India - 2025

ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് ചുമതലയേറ്റു

സ്വന്തം ലേഖകന്‍ 13-04-2018 - Friday

മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാനായി ബിഷപ് ഡോ.യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് ചുമതലയേറ്റു. രൂപത ബിഷപ് ഡോ. ഏബ്രഹാം മാര്‍ യൂലിയോസിന്റെ നാമഹേതുക തിരുനാളിനോടനുബന്ധിച്ചു മൂവാറ്റുപുഴ സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ചടങ്ങിലാണു ചുമതലയേറ്റത്. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമാസ് കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ വിശുദ്ധ മദ്ബഹയില്‍ നടത്തിയ പ്രാര്‍ത്ഥനാശുശ്രൂഷയെ തുടര്‍ന്നാണ് സമ്മേളനം ആരംഭിച്ചത്. യോഗം കര്‍ദ്ദിനാള്‍ ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴ രൂപത പുതിയ ചരിത്രഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്നു ശ്രദ്ധേയമായ ശുശ്രൂഷയാണ് ബിഷപ് ഡോ.യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് നടത്തിവരുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. തുടര്‍ന്നും അദ്ദേഹത്തിന്റെ വിലയേറിയ സേവനം രൂപതയ്ക്കും സഭയ്ക്കും ലഭിക്കുമെന്നും കര്‍ദ്ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. സമ്മേളനത്തില്‍ ബിഷപ്പ് ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ രൂപതയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സഹായ മെത്രാന്‍ മാര്‍ തിയഡോഷ്യസിന് എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകണമെന്നു അദ്ദേഹം പറഞ്ഞു.

തിരുവല്ല ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്, പത്തനംതിട്ട രൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള പുതിയ സഹായമെത്രാന്‍ ബിഷപ്പ് ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ പ്രസംഗിച്ചു. മാര്‍ തിയഡോഷ്യസ് മറുപടി പ്രസംഗം നടത്തി.മോണ്‍. വര്‍ഗീസ് കുന്നുംപുറം, ഫാ. ജോര്‍ജ് കയ്യാണിക്കല്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, എംസിവൈഎം രൂപത പ്രസിഡന്റ് ബിച്ചു കുര്യന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 152