Faith And Reason
ലോകത്തിന് മുന്നില്‍ കത്തോലിക്ക വിശ്വാസം പ്രഘോഷിച്ച് ഫിലിപ്പീന്‍സ് ജനത
സ്വന്തം ലേഖകന്‍ 11-01-2019 - Friday
മനില: ആഗോള സമൂഹത്തിന് മുന്നില്‍ തങ്ങളുടെ കത്തോലിക്ക വിശ്വാസം ഉറക്കെ പ്രഘോഷിച്ച് ഫിലിപ്പീന്‍സ് ജനത കറുത്ത നസ്രായന്റെ തിരുനാള്‍ ആഘോഷിച്ചു. അഞ്ചു മില്യണ്‍ വിശ്വാസികളാണ് കറുത്ത നസ്രായൻ എന്ന പേരിൽ അറിയപ്പെടുന്ന യേശു ക്രിസ്തുവിന്റെ രൂപവുമായി നടത്തിയ പ്രദക്ഷിണത്തിൽ പങ്കെടുത്തത്. മനില നഗരത്തിലൂടെ നഗ്നപാദരായി തോളിൽ കുരിശുമേന്തി നടത്തിയ പ്രദിക്ഷണത്തില്‍ നാനാജാതി മതസ്ഥരായ ആളുകള്‍ എത്തിയെന്നതും ശ്രദ്ധേയമായി. ഓരോ വർഷവും റാലിയിൽ വർദ്ധിച്ചു വരുന്ന ജനസാന്നിദ്ധ്യം രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വളരുന്നതിനെ സൂചിപ്പിക്കുന്നുവെന്ന് മനില സഹായമെത്രാൻ ബ്രോഡെറിക്ക് പബിലോ അഭിപ്രായപ്പെട്ടു.
ഫിലിപ്പീന്‍സിലെ ക്രിസ്ത്യാനികളുടെ അചഞ്ചലമായ ഭക്തിയുടെ അടിസ്ഥാനം എന്ന് ഇന്നസന്റ് പത്താമന്‍ പാപ്പ വിശേഷിപ്പിച്ചിരിക്കുന്ന കുരിശേന്തിയ ക്രിസ്തുവിന്റെ തടിയില്‍ തീര്‍ത്തിരിക്കുന്ന ശില്‍പ്പമാണ് കറുത്ത നസ്രായന്‍. ഏറെ അത്ഭുതങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു നടന്നതിനെ തുടര്‍ന്നു നാനാജാതി മതസ്ഥര്‍ എത്തുന്ന കേന്ദ്രമായി ക്വിയാപ്പോ മാറുകയായിരിന്നു. 2006-ല്‍ ആണ് 'ബ്ലാക്ക് നസ്രായേന്‍ രൂപം' ഫിലിപ്പീന്‍സില്‍ എത്തിച്ചതിന്റെ 400-ാം വാര്‍ഷികം വിശ്വാസികള്‍ ആചരിച്ചത്. എല്ലാവര്‍ഷവും ജനുവരി ഒന്‍പതാം തീയതിയാണ് ബ്ലാക്ക് നസ്രായന്‍ രൂപം സ്ഥിതി ചെയ്യുന്ന ക്വിയാപ്പോ ദേവാലയത്തിലെ പ്രധാനതിരുനാള്‍ ആഘോഷിക്കുന്നത്.
തിരുനാളിനെ കുറിച്ചുള്ള പ്രവാചക ശബ്ദത്തിന്റെ വിശദമായ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: നൂറ്റാണ്ടുകളെ അതിജീവിച്ച ക്രിസ്തുവിന്റെ തിരുസ്വരൂപം ലോകത്തിന് മുന്നില്‍ സാക്ഷ്യമാകുന്നു
'ട്രാസ്ലേസിയന്‍' എന്ന പ്രാദേശിക പേരില്‍ അറിയപ്പെടുന്ന പ്രത്യേക പ്രദക്ഷിണമാണ് തിരുനാള്‍ ദിവസത്തിലെ ഏറ്റവും പ്രാധാന്യമുള്ള ചടങ്ങ്. 21 മണിക്കൂര്‍ കൊണ്ടാണ് ഇത്തവണത്തെ പ്രദക്ഷിണം പൂര്‍ത്തീകരിച്ചത്. ക്രിസ്തുവിന്റെ കാല്‍വരി യാത്രയെ അനുസ്മരിപ്പിക്കുന്ന ചടങ്ങായാണ് ട്രാസ്ലേസിയനിലൂടെ വിശ്വാസികള്‍ വീണ്ടും അനുസ്മരിക്കുന്നത്. 4.3 മൈല്‍ ദൂരമാണ് നഗ്നപാദരായ വിശ്വാസികള്‍ തിരുനാള്‍ ദിനത്തിലെ പ്രദക്ഷിണത്തില്‍ നടന്നുനീങ്ങുന്നത്. ദേവാലയത്തിലെ ശുശ്രൂഷകളും പ്രദക്ഷിണവും വഴി പ്രാര്‍ത്ഥനകള്‍ക്ക് അതിവേഗം ഉത്തരം ലഭിച്ചതായി ആയിരങ്ങള്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ ആഗോള മാധ്യമങ്ങളും ഫിലിപ്പീന്‍സ് ജനതയുടെ വിശ്വാസ സാക്ഷ്യത്തിന്റെ ഈ തിരുനാള്‍ ഇത്തവണയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
