Faith And Reason - 2025

യേശു യഥാർഥ ദൈവവും, യഥാർഥ മനുഷ്യനും.

08-07-2015 - Wednesday

ദൈവപുത്രൻറെ അതുല്യവും അദ്വിതീയവുമായ മനുഷ്യാവതാരത്തിൻറെയർഥം, യേശുക്രിസ്തു പകുതി ദൈവവും പകുതി മനുഷ്യനുമാകുന്നു എന്നല്ല; ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും കൂടിക്കുഴഞ്ഞ ഒരു മിശ്രപ്രകൃതിയാണ് അവിടുത്തേക്കുള്ളതെന്നും അർഥമില്ല; യഥാർഥ ദൈവമായിരിക്കെത്തന്നെ, അവിടുന്നു യഥാർഥ മനുഷ്യനായി. യേശുക്രിസ്തു യഥാർഥ ദൈവവും യഥാർഥ മനുഷ്യനുമാകുന്നു. ആദ്യ ശതകങ്ങളിൽ ഈ സത്യത്തെ വികലമാക്കിയ പഷണ്ഡതകൾക്കെതിരായി, ഇതിനെ സംരക്ഷിക്കുകയും വിശദീകരിക്കുകയും ചെയ്യുക എന്ന ആവശ്യം സഭയ്ക്ക് നേരിട്ടു.

ആദ്യകാല പാഷണ്ഡതകൾ, ക്രിസ്തുവിൻറെ ദൈവത്വത്തെ എന്നതിലുപരിയായി, അവിടുത്തെ മനുഷ്യത്വത്തെയാണു നിഷേധിച്ചത്. ജ്ഞാനവാദാധിഷ്ഠിതമായാ വാദം: (Gnostic-docetism.) “ ശരീരത്തോടുകൂടി വന്ന” ദൈവപുത്രൻറെ യഥാർഥ മനുഷ്യാവതാരം അപ്പസ്തോലിക കാലം മുതൽ സഭ ഉറപ്പിച്ചു പ്രഖ്യാപിച്ചുപോരുന്നു. അന്ത്യോക്യായിൽ കൂടിയ കൗൺസിലിൽവെച്ച് മൂന്നാം നൂറ്റാണ്ടിൽത്തന്നെ സമോസത്തയിലെ പൗലോസിനെതിരായി, ‘യേശുക്രിസ്തു ദത്തെടുക്കലിലൂടെയല്ല പ്രത്യുത, പ്രകൃതിയിലൂടെയാണു ദൈവപുത്രനായിരിക്കുന്നതെന്ന്’ എന്നു സഭക്കു പ്രഖ്യാപിക്കേണ്ടതായി വന്നു. 325-ൽ നിഖ്യായിൽ സമ്മേളിച്ച പ്രഥമ സാർവജനിക സൂനഹദോസ് അതിൻറെ വിശ്വാസപ്രമാണത്തിൽ, “ ദൈവപുത്രൻ ജാതനാണ്, സൃഷ്ടിക്കപ്പെട്ടവനല്ല; പിതാവിനോടുകൂടെ ഏകസത്തയാകുന്നു” (ഗ്രീക്കുഭാഷയിൽ homoousios...) എന്നു പ്രഖ്യാപിച്ചു.

ദൈവപുത്രൻറെ ദൈവീക വ്യക്തിയോട് കൂടിച്ചേർന്ന ഒരു മനുഷ്യവ്യക്തിയാണു ക്രിസ്തു എന്നതായിരുന്നു നെസ്തോറിയൻ പാഷണ്ഡതയുടെ ആശയഗതി. ഈ പാഷണ്ഡതയെ എതിർത്തുകൊണ്ട്, അലെക്സാൺഡ്രിയായിലെ വിശുദ്ധ സിറിളും 431ൽ എഫേസോസിൽ സമ്മേളിച്ച മൂന്നാമത്തെ സാർവത്രിക സൂനഹദോസും ഇങ്ങനെ പ്രഖ്യാപിച്ചു: “ യുക്തിസഹമായ ആത്മാവിനാൽ സജ്ജീവമാക്കപ്പെട്ട ശരീരത്തെ, തൻറെ വ്യക്തിത്വത്തിൽ തന്നോടുതന്നെ സംയോജിപ്പിച്ചുകൊണ്ട് വചനം മനുഷ്യനായി”. ക്രിസ്തുവിൻറെ മനുഷ്യപ്രകൃതിക്ക്, ദൈവപുത്രൻറെ ദൈവീകവ്യക്തിത്വമല്ലാതെ മറ്റു കർത്താവ് (Subject) ഇല്ല. ദൈവപുത്രൻ ഗർഭസ്ഥനായ ക്ഷണത്തിൽ സ്വീകരിച്ചു സ്വന്തമാക്കിയതാണ് അവിടുത്തെ മനുഷ്യ പ്രകൃതി.

തൻറെ ദൈവത്വവും മനുഷ്യത്വവും തമ്മിൽ വേർപെടുത്താൻ പറ്റാത്തവിധം, യേശു യഥാർഥ ദൈവവും, യഥാർഥ മനുഷ്യനുമാണെന്ന് സഭ ഏറ്റുപറയുന്നു. തൻറെ ദൈവത്വത്തിനും കർതൃത്ത്വത്തിനും ഭംഗം വരാതെ മനുഷ്യനും നമ്മുടെ സഹോദരനുമായിത്തീർന്നവൻ യഥാർഥത്തിൽ ദൈവപുത്രനാണ്.

(Derived from the teachings of the Church)