News - 2025
ഇറാനിലെ ക്രൈസ്തവ പീഡനം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍ 10-05-2018 - Thursday
ടെഹ്റാന്‍: ആണവ കരാറില്‍ നിന്നും പിന്‍മാറുവാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഇറാനിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ദുഃഖകരമാകുമെന്ന് മുന്നറിയിപ്പ്. ഇറാനിയന്‍ വചനപ്രഘോഷകനായ സാം യെഘ്നാസറാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 222 മിനിസ്ട്രികളെ നയിക്കുന്ന സാം, പുതിയ തീരുമാനം ഇറാനിലെ മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള മതപീഡനത്തിനു വഴിവെക്കുമെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
"കൂടുതല്‍ ആക്രമണങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും, രക്തച്ചൊരിച്ചിലിനും ഈ തീരുമാനം കാരണമായേക്കാം. ട്രംപിന്റെ ഈ തീരുമാനം ശരിയോ തെറ്റോ ആകട്ടെ, ഇറാനിയന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്ക് മേലുള്ള ഇതിന്റെ അനന്തരഫലം ഭയാനകരമായിരിക്കും". പുറപ്പാട് പുസ്തകത്തില്‍ ദൈവം ഫറവോയുടെ ഹൃദയം ദൈവം കഠിനമാക്കി എന്ന് പറഞ്ഞിരിക്കുന്നത് പോലെ ഇറാനിലെ നേതാക്കളുടെ ഹൃദയവും കഠിനമാക്കാന്‍ സാധ്യതയുണ്ടെന്നും പാസ്റ്റര്‍ യെഘ്നാസര്‍ പറഞ്ഞു.
അതേസമയം മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുവാനും, ഇസ്ലാമിനെ പ്രചരിപ്പിക്കുവാനും വലിയ നടപടികളാണ് ഇറാന്‍ കൈക്കൊള്ളുന്നത്. ഇത്രയേറെ അടിച്ചമര്‍ത്തലുകള്‍ നേരിടുന്നുണ്ടെങ്കിലും ‘റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഓപ്പറേഷന്‍ വേള്‍ഡിന്റെ’ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും വേഗത്തില്‍ ക്രൈസ്തവ വിശ്വാസം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഇറാനിലേയും, പാശ്ചാത്യ ലോകത്തേയും നേതാക്കള്‍ക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുവാന്‍ യേശുവിനോട് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കണമെന്നും സാം യെഘ്നാസര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
