News - 2025
ഇളകി മറിഞ്ഞ ഒരു ലോകത്തിലാണ് സഭ ജീവിക്കുന്നത്: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 22-12-2018 - Saturday
വത്തിക്കാന്‍ സിറ്റി: ഇളകിമറിഞ്ഞ ഒരു ലോകത്തിലാണ് സഭ ജീവിക്കുന്നതെന്നും സഭാനൗകയ്ക്ക് ഈ വര്‍ഷം ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. ക്രിസ്തുമസ് ആശംസകള്‍ നേരുന്നതിന് റോമന്‍ കൂരിയായിലെ അംഗങ്ങളെ പേപ്പല്‍ ഭവനത്തിലെ ക്ലെമന്‍റെയിന്‍ ശാലയില്‍ സ്വീകരിച്ച വേളയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ദൈവത്തിനു പ്രത്യേകം സമര്‍പ്പിതരായ വ്യക്തികള്‍ ചെയ്യുന്ന പാപങ്ങളും കുറ്റകൃത്യങ്ങളും സഭയുടെ വിശ്വാസ്യതയെ അപകടത്തിലാക്കിക്കൊണ്ട് അവളുടെ മുഖം വികലമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിസ്തുവിന്‍റെ മണവാട്ടിയായ സഭ അവളുടെ തീര്‍ത്ഥാടനം സന്തോഷ സന്താപങ്ങള്‍ക്കു ഇടയിലൂടെ മുന്നോട്ട് പോകുകയാണ്. ബാഹ്യവും ആന്തരികവുമായ ബുദ്ധിമുട്ടുകള്‍ക്കും ഇടയിലൂടെയും ഇത് തുടരുകയാണ്. ആന്തരിക യാതനകളാണ് എന്നും കൂടുതല്‍ വേദനാജനകം. നമ്മുടെ മാനുഷികമായ ദുരവസ്ഥയുണ്ടെങ്കില്‍ത്തന്നെയും ദൈവത്തിന്‍റെ വെളിച്ചം നിരന്തരം പ്രകാശിക്കുമെന്ന ഉറപ്പാണ് ഓരോ വര്‍ഷവും തിരുപ്പിറവി നമുക്ക് പ്രദാനം ചെയ്യുന്നത്. മരണത്തെപ്പോലും മുന്നില്‍ കണ്ടുകൊണ്ട് യാത്ര ചെയ്യുന്ന കുടിയേറ്റക്കാരുടെയും ക്രിസ്തുവില്‍ വിശ്വസിച്ചതിന്‍റെ പേരില്‍ പീഢിപ്പിക്കപ്പെട്ട നിണസാക്ഷികളുടെയും അവസ്ഥകളും പാപ്പാ അനുസ്മരിച്ചു. തിരുപിറവിയുടെ മംഗളങ്ങള്‍ ഒരിക്കല്‍ കൂടി ആശംസിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
