India - 2025

ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ ധന്യപദവി; കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം നാളെ

സ്വന്തം ലേഖകന്‍ 25-04-2018 - Wednesday

കൊച്ചി: അഗതികളുടെ സഹോദരിമാര്‍ (സിസ്‌റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട്) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം അങ്കമാലി അതിരൂപത വൈദികനുമായ ദൈവദാസന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്കുയര്‍ത്തിയതിന്റെ കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. ധന്യന്റെ കബറിടം സ്ഥിതിചെയ്യുന്ന കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്സ്ത പള്ളിയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാ ദിവ്യബലിയും പ്രഖ്യാപനവും പൊതുസമ്മേളനവും നടക്കും.

നാളെ ഉച്ചകഴിഞ്ഞു മൂന്നിനു കോന്തുരുത്തി പള്ളിയില്‍ നടക്കുന്ന കൃതജ്ഞതാ ദിവ്യബലിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര, അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ്പ് മാര്‍ തോമസ് ചക്യത്ത്, ബിഷപ്പ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, സീറോ മലബാര്‍ സഭാ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മികരാകും. ധന്യന്റെ കബറിടത്തിനു മുന്നില്‍ പ്രത്യേക പ്രാര്‍ത്ഥനയുമുണ്ടാകും.

തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ മെത്രാന്മാരും ജനപ്രതിനിധികളും എസ്ഡി സന്യാസിനി സമൂഹത്തിന്റെയും കോന്തുരുത്തി ഇടവകയുടെയും പയ്യപ്പിള്ളി കുടുംബത്തിന്റെയും പ്രതിനിധികളും പ്രസംഗിക്കും. അഞ്ഞൂറു സന്യാസിനികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കും. ദൈവദാസന്റെ വീരോചിതമായ സുകൃതങ്ങള്‍ കത്തോലിക്കാസഭ ഔദ്യോഗികമായി അംഗീകരിച്ചതിനെത്തുടര്‍ന്നാണു ഫ്രാന്‍സിസ് മാര്‍പാപ്പ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്കുയര്‍ത്തിയത്.

ഏപ്രില്‍ 14നാണ് ഇതു സംബന്ധിച്ച അറിയിപ്പ് നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയ്ക്കു മാര്‍പാപ്പ കൈമാറിയത്. ധന്യപദവിയിലേക്കുയര്‍ത്തപ്പെട്ട ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ മധ്യസ്ഥതയില്‍ ഇനി അദ്ഭുതം സ്ഥിരീകരിച്ചാല്‍ വാഴ്ത്തപ്പെട്ടവനായും ശേഷം വിശുദ്ധ പദവിയിലേക്കും ഉയര്‍ത്തപ്പെടും.

More Archives >>

Page 1 of 156