Faith And Reason
ജപമാല ഭക്തി ഇതിവൃത്തമാക്കിയ പോളിഷ് ഡോക്യുമെന്ററി വന്‍ വിജയം
സ്വന്തം ലേഖകന്‍ 29-12-2018 - Saturday
വത്തിക്കാൻ സിറ്റി: ജപമാല ചൊല്ലുന്നതു കൊണ്ട് ജീവിതത്തിലോ, മരണ സമയത്തോ ഏതെങ്കിലും വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിനുള്ള ഉത്തരവുമായി പുറത്തിറങ്ങിയ ഡോക്യുമെന്ററി ലോക ശ്രദ്ധയാകർഷിക്കുന്നു. “സ്റ്റോറീസ് ഓഫ് ദി റോസറി: നൗ ആന്‍ഡ് ദി ഔര്‍ ഓഫ് ഡെത്ത്” എന്ന പോളിഷ് ഡോക്യുമെന്ററിയിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജപമാല അത്ഭുതങ്ങളുടെ സാക്ഷ്യങ്ങൾ ഉൾകൊള്ളിച്ചിരിക്കുന്നത്.
പോളണ്ടുകാരായ മാരിയൂസ് പിലിസും, ഡാരിയൂസ് വാലൂസിയാകുമാണ് ഡോക്യുമെന്ററിക്കു പിന്നിൽ പ്രവർത്തിച്ചത്. അഫ്ഘാനിസ്ഥാനില്‍ വെച്ച് താലിബാന്റെ ആക്രമണത്തില്‍ മുറിവേറ്റ് രക്തം പുരണ്ട കൈകളില്‍ ജപമാല മുറുകെ പിടിച്ചുകൊണ്ടു മരണത്തെ കാത്തുകിടക്കുന്ന അമേരിക്കന്‍ സൈനികന്റെ ചിത്രം കണ്ടതില്‍ നിന്നുമാണ് ഇരുവര്‍ക്കും സിനിമയുടെ ആശയം ലഭിച്ചത്. ഹിസ്റ്റോറിയാസ് ഡെല്‍ റൊസാരിയോ സംവിധാനം ചെയ്ത ആന്‍ഡ്രെസ് ഗാരിഗോയുടെ ഉള്‍പ്പെടെ അഞ്ചു കഥകളാണ് ഈ ഡോക്യുമെന്ററിയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.
ഇസ്ലാമിക തീവ്രവാദികളായ ബൊക്കോ ഹറാം നൈജീരിയയിൽ നിന്നു തട്ടിക്കൊണ്ടുപോയ സ്ത്രീയുടെ ജീവിത കഥയും സിനിമയില്‍ ഉള്‍പ്പെടുന്നു. സ്വന്തം മകനെ തീവ്രവാദികള്‍ പുഴയില്‍ എറിഞ്ഞതിനു ശേഷം അവളെ കഴുത്തു മുറിച്ച് കൊലപ്പെടുത്തുവാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോഴും അവള്‍ ജപമാല ചൊല്ലുകയായിരുന്നു. ഇവക്ക് പുറമേ റുവാണ്ടന്‍ വംശഹത്യയില്‍ നിന്നും രക്ഷപ്പെട്ടയാളുടേയും, നൈജീരിയന്‍ മെത്രാന്‍ ഒളിവിയര്‍ ഡാഷെ ഡോയമിന്റെ അനുഭവങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുന്നു.
ജീവിതത്തിലെ ഏതു സാഹചര്യമാണെങ്കിലും ഓരോ നിമിഷവും പരിശുദ്ധ കന്യകാമാതാവ് എല്ലാവരെയും സഹായിക്കുന്നുണ്ടെന്നു ഡോക്യുമെന്ററിയിൽ ഉടനീളം ഓർമ്മിപ്പിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ സിനിമ ഇതുവരെ കണ്ടത്. സ്പെയിനിലും, ലാറ്റിന്‍ അമേരിക്കയിലും ഈ വിജയം ആവര്‍ത്തിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
