India - 2025
പുത്തൂർ ഭദ്രാസന കാര്യാലയവും മൈനർ സെമിനാരിയും കൂദാശ ചെയ്തു
സ്വന്തം ലേഖകന്‍ 28-01-2019 - Monday
പുത്തൂർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പുത്തൂർ ഭദ്രാസന കാര്യാലയത്തിന്റെയും മൈനർ സെമിനാരിയുടെയും കൂദാശ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നിര്‍വ്വഹിച്ചു. തിരുവല്ല അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം, ബത്തേരി ഭദ്രാസനാധ്യക്ഷൻ ജോസഫ് മാർ തോമസ്, ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷൻ ജേക്കബ് മാർ ബർണബാസ്, പുത്തൂർ ഭദ്രാസനാധ്യക്ഷൻ ഗീവർഗീസ് മാർ മക്കാറിയോസ്, കൂരിയ മെത്രാനും മൂവാറ്റുപുഴ ഭദ്രാസനത്തിലെ കോ-അഡ്ജുത്തോർ ബിഷപ്പുമായ യൂഹാനോൻ മാർ തെയഡോഷ്യസ്, പൂന ഖഡ്കി എക്‌സാർക്കേറ്റ് അധ്യക്ഷൻ തോമസ് മാർ അന്തോണിയോസ്, പത്തനംതിട്ട ഭദ്രാസനത്തിന്റെ കോ-അഡ്ജുത്തോർ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് എന്നിവരോടൊപ്പം സിറോ-മലബാർ സഭയുടെയും ലത്തീൻ സഭയുടെയും പിതാക്കന്മാരും സഹകാർമ്മികരായിരുന്നു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അഭിവന്ദ്യ കാതോലിക്കാബാവ അധ്യക്ഷത വഹിച്ചു. കർണാടക മുഖ്യമന്ത്രി കുമാരസ്വാമി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പുത്തൂർ ഭദ്രാസനാധ്യക്ഷൻ ഗീവർഗീസ് മാർ മക്കാറിയോസ് തിരുമേനി സ്വാഗതം പറഞ്ഞു. വികാരി ജനറാൾ മോൺ. എൽദോ പുത്തൻകണ്ടത്തിൽ കൃതജ്ഞതയർപ്പിച്ചു. നിരവധി വൈദികരും സന്യസ്തരും അല്മായരും കൂദാശ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിന്നു.