India - 2025

നേത്രദാനത്തിന് സന്നദ്ധത പ്രഖ്യാപിച്ച് ഇടുക്കി രൂപതാധ്യക്ഷനും വൈദികരും

സ്വന്തം ലേഖകന്‍ 28-09-2017 - Thursday

ചെറുതോണി: മരണശേഷം തങ്ങളുടെ കണ്ണുകള്‍ ദാനംചെയ്യുന്നതിന് ഇടുക്കി രൂപതാധ്യക്ഷനും രൂപതയിലെ എല്ലാ വൈദികരും സന്നദ്ധത പ്രഖ്യാപിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജന്മദിനത്തോടനുബന്ധിച്ച് അടിമാലി ആത്മജ്യോതി പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് രൂപതാധ്യക്ഷന്റെ നേതൃത്വത്തിലുള്ള വൈദികകൂട്ടായ്മ കണ്ണുകള്‍ ദാനം ചെയ്യുമെന്ന കാര്യം പ്രഖ്യാപിച്ചത്.

രൂപതാ സാമൂഹ്യ ക്ഷേമവിഭാഗമായ ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍, മുരിക്കാശേരി അല്‍ഫോന്‍സ എന്നീ ആശുപത്രികളുടെ സഹകരണത്തോടെ പ്രവര്‍ത്തിച്ചുവരുന്ന 'അഞ്ജനം നേത്രദാന പദ്ധതി'യുടെ കീഴില്‍ നേത്രദാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നാലുമാസത്തിനുള്ളില്‍ 21 പേരുടെ കണ്ണുകള്‍ ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വൈദികസമൂഹം ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

വൈദികര്‍ ആരെങ്കിലും മരിക്കുമ്പോള്‍ വൈദികസമിതി നേത്രദാനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, ചാന്‍സലര്‍ ഫാ. ജോസഫ് കൊച്ചുകുന്നേല്‍, പ്രൊക്കുറേറ്റര്‍ ഫാ. ജോര്‍ജ് കുഴിപ്പിള്ളില്‍, ഹൈറേഞ്ച് ഡെവലപ്പ്മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ഡിഎഫ്‌സി രൂപത ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കാരക്കാട്ട് എന്നിവര്‍ അറിയിച്ചു. നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിന് ഇടുക്കി രൂപത നേരത്തെ ഇടയലേഖനം പുറപ്പെടുവിച്ചിരിന്നു.


Related Articles »