Saturday Mirror - 2025

പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മാര്‍ട്ടിന്‍ ലൂഥര്‍ മറിയത്തെ ആദരിച്ച 6 വാക്യങ്ങള്‍

സ്വന്തം ലേഖകന്‍ 17-03-2018 - Saturday

കത്തോലിക്ക സഭയുടെ വിശ്വാസ സത്യങ്ങള്‍ ബൈബിളിന്‌ നിരക്കാത്തതാണെന്ന്‍ ആരോപിച്ച് സ്വയം കേന്ദ്രീകൃതമായ പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനങ്ങളുടെ ഉത്ഭവത്തിന് തുടക്കം കുറിച്ച സാക്ഷാല്‍ മാര്‍ട്ടിന്‍ ലൂഥര്‍ പരിശുദ്ധ കന്യകാമാതാവിനെ വാഴ്ത്തി പറയുകയോ! അത് ആര്‍ക്കും വിശ്വസിക്കുവാന്‍ കഴിയാത്ത കാര്യമാണ്. എന്നാല്‍ ദൈവമാതാവായ കന്യകാമറിയത്തെ കുറിച്ചുള്ള നിരവധി കത്തോലിക്കാ സിദ്ധാന്തങ്ങളും വാക്യങ്ങളും അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നുവെന്നാണ് സത്യം. പരിശുദ്ധ ദൈവമാതാവിനെ കുറിച്ചുള്ള മാര്‍ട്ടിന്‍ ലൂഥറിന്റെ 6 മനോഹരമായ വാക്യങ്ങള്‍ ആണ് ചുവടെ നല്‍കുന്നത്.

1) സൃഷ്ടികളില്‍ മറിയത്തിന് തുല്ല്യമായി മറ്റൊന്നുമില്ല ‍

"കന്യകാമറിയം ദൈവത്തിന്റെ അമ്മയായി തീര്‍ന്നു. ഇതില്‍ മനുഷ്യന്റെ ബോധ്യത്തിനുമപ്പുറമുള്ള ഒരുപാട് കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ദൈവത്തിന്റെ അമ്മ എന്ന പദവിയിലൂടെ എല്ലാ ആദരവിനും, എല്ലാ അനുഗ്രഹങ്ങള്‍ക്കും മറിയം അര്‍ഹയായി തീര്‍ന്നു. സ്വര്‍ഗ്ഗീയ പിതാവിനാല്‍ യേശുവിനെപ്രസവിക്കുവാന്‍ ഭാഗ്യം ലഭിച്ച അവള്‍ക്ക് തുല്ല്യമായി സൃഷ്ടികളില്‍ മറ്റൊന്നുമില്ലെന്ന് പറയുന്നതില്‍ അതിശയോക്തി ഒട്ടും തന്നെയില്ല. മനുഷ്യവംശത്തില്‍ മറിയത്തിന് സവിശേഷമായൊരു സ്ഥാനമാണുള്ളത്. എന്നിരുന്നാലും പരിശുദ്ധ മറിയത്തിന്റെ എല്ലാ മഹത്വങ്ങളും മനുഷ്യര്‍ 'ദൈവമാതാവ്' എന്ന ഒറ്റവാക്കില്‍ ഒതുക്കി. മറിയം ദൈവമാതാവായിരിക്കുന്നതിന്റെ അര്‍ത്ഥത്തെ കുറിച്ച് നമ്മള്‍ നമ്മുടെ ഹൃദയത്തില്‍ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു".

2) മറിയം പാപരഹിതയാണ് ‍

"ദൈവപുത്രനായ യേശുവിനെ ഗര്‍ഭം ധരിക്കേണ്ടതിനാല്‍ പരിശുദ്ധാത്മാവിന്റെ പൂര്‍ണ്ണമായ നിറവിലാണ് ദൈവം കന്യകാമറിയത്തിന്റെ ശരീരവും ആത്മാവും രൂപപ്പെടുത്തിയത്. അതിനാല്‍ തന്നെ കന്യകാമറിയം എല്ലാത്തരം പാപങ്ങളില്‍ നിന്നും വിമുക്തയാണ്".

3) മറിയം നിത്യ കന്യകയാണ് ‍

"മറിയത്തിന്റെ കന്യകാത്വം നിറഞ്ഞ ഗര്‍ഭത്തിന്റെ പ്രകൃതിദത്തമായ ഫലമാണ് നമ്മുടെ രക്ഷകനായ യേശുക്രിസ്തു. യേശുവിന്റെ ജനനത്തിനു ശേഷവും മറിയം കന്യകയായി തന്നെ തുടര്‍ന്നു. യേശുവായിരുന്നു മറിയത്തിന്റെ ഏക പുത്രന്‍. യേശുവല്ലാതെ മറ്റൊരു സന്തതിക്കും മറിയം ജന്മം നല്‍കിയിട്ടില്ല".

4) മറിയത്തിന് നല്‍കേണ്ട ആദരവ് ഉന്നതമാണ് ‍

"മറിയത്തോടുള്ള ആദരവ് എല്ലാ മനുഷ്യരുടേയും ഹൃദയത്തിന്റെ അഗാധതയില്‍ കൊത്തിവെച്ചിരിക്കുന്നതു പോലെ രേഖപ്പെടുത്തിയിരിക്കുന്നു".

5) ലോകമാകമാനമുള്ള ക്രൈസ്തവരുടെ മാതാവാണ് മറിയം ‍

"യേശുവിനു മാത്രമാണ് പരിശുദ്ധ മറിയം ജന്മം നല്‍കിയതെങ്കിലും, മറിയം നമ്മുടെ എല്ലാവരുടേയും അമ്മയാണ്. യേശു നമ്മുടേതാണെന്ന്‍ നമ്മള്‍ അവകാശപ്പെടുന്നുവെങ്കില്‍, നമ്മള്‍ യേശുവിനോട്‌ കടപ്പെട്ടിരിക്കുന്നുവെങ്കില്‍, അവന്റെ അവസ്ഥയിലായിരിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഓര്‍ക്കുക യേശുവിന്റെ അമ്മ നമ്മുടേയും അമ്മയാണ്".

6) മറിയത്തെ എത്രമാത്രം ആദരിച്ചാലും അത് മതിയാകില്ല ‍

"ക്രിസ്തുവിന് ശേഷം ക്രൈസ്തവലോകത്തിനു ലഭിച്ച അമൂല്യ രത്നവും, ഉന്നതയായ സ്ത്രീത്വവുമാണ് പരിശുദ്ധ കന്യകാ മാതാവ്. കുലീനത്വവും, ജ്ഞാനവും, വിശുദ്ധിയും അവളില്‍ സന്നിഹിതമായിരിക്കുന്നു. എത്രമാത്രം അവളെ നാം ബഹുമാനിച്ചാലും അത് മതിയാകില്ല. വിശുദ്ധ ലിഖിതങ്ങള്‍ക്കും, ക്രിസ്തുവിനും മുറിവേല്‍പ്പിക്കാതെ പരിശുദ്ധ മറിയത്തെ നമ്മള്‍ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണ്‌".

പരിശുദ്ധ അമ്മയെ സദാ എതിര്‍ത്ത ആള്‍ എന്ന നിലയില്‍ പ്രൊട്ടസ്റ്റന്‍റ് പ്രസ്ഥാനത്തിന്റെ വക്താവായി മാര്‍ട്ടിന്‍ ലൂഥറിനെ നാം കാണുമ്പോള്‍ അദ്ദേഹം എത്രയോ ആഴത്തില്‍ ദൈവമാതാവിനെ ആദരിച്ചിരിന്നുവെന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വസ്തുതയാണ്. നമ്മുക്കും ആത്മശോധന ചെയ്യാം, ലോകരക്ഷകന് ജന്മം നല്കുവാന്‍ പിതാവായ ദൈവം പ്രത്യേകമാംവിധം തിരഞ്ഞെടുത്ത പരിശുദ്ധ മറിയത്തെ ഓര്‍ക്കുന്നവരാണോ നാം?. നമ്മുടെ വിശ്വാസജീവിതത്തില്‍ പരിശുദ്ധ അമ്മയോടുള്ള ആദരവിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ടോ? എങ്കില്‍ ഓര്‍ക്കുക, തിരുത്താന്‍ ഇനിയും സമയമുണ്ട്. ആവേ മരിയ


Related Articles »