News
ലോകമെമ്പാടും 50 കോടി ക്രൈസ്തവർ ബൈബിളിന് നിയന്ത്രണങ്ങൾ നേരിടുന്നതായി റിപ്പോർട്ട്
പ്രവാചകശബ്ദം 02-10-2026 - Friday
ലണ്ടൻ: ലോകമെമ്പാടുമുള്ള 50 കോടിയിലധികം ക്രൈസ്തവർക്ക് ബൈബിൾ സ്വന്തമാക്കുന്നതിനും ഉപയോഗിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങളും തടസ്സങ്ങളും നേരിടേണ്ടി വരുന്നതായി ആഗോള പഠന റിപ്പോർട്ട്. 'ബൈബിൾ ആക്സസ് ഇനിഷ്യേറ്റീവ്' (Bible Access Initiative) തയ്യാറാക്കിയ രണ്ടാമത് വാർഷിക ലിസ്റ്റിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സർക്കാർ നിയന്ത്രണങ്ങൾ, മതപീഡനം, ദാരിദ്ര്യം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഡിജിറ്റൽ വിലക്കുകൾ എന്നിവയെ തുടര്‍ന്നു വിശ്വാസികൾക്ക് വിശുദ്ധ ബൈബിള്‍ ലഭ്യമാകുന്നതിന് പ്രധാന തടസ്സങ്ങളാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 106 രാജ്യങ്ങളിലെ സാഹചര്യം വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
ബൈബിൾ കൈവശം വെയ്ക്കുന്നതിൽ മാത്രമല്ല, അതിന്റെ നിർമ്മാണത്തിലും വിതരണത്തിലുമെല്ലാം കടുത്ത വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെന്ന് ബൈബിൾ ആക്സസ് ലിസ്റ്റ് സഹസ്ഥാപകൻ വൈബോ നിക്കോളായ് വ്യക്തമാക്കി. ബൈബിൾ അച്ചടി, ഇറക്കുമതി, സംഭരണം, വിതരണം, കൈവശം വെക്കൽ തുടങ്ങിയ ഓരോ ഘട്ടത്തിലും വിവിധ രാജ്യങ്ങളിൽ നിയമപരവും സാമൂഹികവുമായ വിലക്കുകൾ നേരിടേണ്ടി വരുന്നുണ്ട്. പലയിടങ്ങളിലും ബൈബിൾ കൈവശം വെയ്ക്കുന്നത് പിഴശിക്ഷയ്ക്കും പിടിച്ചെടുക്കലിനും മാത്രമല്ല, ജീവനു തന്നെ ഭീഷണിയാകുന്ന സാഹചര്യത്തിനും കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ, ഉത്തര കൊറിയ, എറിത്രിയ എന്നീ രാജ്യങ്ങളിലാണ് ബൈബിള്‍ ലഭ്യതയ്ക്ക് ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളും വിലക്കും നേരിടുന്നത്. ജനസംഖ്യാനുപാതത്തിൽ വിശ്വാസികൾ ബൈബിൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് ലഭ്യമാകാത്ത 'ബൈബിൾ ക്ഷാമ പട്ടികയിൽ' കോംഗോ, എത്യോപ്യ, നൈജീരിയ, ഇന്ത്യ, ഉഗാണ്ട എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 33 രാജ്യങ്ങളിലായി ഏകദേശം 8.2 കോടി ക്രൈസ്തവർ ബൈബിളിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
ഇന്റർനെറ്റിലൂടെ ബൈബിൾ ലഭ്യമാക്കുന്ന പദ്ധതികൾ നിലവിലുണ്ടെങ്കിലും പലയിടങ്ങളിലും അത് പ്രായോഗികമല്ലെന്ന് റിപ്പോർട്ട് അടിവരയിടുന്നു. 42 രാജ്യങ്ങളിലായി 40 കോടിയിലധികം ക്രൈസ്തവർക്ക് ഇന്റർനെറ്റ് ലഭ്യമല്ല. കൂടാതെ, 48 രാജ്യങ്ങളിലായി 27.7 കോടി ജനങ്ങൾക്ക് ഓൺലൈൻ വഴി ക്രൈസ്തവ വെബ്സൈറ്റുകൾ സന്ദർശിക്കുന്നത് നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബൈബിൾ ലീഗ് ഇന്റർനാഷണൽ, ഡിജിറ്റൽ ബൈബിൾ സൊസൈറ്റി, ഫ്രണ്ട്ലൈൻസ് ഇന്റർനാഷണൽ, ദി വോയ്സ് ഓഫ് ദി മാർട്ടിേഴ്സ്, യു-വേർഷൻ തുടങ്ങിയ പ്രമുഖ സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് ബൈബിൾ ആക്സസ് ഇനിഷ്യേറ്റീവിന് നേതൃത്വം നൽകുന്നത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️



















