India - 2025
പാറശാല രൂപതയുടെ ഉദ്ഘാടനവും പ്രഥമ മെത്രാന്റെ സ്ഥാനാരോഹണവും ഇന്ന്
സ്വന്തം ലേഖകന്‍ 23-09-2017 - Saturday
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപത വിഭജിച്ച് പാറശാല കേന്ദ്രമായി ആരംഭിച്ച പുതിയ രൂപതയുടെ ഉദ്ഘാടനവും പ്രഥമ മെത്രാന്‍ ഡോ.തോമസ് മാര്‍ യൗസേബിയോസിന്റെ സ്ഥാനാരോഹണവും ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ബാലരാമപുരം നസ്രത്ത് ഹോം സ്‌കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങുകള്‍ നടക്കുക. സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ ചടങ്ങില്‍ സംബന്ധിക്കും.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ജാംബത്തിസ്ത ഡി ക്വാത്രോ വചന സന്ദേശം നല്‍കും. സ്ഥാനാരോഹണത്തിനു ശേഷം നടക്കുന്ന പൊതുസമ്മേളനം സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. മദര്‍ തെരേസയുടെ പിന്‍ഗാമിയും മിഷ്ണറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറലുമായ മദര്‍ പ്രേമ മുഖ്യാതിഥി ആയിരിക്കും. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം 5നാണ് ഫ്രാന്‍സിസ് പാപ്പയുടെ അനുമതിയോടെ സഭാനേതൃത്വം പുതിയ രൂപത പ്രഖ്യാപിച്ചത്.
