India
വിശ്വാസത്തിനു സാക്ഷ്യം നല്‍കാന്‍ ഇനി പാറശാല രൂപതയും
സ്വന്തം ലേഖകന്‍ 24-09-2017 - Sunday
ബാലരാമപുരം: വിശ്വാസത്തിന്റെ പുതിയ വെളിച്ചം പകര്‍ന്നു മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പാറശാല ആസ്ഥാനമായ പുതിയ രൂപത ഔദ്യോഗികമായി സ്ഥാപിതമായി. വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചാണ് പാറശാല രൂപതയുടെ ഉദ്ഘാടനവും രൂപതയുടെ പ്രഥമ മെത്രാനായുള്ള ഡോ. തോമസ് മാര്‍ യൗസേബിയോസിന്റെ സ്ഥാനാരോഹണവും നടന്നത്. ബാലരാമപുരം നസ്രത്ത് ഹോം സ്‌കൂള്‍ ഗ്രൗണ്ടില്‍ തയാറാക്കിയ മാര്‍ ഈവാനിയോസ് നഗറില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് പാറശാല രൂപതയുടെ ഉദ്ഘാടനപരിപാടികള്‍ ആരംഭിച്ചു.
പ്രധാന കവാടത്തിലെത്തിയ വിശിഷ്ടാതിഥികളെ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ഉദ്ഘാടന, സ്ഥാനാരോഹണ തിരുക്കര്‍മങ്ങള്‍. മലങ്കര കത്തോലിക്കാ സഭയിലെ ബിഷപ്പുമാരും വൈദികരും സഹകാര്‍മികരായി.
രൂപതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഉത്തരവ് ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് വായിച്ചു. പാറശാല രൂപതയുടെ പ്രഥമ മെത്രാനായി ഡോ.തോമസ് മാര്‍ യൗസേബിയോസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും വായിച്ചു. തുടര്ന്ന് സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ തുടര്‍ന്ന് ആരംഭിച്ചു. പ്രത്യേക പ്രാര്‍ഥനകളുടെ അകമ്പടിയോടെ ഓക്‌സിയോസ് ശുശ്രൂഷയുടെ ഭാഗമായി പ്രഥമ ബിഷപ്പിനെ മൂന്നു തവണ കസേരയില്‍ ഇരുത്തിയശേഷം കാര്‍മികര്‍ ഉയര്‍ത്തി. ഒാക്‌സിയോസ് എന്ന പദത്തിന് യോഗ്യനാകുന്നു എന്നാണ് അര്‍ഥം.
ഡോ.തോമസ് മാര്‍ യൗസേബിയോസ് വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കി. ഇതിനുശേഷം അദ്ദേഹം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ കരം ചുംബിച്ചു. തുടര്‍ന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ജാംബത്തിസ്ത ഡി ക്വാത്രോ, അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ സഭാ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ എന്നിവരും മലങ്കര കത്തോലിക്കാ സഭയിയിലെ ബിഷപ്പുമാരും ഡോ.തോമസ് മാര്‍ യൗസേബിയോസിനു സ്‌നേഹചുംബനങ്ങള്‍ നല്‍കി.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം, നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ തുടങ്ങിയവരും പുതിയ ബിഷപ്പിനു സ്‌നേഹചുംബനങ്ങള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് രൂപതയിലെ ഇടവകകളില്‍ നിന്നുള്ള വൈദികര്‍ അദ്ദേഹത്തിന്റെ കരം ചുംബിച്ച് മടങ്ങി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ജാംബത്തിസ്ത ഡി ക്വാത്രോ സ്ഥാനാരോഹണ ശുശ്രൂഷയില്‍ മധ്യവചന സന്ദേശം നല്‍കി. സ്‌നേഹമാണ് മനുഷ്യനെ സഹനത്തിലേക്കു നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിനു വിശ്വാസികളും സന്യസ്ഥരുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
