India
റവ. ഡോ. ജോസഫ് തടത്തില്‍ സീറോ മലബാര്‍ സഭയിലെ പ്രഥമ ആര്‍ച്ച് പ്രീസ്റ്റ്
സ്വന്തം ലേഖകന്‍ 28-01-2019 - Monday
കുറവിലങ്ങാട്: കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയ വികാരിയുടെ ആര്‍ച്ച്പ്രീസ്റ്റ് പദവിക്കു സീറോ മലബാര്‍ സഭാ സിനഡിന്റെ അംഗീകാരം. സിനഡിന്റെ തീരുമാനം ഇന്നലെ കുറവിലങ്ങാട് ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മുന്പ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഡിക്രി ഫാ.തോമസ് തൈയില്‍ വായിച്ചു. ഇതോടെ റവ.ഡോ.ജോസഫ് തടത്തില്‍ സീറോ മലബാര്‍ സഭയിലെ പ്രഥമ ആര്‍ച്ച്പ്രീസ്റ്റായി. കുറവിലങ്ങാട് പള്ളിയിലെ ഇനിയുള്ള എല്ലാ വികാരിമാരും ആര്‍ച്ച്പ്രീസ്റ്റ് എന്ന് അറിയപ്പെടും.
കുറവിലങ്ങാട് ഇടവകയെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്ത്ത്മ റിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന ദേവാലയമാക്കി കഴിഞ്ഞ വര്‍ഷം ജനുവരി 21ന് ഉയര്‍ത്തിയതോടെ ഇടവകയുടെ ചരിത്രവും സഭയുടെ പാരന്പര്യവും പരിഗണിച്ചു വികാരിയെ ആര്‍ച്ച്പ്രീസ്റ്റ് എന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നാമകരണം ചെയ്തിരുന്നു. മാന്നാര്‍ സെന്റ് മേരീസ് ഇടവകാംഗമായ റവ.ഡോ. ജോസഫ് തടത്തില്‍ മാന്നാര്‍ തടത്തില്‍ പരേതനായ വര്‍ക്കിയുടെയും ഇലഞ്ഞി പാലക്കുന്നേല്‍ കുടുംബാംഗം മറിയാമ്മയുടെയും 11 മക്കളില്‍ നാലാമനാണ്.
1988 ജനുവരി ആറിന് മാര്‍ ജോസഫ് പള്ളിക്കാപറന്പിലില്‍ നിന്നുപൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് ളാലം പള്ളി അസിസ്റ്റന്റ് വികാരിയായി ചുമതലയേറ്റു. റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍നിന്നു തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. ഉരുളികുന്നം വികാരി ഇന്‍ചാര്‍ജ്, പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറകടര്‍, രൂപത വിശ്വാസ പരിശീലന കേന്ദ്രം, ദൈവവിളി ബ്യൂറോ, ചെറുപുഷ്പമിഷന്‍ ലീഗ് ഡയറക്ടര്‍, ശാലോം പാസ്റ്ററല്‍ സെന്റര്‍ പ്രഥമ ഡയറക്ടര്‍, കുടക്കച്ചിറ, കാഞ്ഞിരത്താനം പള്ളികളില്‍ വികാരി, ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം പ്രഥമ റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2015 ഫെബ്രുവരി മുതല്‍ കുറവിലങ്ങാട് ദേവാലയ വികാരിയായി സേവനം ചെയ്തു വരികയാണ്.