India - 2025
ആഗോള ക്‌നാനായ കത്തോലിക്ക യുവജനസംഗമം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സ്വന്തം ലേഖകന്‍ 27-09-2017 - Wednesday
രാജപുരം (കാസര്‍ഗോഡ്): ലോകമെങ്ങുമുള്ള ക്‌നാനായ കത്തോലിക്കാ യുവജന പ്രതിനിധികളെ പങ്കെടുപ്പിച്ച് കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആഗോള ക്‌നാനായ കത്തോലിക്കാ യുവജന സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 'ഐക്യം 2017' എന്ന പേരില്‍ 29, 30 തീയതികളില്‍ രാജപുരം ഹോളി ഫാമിലി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കുന്ന പന്തലിലാണ് സംഗമം നടക്കുക.
ആത്മീയ പ്രഭാഷണങ്ങള്‍, വിശുദ്ധ കുര്‍ബാന, വിദഗ്ധരുടെ ക്ലാസുകള്‍, സാമുദായികസാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും സംവാദവും, പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് അടക്കമുള്ള ഗായകരും സംഗീതജ്ഞരും നര്‍ത്തകരും അടങ്ങുന്ന റെക്‌സ് ബാന്‍ഡിന്റെ സംഗീത വിരുന്ന് തുടങ്ങിയ പരിപാടികളാണ് രണ്ടു ദിവസങ്ങളായി ക്രമീകരിച്ചിരിക്കുന്നത്. മധ്യതിരുവിതാംകൂറില്‍നിന്ന് മലബാറിലേക്ക് നടന്ന സംഘടിത കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ആഗോള ക്‌നാനായ യുവജന സംഗമം സംഘടിപ്പിക്കുന്നത്.
