഴിയിലും കൃതജ്ഞതാബലിയും അനുബന്ധ ആഘോഷങ്ങളും ഒരുക്കുന്നുണ്ട്. സിസ്റ്റർ റാണി മരിയയുടെ തിരുശേഷിപ്പ് നവംബർ 15ന് ആഘോഷമായി പുല്ലുവഴി സെന്റ് തോമസ് പള്ളിയിലേക്കെത്തിക്കും. 19നു പുല്ലുവഴിയിൽ നടക്കുന്ന കൃതജ്ഞതാബലിയിലും പൊതുസമ്മേളനത്തിലും മെത്രാപ്പോലീത്തമാർ, മെത്രാന്മാർ, മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
