Faith And Reason
കത്തോലിക്ക വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞു അമേരിക്കന്‍ സുപ്രീം കോടതി ജസ്റ്റിസ്
സ്വന്തം ലേഖകന്‍ 15-05-2018 - Tuesday
വാഷിംഗ്ടണ്‍ ഡിസി: “ഞാന്‍ എന്റെ ജീവിതത്തിലെ 25 വര്‍ഷങ്ങള്‍ ദേവാലയത്തില്‍ നിന്നും ദൈവത്തില്‍ നിന്നും അകന്ന്‍ ജീവിച്ചുവെങ്കിലും, ഞായറാഴ്ചകളിലെ പള്ളിമണികളുടെ ശബ്ദം എന്നില്‍ നിന്നും അകന്നു പോയിട്ടില്ല”. ഇത് പറയുന്നത് മറ്റാരുമല്ല, അമേരിക്കന്‍ സുപ്രീം കോടതി ജസ്റ്റിസ് ക്ലാരന്‍സ് തോമസാണ്. വിര്‍ജീനിയയിലെ കത്തോലിക്കാ കോളേജായ ക്രിസ്റ്റന്‍ഡം കോളേജിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഒരു കത്തോലിക്ക വിശ്വാസി ആണെന്നും അതില്‍ തനിക്ക് കുറവൊന്നും അനുഭവപ്പെട്ടിട്ടില്ലായെന്നും ക്ലാരന്‍സ് തോമസ് പറഞ്ഞു.
1960-80കളില്‍ ദേവാലയവുമായി ബലിയ ബന്ധമൊന്നുമില്ലാതെ ജീവിച്ച അവസരത്തില്‍ എന്തോ ഒന്ന് തന്നെ ഉള്ളില്‍ നിന്നും പിറകിലേക്ക് വലിക്കുന്നതായി തനിക്ക് തോന്നി. വാസ്തവത്തില്‍ അത് തന്റെ കത്തോലിക്കാ മനസാക്ഷിയായിരുന്നു. ഇത് ഒരു കത്തോലിക്കാ കോളേജാണെന്ന് നിസ്സംശയം പറയാം, അതുപോലെ തന്നെ ഞാന്‍ ഒരു കത്തോലിക്കനാണ്. ജീവിതത്തിലെ ബുദ്ധി മുട്ടേറിയതും, പ്രതീക്ഷ അസ്തമിച്ചതുമായ നിമിഷങ്ങളില്‍ നമ്മളെ നയിക്കുന്ന മാര്‍ഗ്ഗദീപമാണ് ദൈവവിശ്വാസം.
ഞാന്‍ വിശ്വാസത്തില്‍ നിന്നും പുറം തിരിഞ്ഞു നിന്നിട്ടും അത് എന്നെ നയിച്ചു. നിങ്ങള്‍ അനുവദിക്കുകയാണെങ്കിലും വിശ്വാസം നിങ്ങളിലും ഇപ്രകാരം തന്നെ പ്രവര്‍ത്തിക്കുമെന്നും ക്ലാരന്‍സ് തോമസ് പറഞ്ഞു.
ക്രൈസ്തവ വിശ്വാസത്തെ പരസ്യമായ പ്രഘോഷിക്കുവാന്‍ അനേകര്‍ മടികാണിക്കുമ്പോള്‍ അവര്‍ക്ക് മുന്നില്‍ അമേരിക്കയിലെ നിരവധി പ്രമുഖര്‍ തയാറാകുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. തങ്ങളുടെ കത്തോലിക്ക വിശ്വാസം പരസ്യമായി വെളിപ്പെടുത്തുന്ന പ്രമുഖരുടെ എണ്ണം അമേരിക്കയില്‍ വര്‍ദ്ധിച്ചുവരികയാണ്. മാര്‍ക്ക് വാല്‍ബെര്‍ഗ്, പട്രീഷ്യ ഹീറ്റണ്‍ അടക്കമുള്ള സിനിമാ, സംഗീത മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ തങ്ങളുടെ കത്തോലിക്ക വിശ്വാസം ഏറ്റുപറഞ്ഞത് വിദേശ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയായിരിന്നു.
