Friday Mirror

ഭാരതകത്തോലിക്കാ സഭാ ചരിത്രം: തോമ്മാശ്ലീഹാ മുതൽ ആലഞ്ചേരി വരെ

സ്വന്തം ലേഖകന്‍ 09-03-2016 - Wednesday

പോര്‍ട്ടുഗീസ് മിഷിനറിമാരുടെ ആഗമനം വരെ ഭാരതത്തില്‍ ഒരു ക്രൈസ്തവസഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സഭ എന്നാണതറിയപ്പെട്ടിരുന്നത്. ഭാരതത്തിലെ ഇതര ജനപദങ്ങളെപ്പോലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളും ചരിത്ര രേഖകള്‍ സൂക്ഷിക്കുന്നതിലും സുപ്രധാന സംഭവങ്ങള്‍ പോലും രേഖപ്പെടുത്തി വെയ്ക്കുന്നതിലും വിമുഖരായിരുന്നു. അതുകൊണ്ടുതന്നെ ആദിമസഭാചരിത്രം ഇരുള്‍ വ്യാപിച്ച ഒരു മേഖല തന്നെയാണ്. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമതം ഏതാനും സിദ്ധാന്തങ്ങളുടെ സമാഹാരമോ, പ്രമാണങ്ങളോ ആയിരുന്നില്ല. അതവര്‍ക്കൊരു ജീവിതമാര്‍ഗ്ഗമായിരുന്നു; പിതാവായ ദൈവത്തിലെത്തിച്ചേരുന്നതിന് ഈശോമിശിഹാ തന്‍റെ പെസഹാരഹസ്യത്തിലൂടെ സാക്ഷാത്കരിച്ച നിത്യരക്ഷയുടെ മാര്‍ഗ്ഗം: 'വഴിയും സത്യവും ജീവനും' (യോഹ. 14:6).

ഭാരതക്രൈസ്തവര്‍ക്ക് തോമ്മാശ്ലീഹായിലൂടെ കൈവന്ന തോമ്മാമാര്‍ഗ്ഗം അഥവാ നിയമം അവരുടെ വിശ്വാസം, ആരാധനക്രമം, ആദ്ധ്യാത്മിക ജീവിതം, മതപരമായ ശിക്ഷണക്രമം, പാരമ്പര്യങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു.

തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് "എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും" (യോഹ. 20:28) എന്ന്‍ ഉദ്ഘോഷിച്ച തോമ്മാശ്ലീഹായാണ് ക്രിസ്തുവര്‍ഷം ആദ്യശതകത്തിന്‍റെ മദ്ധ്യകാലഘട്ടത്തില്‍ ദക്ഷിണേന്ത്യയില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചത്. അദ്ദേഹം എ.ഡി. 52-ല്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്ത് കപ്പലിറങ്ങി എന്നാണ് പാരമ്പര്യം. വളരെപ്പേരെ അദ്ദേഹം ക്രിസ്ത്യാനികളാക്കുകയും ഏഴു ക്രൈസ്തവ സമൂഹങ്ങള്‍: കൊടുങ്ങല്ലൂര്‍, പാലയൂര്‍, കൊടുങ്ങല്ലൂരിനടുത്ത് കോട്ടക്കാവ്, തെക്കന്‍ പള്ളിപ്പുറത്ത് കോക്കമംഗലം, തിരുവല്ലയ്ക്കടുത്ത് നിരണം, കൊല്ലം, നിലയ്ക്കലിനടുത്ത് ചായല്‍, എന്നീ സ്ഥലങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് മാര്‍ത്തോമ്മാ നസ്രാണികളുടെ ശക്തമായ പാരമ്പര്യം. ഇന്നത്തെ തമിഴ്നാട്ടില്‍ മദ്രാസിനടുത്തുള്ള മൈലാപ്പൂരില്‍ വെച്ച് എ.ഡി. 72-ല്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചുവെന്നും അവര്‍ വിശ്വസിക്കുന്നു. മൈലാപ്പൂരില്‍ സ്ഥിതി ചെയ്യുന്ന ശ്ലീഹായുടെ കബറിടം ആദ്യനൂറ്റാണ്ടു മുതല്‍ പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമാണ്.

തോമ്മാശ്ലീഹായുടെ ഭാരതപ്രവേശന സാദ്ധ്യത ക്രിസ്ത്വാബ്ദം ഒന്നാം നൂറ്റാണ്ടില്‍ ഗ്രീക്ക്-റോമന്‍ ജനതയ്ക്ക് എത്താന്‍ പറ്റാത്ത ഒരു പ്രദേശമായിരുന്നു ഇന്ത്യയെങ്കില്‍ തോമ്മാശ്ലീഹായുടെ ഭാരതത്തിലെ പ്രേഷിതപ്രവര്‍ത്തനം യാഥാര്‍ത്ഥൃമല്ലെന്നു വരുമായിരുന്നു. എന്നാല്‍ സത്യം അതല്ല. ക്രിസ്തുവിന്‍റെ ജനനത്തിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പ്രാചീന റോമന്‍ സാമ്രാജ്യവും ദക്ഷിണേന്ത്യയുമായി സമുദ്രമാര്‍ഗ്ഗമുള്ള സുദൃഢമായ കച്ചവടബന്ധം നിലവിലിരുന്നു എന്നതിനു ചരിത്രപരമായ തെളിവുകള്‍ ധാരാളമാണ്. മലബാറിലെ മുസിരിസ് (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ലോകത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നും കച്ചവടകേന്ദ്രവുമായിരുന്നു. ഗ്രീക്ക്-റോമന്‍ ലോകത്തേക്ക് വിവിധ സുഗന്ധ ദ്രവ്യങ്ങള്‍ കയറ്റുമതി ചെയ്തിരുന്നതു പ്രധാനമായും മുസിരിസില്‍ നിന്നായിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന്‍ ഖനനത്തിലൂടെ ലഭ്യമായ റോമന്‍ സ്വര്‍ണ്ണനാണയങ്ങള്‍ ഈ കച്ചവടബന്ധത്തിന്‍റെ ശക്തമായ തെളിവാണ്. ചുരുക്കത്തില്‍ ക്രിസ്തു വര്‍ഷം ആദ്യ നൂറ്റാണ്ടിന്‍റെ മദ്ധ്യകാലത്ത് തോമ്മാശ്ലീഹായ്ക്കു ഭാരതത്തിലെത്തുക ദുഷ്കരമായിരുന്നില്ല എന്നതു വ്യക്തമാണ്. സഭാപിതാക്കന്മാരുടെ സാക്ഷ്യം പാശ്ചാത്യപൗരസ്ത്യ സഭാപിതാക്കന്മാനരായ ഒരിജന്‍ (186-255), വി. എഫ്രേം (306-373), വി. ഗ്രിഗറി നസിയാന്സെഭന്‍ (329-390), സിറിലോണിയ (396), മിലാനിലെ വി.അംബ്രോസ് (333-397), വി. ജോണ്‍ ക്രിസോസ്റ്റം (347-407), വി. ജറോം (342-420), ബ്രേഷ്യയിലെ വി. ഗൗതംഷ്യസ് (410-427), നോളയിലെ വി. പൗളിനോസ് (353-431), സാരൂഗിലെ ജേക്കബ് (457-521), ഭാഗ്യപ്പെട്ട വി. ബീഡ് (673-735), ടൂര്‍സിലെ വി. ഗ്രിഗറി (538-593), ഗ്രിഗറി ദി ഗ്രേറ്റ് (590-604), വി. ഇസിദോര്‍ ഓഫ് സെവില്‍ (560-636) എന്നിവര്‍ നേരിട്ടോ അല്ലാതെയോ വി.തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും സാക്ഷ്യപ്പെടുത്തുന്നു. നിഷ്പക്ഷമതികളും സമ്പൂര്‍‍ണ്ണ യോഗ്യരുമായ ഈ പാശ്ചാത്യപൗരസ്ത്യ സഭാപിതാക്കന്മാരുടെ സാക്ഷ്യങ്ങള്‍ ക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്മാരില്‍ ഒരുവനായ തോമ്മാശീഹായുടെ ഭാരത പ്രേഷിതത്വത്തെയും മരണത്തെയും കുറിച്ചുള്ള അക്കാലത്തെ സഭാത്മകമായ ബോദ്ധ്യം തന്നെയാണു വ്യക്തമാക്കുന്നത്. മാര്‍ത്തോമ്മാശ്ലീഹായുടെ പ്രേഷിതത്വം മതങ്ങളുടെ പിള്ളത്തൊട്ടിലും, പ്രാചീന സാംസ്ക്കാരിക കേന്ദ്രവുമായ ഭാരതത്തിലാണെന്നത് സംശയരഹിതമായ വസ്തുതയായി സഭാപിതാക്കന്മാര്‍ കരുതിയിരുന്നു. അതുകൊണ്ടുതന്നെ ആ പ്രേഷിതകേന്ദ്രത്തെപ്പറ്റിയുള്ള വിശദമായ വിവരങ്ങളോ അതിന്‍റെ പ്രത്യേകമായ പാരിസ്ഥിതിക പഠനമോ നടത്താന്‍ സഭാപിതാക്കന്മാര്‍ തുനിഞ്ഞില്ല. ആരാധനക്രമ തെളിവുകള്‍