India - 2025
കെസിവൈഎമ്മിന്റെ സംസ്ഥാന റൂബി ജൂബിലി ആഘോഷത്തിനു തുടക്കമായി
സ്വന്തം ലേഖകന്‍ 29-12-2017 - Friday
തിരുവനന്തപുരം: കേരള കത്തോലിക്ക സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെസിവൈഎമ്മിന്റെ സംസ്ഥാന റൂബി ജൂബിലി ആഘോഷത്തിനും യുവജന അസംബ്ലിയ്ക്കും തുടക്കമായി. നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിബിസിഐ അധ്യക്ഷനും മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. യേശുവിന്റെ സുവിശേഷവാഹകരാകാന്‍ കാലഘട്ടം യുവാക്കളെ വെല്ലുവിളിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചതിനാല്‍ താന്‍ ഉള്‍പ്പെട്ട ഭാരത മെത്രാന്‍സംഘം കേന്ദ്രസര്‍ക്കാരിന് ഈ വിഷയത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശും ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്മറും മാര്‍പ്പാപ്പയെ ക്ഷണിച്ചു സ്വീകരിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചില്ലെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു നല്ലില അധ്യക്ഷത വഹിച്ചു.
നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സന്റ് സാമുവല്‍, കെ.എസ്. ശബരീനാഥന് എംഎല്‍എ, ബഥനി നവജീവന്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ഫാ. ഗീവര്‍ഗീസ് കുറ്റിയില്‍, കെസിവൈഎം സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ സുമം എസ്ഡി, കെസിവൈഎം തിരുവനന്തപുരം മേജര്‍ അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കിഴക്കേക്കര, കെസിവൈഎം മുന്‍ പ്രസിഡന്റ് ഷിജോ മാത്യു, ഐസിവൈഎം പ്രസിഡന്റ് സിജോ അമ്പാട്ട്, കെസിവൈഎം തിരുവനന്തപുരം മേജര്‍ അതിരൂപത പ്രസിഡന്റ് പി. കിഷോര്‍, കെസിവൈഎം തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര, മിജാര്‍ക് ഭാരവാഹി സ്മിത ഷിബിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 27 രൂപതകളില്‍ നിന്നുള്ള പ്രതിനിധികളാണ് മൂന്നു ദിവസം നീളുന്ന യൂത്ത് അസംബ്ലിയില്‍ പങ്കെടുക്കുന്നത്.