India

സുവിശേഷാധിഷ്ഠിത ജീവിതത്തിലൂടെ മിശിഹായ്ക്കു സാക്ഷ്യം വഹിക്കുകയാണു സഭയുടെ ലക്ഷ്യം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 06-10-2017 - Friday

സത്‌നാ (മധ്യപ്രദേശ്): സുവിശേഷാധിഷ്ഠിത ജീവിതത്തിലൂടെ മിശിഹായ്ക്കു സാക്ഷ്യം വഹിക്കുകയാണു സഭയുടെ ലക്ഷ്യമെന്ന്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സത്‌നായിലെ എഫ്രേംസ് തിയളോജിക്കല്‍ കോളജിന്റെ രജതജൂബിലി ആഘോഷ സമാപനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ ക്രൈസ്തവരുടെയും പൊതുവായ ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

സുവിശേഷാധിഷ്ഠിത ജീവിതത്തിലൂടെ മിശിഹായ്ക്കു സാക്ഷ്യം വഹിക്കുകയാണു സഭയുടെ ലക്ഷ്യം. എല്ലാ ക്രൈസ്തവരുടെയും പൊതുവായ ദൗത്യമാണിത്. മാമ്മോദീസായിലൂടെ കൈവന്ന പൊതുവായ പൗരോഹിത്യ ധര്‍മത്തില്‍ അല്മായര്‍ക്കുള്ള പങ്ക് കുറച്ചുകാണാന്‍ പാടില്ല. പൗരോഹിത്യ ശുശ്രൂഷ പൊതുപൗരോഹിത്യത്തിന് സഹായകമായി വര്‍ത്തിക്കണം.

സെമിനാരി പരിശീലനത്തിനു പുറമേ വൈദിക ജീവിതം മുഴുവന്‍ നീണ്ടു നില്ക്കുന്ന ഒരു തുടര്‍ പരിശീലനത്തിലും വൈദികര്‍ ഉത്സുകരായിരിക്കണം.വൈദികന്‍ ഒരു സമ്പൂര്‍ണ ക്രിസ്തുശിഷ്യനാണ്, അതിനാല്‍ പ്രേഷിതനുമാണ്. വൈദിക പരിശീലനം സഭയുടെ പൊതുചുമതലയാണ്. എഫ്രേംസ് ദൈവശാസ്ത്ര വിദ്യാപീഠത്തിന്റെ സേവനങ്ങളെയും സെമിനാരി സ്ഥാപകനായ മാര്‍ ഏബ്രഹാം മറ്റത്തിന്റെ ദീര്‍ഘവീക്ഷണത്തെയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.

സെമിനാരികളില്‍ ബൗദ്ധിക പരിശീലനത്തോടൊപ്പം മാനുഷികവും ആത്മീയവുമായ പരിശീലനം നല്‌കേണ്ടതുണ്ടെന്നു സമ്മേളനത്തില്‍ സംസാരിച്ച ഭോപ്പാല്‍ ആര്‍ച്ച് ബിഷപ് ഡോ. ലെയോ കൊര്‍ണേലിയോ ചൂണ്ടിക്കാട്ടി. ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍, ഫാ. വര്‍ഗീസ് പുതുശേരി വി.സി., ഫാ. ആന്റണി പ്ലാക്കല്‍ വി.സി., ഫാ. ജോയി അയനിയാടന്‍, ഫാ. ജോര്‍ജ് വടക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ ജൂബിലി വര്‍ഷത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും വിവിധ അവാര്‍ഡുകള്‍ ആര്‍ച്ച്ബിഷപ്പ് ലെയോ കൊര്‍ണേലിയോയും വിതരണം ചെയ്തു.

സീറോ മലബാര്‍ സഭയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് പൗരസ്ത്യ ആധ്യാത്മികതയിലും ഉത്തരേന്ത്യയിലെ മിഷന്‍ രംഗങ്ങളുടെ ഭാഷാ- സാംസ്കാരിക പശ്ചാത്തലത്തിലും പരിശീലനം നല്കുക എന്ന ലക്ഷ്യത്തോടെ സത്നാ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ എബ്രഹാം ഡി. മറ്റം 1992 ജൂലൈ മൂന്നിന് ആരംഭിച്ചതാണ് സത്നാ സെമിനാരി. ഇരുപത്തിരണ്ട് ബാച്ചുകളിലായി 299 വൈദികര്‍ ഇവിടെ നിന്നു പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.


Related Articles »