News
സുസംഘടിതമായ വളർച്ചയ്‌ക്കൊരുങ്ങി എഡിൻബർഗ്; മിഷൻ പ്രഖ്യാപനം 24ന്
ബിജു നീണ്ടൂർ 22-11-2018 - Thursday
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പിറന്നാളിൽ വളർച്ചയുടെ അടുത്ത പടവിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസീസമൂഹം. നവംബർ 23മുതൽ ഡിസംബർ ഒൻപതുവരെ നീളുന്ന അജപാലനസന്ദർശനത്തിൽവെച്ച് സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി 75 മിഷൻ സെന്ററുകൾ പ്രഖ്യാപിക്കുമ്പോൾ അതിലൊന്നായി മാറും സ്‌കോട്‌ലൻഡിലെ എഡിൻബർഗ് സീറോ മലബാർ മിഷൻ. ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ നിലവിലുള്ള 173 വിശുദ്ധ കുർബാന കേന്ദ്രങ്ങൾ പുനഃക്രമീകരിച്ചാണ് 75 മിഷൻ സെന്ററുകൾ രൂപീകരിക്കുന്നത്.
സെന്റ് അൽഫോൻസാ ആൻഡ് സെന്റ് ആന്തണി എന്നായിരിക്കും എഡിൻബർഗ് മിഷൻ സെന്ററിന്റെ നാമധേയം. നവംബർ 24ന് മാർ ആലഞ്ചേരി നിർവഹിക്കുന്ന പ്രഖ്യാപന കർമത്തിൽ എഡിൻബർഗ് ആൻഡ് സെന്റ് ആൻഡ്രൂസ് ആർച്ച്ബിഷപ്പ് ലിയോ കുഷ്‌ലി, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവർ സന്നിഹിതരായിരിക്കും. ക്രോസ്‌റ്റോഫിർ സെന്റ് കെന്റ്‌ഗെൻ ദൈവാലയം കേന്ദ്രീകരിച്ചാണ് എഡിൻബർഗ് മിഷന്റെ പ്രവർത്തനങ്ങൾ.
സ്‌കോട്‌ലൻഡിലെ എഡിൻബർഗ് ആൻഡ് സെന്റ് ആൻഡ്രൂസ് അതിരൂപതയുടെ 40 മൈൽ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന എഡിൻബർഗ് സെന്റ് ആന്റണീസ് കമ്മ്യൂണിറ്റി, ലിവിംഗ്സ്റ്റൺ അൽഫോൻസാ കമ്മ്യൂണിറ്റി, ഫാല്‍കിര്‍ക് സെന്റ് ജ്യൂഡ് കമ്മ്യൂണിറ്റി, കിർക്കാർഡ്‌ലി സെന്‍റ് മേരീസ് കമ്മ്യൂണിറ്റി എന്നീ ദിവ്യബലി അർപ്പണ സെന്ററുകളെ കൂട്ടിച്ചേർത്താണ് എഡിൻബർഗ് സെന്റ് അൽഫോൻസാ ആൻഡ് സെന്റ് ആന്തണി മിഷൻ സെന്റർ രൂപീകരിക്കുന്നത്.
സീറോ മലബാർ മിഷൻ രൂപീകരണത്തോടെ, ഈ മേഖലയിലുള്ള ക്‌നാനായ സമൂഹാംഗങ്ങൾ അധികം താമസിയാതെ ആരംഭിക്കുന്ന ക്‌നാനായ മിഷൻ കേന്ദ്രത്തിന്റെ ഭാഗമാകും. ഏതാണ്ട് 12 വർഷം ഒരുമിച്ച് പ്രവർത്തിച്ച ക്‌നാനായ സമൂഹത്തിന് കൃതജ്ഞത അർപ്പിച്ച് പ്രാർത്ഥിക്കാനുള്ള വേദികൂടി മാറ്റാനുള്ള തയാറെടുപ്പിലാണ് എഡിൻബർഗ് മിഷൻ സെന്ററിലെ വിശ്വാസീസമൂഹം.
രൂപതാ സ്ഥാപിതമാകുന്നതിനു മുമ്പുതന്നെ, സീറോ മലബാർ ചാപ്ലൈനായി ശുശ്രൂഷചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിയുടെ നേതൃത്വത്തിൽ ഈ നാല് ദിവ്യബലി അർപ്പണ സെന്ററുകളും സംഘടിതമായ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ്. സൺഡേ സ്‌കൂൾ, പ്രെയർ ഗ്രൂപ്പുകൾ എന്നിവയ്‌ക്കൊപ്പം അഞ്ച് വർഷംമുമ്പ് എഡിൻബർഗിൽ തുടക്കംകുറിച്ച മാതൃജോതി, പ്രവർത്തന ശൈലികൊണ്ട് ഇന്ന് രൂപതയ്ക്കുതന്നെ മാർഗദീപമാണ്. കേരളത്തിലെ യുവതികൾക്കുള്ള വിവാഹ സഹായം, കുടുംബങ്ങൾക്ക് ഭവന നിർമാണ സഹായം എന്നിവയുൾപ്പെടെയുള്ള സഹായപദ്ധതികളും മാതൃജോതി നടപ്പാക്കുന്നുണ്ട്.
സൺഡേ സ്‌കൂൾ കുട്ടികൾക്കായുള്ള മിഷൻലീഗും ശക്തമാണ്. പുതുതലമുറയ്ക്ക് വിശ്വാസജീവിതത്തിൽ വളരാൻ സഹായകമായ സമ്മർക്യാംപുകളും തീർത്ഥാടനങ്ങളും കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുന്നതിൽ മിഷൻ ലീഗ് ബദ്ധശ്രദ്ധരാണ്. ഇവിടത്തെ സൺഡേ സ്‌കൂൾ വിദ്യാർത്ഥികളുടെ വിശ്വാസ തീഷ്ണതയും താൽപ്പര്യവും സ്‌കോടിഷ് പാർലമെന്റിലെ റിലീജിയസ് റിഫ്‌ളക്ഷൻ സെഷനിൽവരെ പരാമർശിക്കപ്പെട്ടിട്ടുമുണ്ട്. അതുപോലെ, സൺഡേ സ്‌കൂൾ കുട്ടികൾക്കായി ആരംഭിച്ച ഇംഗ്ലീഷിലുള്ള സീറോ മലബാർ ദിവ്യബലി അർപ്പണവും സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷവും വളരെയേറെ പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്.
'യൂറോപ്പിലെ ഭരണങ്ങാനം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലിവിംഗ്സ്റ്റൺ അൽഫോൻസാ കമ്മ്യൂണിറ്റി 10 വർഷംമുമ്പ് തുടക്കംകുറിച്ച അൽഫോൻസാ തിരുനാൾ ഇന്ന് യു.കെ മലയാളി ക്രൈസ്തവരുടെ ആഘോഷമായി മാറിക്കഴിഞ്ഞു. 2013മുതൽ ഇതുവരെ തദ്ദേശീയ വൈദികരുടെ നേതൃത്വത്തിൽ 100ൽപ്പരം വിശ്വാസികൾ ഭരണങ്ങാനത്തേക്ക് നടത്തിയ നാല് തീർത്ഥാടനങ്ങളും ശ്രദ്ധേയമാണ്. കുടുംബനാഥന്മാർ കാൻസർ ബാധിച്ച് മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ ലിവിംഗ്സ്റ്റൺ അൽഫോൻസാ സോഷ്യൽ സർവീസ് സെന്റർ ആവിഷ്‌ക്കരിച്ച പദ്ധതിയിലൂടെ ഇതിനകം നിരവധി കുടുംബങ്ങളെ സഹായിക്കാനായിട്ടുണ്ട്.
അംഗബലം കൊണ്ട് ചെറുതെങ്കിലും ഫാൻകിർക്ക് സെന്റ് ജ്യൂഡ് കമ്മ്യൂണിറ്റിയും ഭവന നിർമാണ, വിദ്യാഭ്യാസ സഹായ പദ്ധതികളും ആവിഷ്‌ക്കരിച്ച് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. വിവിധ ക്രൈസ്തവ വിഭാഗങ്ങൾ ഒരുമയോടെ പ്രവർത്തിക്കുന്ന കിർക്കാസ് ലി സെന്റ് മേരീസ് കമ്മ്യൂണിറ്റിയും എക്യൂമെനിക്കൻ ഇടവക എന്ന നിലയിൽ ശ്രദ്ധേയമാണ്.
ദിവ്യബലി അർപ്പണ സെന്ററുകളായി പ്രവർത്തിക്കുന്ന ചെറിയ കൂട്ടായ്മകളെ ഒന്നിച്ചുചേർത്ത് ഭാവിയിൽ ഇടവകകളായി മാറ്റുന്നതിനുള്ള ആദ്യപടിയാണ് മിഷൻ സെന്ററുകളുടെ രൂപീകരണം. സംഘടിതമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും അതിലൂടെ ഇടവകസമൂഹമായി മാറാനും മിഷൻ രൂപീകരണം സഹായകമാകും. ഭാരതത്തിന് വെളിയിൽ ഇന്ന് സീറോ മലബാർ സഭ ശക്തമായ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇപ്രകാരമായിരുന്നു ഇടവകളുടെ രൂപീകരണം.
