News - 2025
ക്രിസ്മസ് കാര്‍ഡ് @ 175: പറയാം, മെറി ക്രിസ്മസ്
ബെന്നി കോച്ചേരി 25-12-2018 - Tuesday
തിരുപ്പിറവിയുടെയും പുതുവത്സരത്തിന്റെയുമൊക്കെ മനോഹര ചിത്രങ്ങളുള്ള ഒരു ക്രിസ്മസ് കാര്‍ഡ്. സാമൂഹിക മാധ്യമങ്ങളുടെ തിരതള്ളലുകള്‍ക്ക് മുന്പ് തിരുപ്പിറവിയുടെ ആശംസകള്‍ കൈമാറാനുള്ള ഏക ഉപാധി. ഉറ്റവരും ഉടയവരുമായവര്‍ അയയ്ക്കുന്ന കാര്‍ഡുമായി കടന്നെത്തുന്ന പോസ്റ്റ്മാന്‍ കൈമാറുന്ന കാര്‍ഡിന്റെ ചിന്തതന്നെ മുതിര്‍ന്ന തലമുറയ്ക്ക് സമ്മാനിക്കുന്നത് വലിയ ഗൃഹാതുരസ്മരണകളാണ്. ക്രിസ്മസ് ആശംസകള്‍ എഴുതിയെത്തിയ ആദ്യ ആശംസാ കാര്‍ഡ് ഇന്ന് 175 വര്‍ഷം പിന്നിടുന്ന വേളയിലാണ് വീണ്ടും 'മെറി ക്രിസ്മസ്' ആവര്‍ത്തിക്കപ്പെടുന്നത്.
1843ലാണ് ആദ്യ ക്രിസ്മസ് കാര്‍ഡ് തയാറാക്കി അയച്ചത്. ഇന്നേക്ക് 175 വര്‍ഷം മുന്‍പ്. ബ്രിട്ടണിലായിരുന്നു ഈ തുടക്കം. പ്രശസ്ത ഡിസൈനര്‍ ജോണ്‍ കാള്‍ക്കോട്ട് ഹോഴ്‌സ്ലേ എന്നയാളാണ് ആദ്യ ക്രിസ്മസ് കാര്‍ഡ് രൂപകല്‍പ്പന ചെയ്തത്. ബ്രിട്ടണിലെ ധനികനും ബിസിനസുകാരനുമായ സര്‍ ഹെന്‍ട്രി കോളിന്റെ ആശയവും ആവശ്യവും പരിഗണിച്ചായിരുന്നു ജോണിന്റെ പരിശ്രമം. തന്റെ ബിസിനസ് സാമ്രാജ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കും ക്രിസ്മസ് ആശംസകള്‍ കൈമാറാനുള്ള ഉപാധിയായാണ് കാര്‍ഡ് എന്ന ലക്ഷ്യം ഹെന്‍ട്രി മുന്നോട്ടുവച്ചത്. ആശയം യാഥാര്‍ഥ്യമായതോടെ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യകാര്‍ഡ് ആയിരം എണ്ണം അച്ചടിച്ച് മെറി ക്രിസ്മസ് നേരുകയും ചെയ്തു.
ബ്രിട്ടീഷ് നാണയമായ ഒരു ഷില്ലിംഗിനാണ് ഓരോ കാര്‍ഡും വിറ്റഴിച്ചത്. പൊതുജനങ്ങള്‍ക്കായുള്ള ആദ്യ ക്രിസ്മസ് കാര്‍ഡിന്റെ ഈ പിറവിയിലൂടെ 'മെറി ക്രിസ്മസ' കൂടുതല്‍ വ്യാപകമാകുകയും ചെയ്തു. ക്രിസ്മസിനോട് ചേര്‍ന്നുനില്‍ക്കുന്ന ലക്ഷ്യവും ചൈതന്യവും ആദ്യ കാര്‍ഡില്‍ വ്യക്തമായിരുന്നു. പരോപകാരത്തിന്റെയും സാര്‍വത്രിക സ്‌നേഹത്തിന്റെയുമൊക്കെ അടയാളങ്ങള്‍ കാര്‍ഡില്‍ നിറഞ്ഞുനിന്നു. പിന്നീടത് തിരുക്കുടുംബവും ക്രിസ്മസ് കഥകളും മഞ്ഞുകാലവുമൊക്കെയായി മാറിയെന്ന് മാത്രം.
ആദ്യ കാര്‍ഡ് മൂന്ന് ഭാഗങ്ങളായി തിരിച്ചായിരുന്നു ക്രമീകരിച്ചത്. മധ്യഭാഗത്ത് കാര്‍ഡിന്റെ സ്വീകര്‍ത്താവിനെ ലക്ഷ്യം വച്ചുള്ള പാനോപചാരമായിരുന്നു. മൂന്ന് തലമുറകളുടെ സംഗമമാണ് ഇവിടെ ചിത്രീകരിച്ചിരുന്നത്. ഒരു കൊച്ചുകുട്ടി വീഞ്ഞ് കുടിക്കുന്നതായുള്ള ചിത്രീകരണം ചില്ലറ വിവാദങ്ങള്‍ക്കും വഴിമരുന്നിടാതിരുന്നില്ല. ആദ്യത്തേയും അവസാനത്തേയും ഭാഗങ്ങളില്‍ പരസ്‌നേഹത്തിന്റെ ചിത്രീകരണമായിരുന്നു. നിര്‍ധനര്‍ക്കായി ഭക്ഷണവും വസ്ത്രവും നല്‍കുന്ന ചിത്രീകരണമായിരുന്നു അത്.
ഇന്ന് വീണ്ടും മെറി ക്രിസ്മസ് ആവര്‍ത്തിക്കുന്‌പോള്‍ ഓര്‍മിക്കുക, ഈ ആശംസകള്‍ക്ക് ചിത്രീകരണ രൂപമെത്തിയിട്ട് ഒന്നേമുക്കാല്‍ നൂറ്റാണ്ട് പിന്നിടുവെന്ന്.