Faith And Reason
കോമയില്‍ നിന്ന് ജീവനിലേക്ക്: വിശുദ്ധ പാദ്രെ പിയോയുടെ മാധ്യസ്ഥ അത്ഭുതം വീണ്ടും മാധ്യമങ്ങളില്‍
സ്വന്തം ലേഖകന്‍ 20-11-2018 - Tuesday
മാഡ്രിഡ്: വിശുദ്ധ പാദ്രെ പിയോയെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തുവാന്‍ കാരണമായ മാറ്റിയോ പിയോ കൊലേല്ല എന്ന വ്യക്തിയുടെ അത്ഭുതരോഗശാന്തി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. വിശുദ്ധനെക്കുറിച്ചുള്ള ‘എല്‍ മിസ്‌റ്റേരിയോ ഡെല്‍ പാദ്രെ പിയോ’ (ദി മിസ്ട്രി ഓഫ് പാദ്രെ പിയോ) എന്ന ഡോക്യുമെന്ററിയുടെ റിലീസിന് മുന്‍പുള്ള പ്രദര്‍ശനവേളയില്‍വെച്ച് കൊലേല്ല, തനിക്ക് ലഭിച്ച അത്ഭുതരോഗശാന്തിയെക്കുറിച്ച് എസിഐ പ്രേന്‍സക്ക് നല്‍കിയ അഭിമുഖമാണ് വാര്‍ത്തകളില്‍ നിറയുന്നത്. സിനിമ നിര്‍മ്മാതാവും എഴുത്തുകാരനുമായ ജോസ് മരിയ സാവാല സംവിധാനം ചെയ്തിരിക്കുന്ന ഡോക്യുമെന്ററിയില്‍ കൊലേല്ലയുടെ സാക്ഷ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൊലേല്ലക്ക് ഏഴു വയസ്സുള്ളപ്പോഴാണ് ഈ അത്ഭുതം സംഭവിക്കുന്നത്. വിശുദ്ധന്റെ മധ്യസ്ഥത്താല്‍ തനിക്ക് ലഭിച്ച അത്ഭുത സൌഖ്യത്തിന്റെ ആമുഖത്തെ അദ്ദേഹം സ്മരിച്ചത് ഇങ്ങനെ, “അന്നെനിക്ക് ഒട്ടും തന്നെ വയ്യായിരുന്നു. അതിനാല്‍ ഞാന്‍ സ്കൂളില്‍ പോകുന്നില്ലെന്ന് അമ്മയോട് പറഞ്ഞു. പക്ഷേ സ്കൂളില്‍ പോകാനുള്ള മടികൊണ്ട് പറയുന്നതാണെന്ന് കരുതി അമ്മ എന്നെ സ്കൂളില്‍ വിട്ടു. അന്ന് രാത്രി 'ഗുഡ് നൈറ്റ്' പറയാന്‍ മുറിയില്‍ വന്ന അമ്മയെപ്പോലും എനിക്ക് തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല. ഉടന്‍ തന്നെ അവര്‍ എന്നെ ആശുപത്രിയില്‍ കൊണ്ട് പോയി”. 2000 ജനുവരി 20നാണ് ഡോക്ടര്‍മാര്‍ കൊലേല്ലയുടെ അസുഖം കണ്ടെത്തുന്നത്.
ബാക്ടീരിയ മൂലമുണ്ടായ അക്യൂട്ട് ഫുള്‍മിനന്റ് മെനിഞ്ചൈറ്റിസ് എന്ന മാരകരോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്നു കൊലേല്ല. വിശുദ്ധ പാദ്രെ പിയോ തന്നെ സ്ഥാപിച്ച ‘കാസാ സൊള്ളിവോ ഡെല്ലാ സോഫ്രെന്‍സാ’ എന്ന ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കൊലേല്ല അധികം താമസിയാതെ തന്നെ ‘കോമ' സ്റ്റേജിലായി. കൊലേല്ലയുടെ അമ്മയായ മരിയ ലൂസി വിശുദ്ധ പാദ്രെ പിയോയുടെ കല്ലറയില്‍ പോയി തന്റെ മകന് വേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയായിരിന്നു. ആ പ്രാര്‍ത്ഥന ദൈവം കേട്ടു. വൈദ്യശാസ്ത്രപരമായി മരിച്ചുവെന്ന് വിധിയെഴുതിയ കൊലേല്ലയ്ക്കുണ്ടായ മാറ്റം ഡോക്ടര്‍മാരെ സ്തബ്ദരാക്കുന്നതായിരിന്നു. വിശുദ്ധന്റെ മധ്യസ്ഥതയാല്‍ അത്ഭുതകരമായി അവന്‍ ജീവിതത്തിലേക്ക് തിരികെ വരികയായിരിന്നു.
അബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ താന്‍ വിശുദ്ധ പാദ്രെ പിയോയെ സ്വപ്നത്തില്‍ കണ്ടതായി കൊലേല്ല പറയുന്നു. 'വിഷമിക്കേണ്ട ഉടന്‍ തന്നെ നിന്റെ രോഗം ഭേദമാകും' എന്ന് വിശുദ്ധന്‍ തന്നോട് പറഞ്ഞതായി പിയോ കൊലേല്ല സ്മരിക്കുന്നു. മരണത്തില്‍ നിന്നും ലാസര്‍ തിരിച്ചുവന്നതിന് സമാനമാണ് തന്റെ ജീവിതമെന്നാണ് 27 കാരനായ കൊലേല്ല വിശേഷിപ്പിക്കുന്നത്. തന്റെ അപ്പൂപ്പനായിട്ടാണ് താന്‍ വിശുദ്ധനെ കാണുന്നതെന്നും അവന്‍ പറഞ്ഞു. 2002 ജൂണിലാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാദ്രെ പിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
