Faith And Reason
‘സുബോരോ ടിവി’: യേശുവിനെ പ്രഘോഷിക്കുവാന്‍ സിറിയന്‍ സഭയുടെ പ്രഥമ ചാനല്‍
സ്വന്തം ലേഖകന്‍ 28-03-2019 - Thursday
ബെയ്റൂട്ട്: യേശുവിനെ പതിനായിരങ്ങളിലേക്ക് എത്തിക്കുവാന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ ടിവി ചാനലായ ‘സുബോരോ ടിവി’ ലെബനോനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് മംഗള വാര്‍ത്ത തിരുനാള്‍ ദിനത്തില്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവനും, അന്ത്യോക്യാ പാത്രിയാര്‍ക്കീസുമായ മോര്‍ ഇഗ്നേഷ്യസ് അഫ്രേം രണ്ടാമനാണ് ചാനലിന്റെ ഉദ്ഘാടനം നടത്തിയത്. സിസിലിയായിലെ അര്‍മേനിയന്‍ അന്ത്യോക്യ സിംഹാസനത്തിന്റെ കതോലിക്കോസായ അരാം പ്രഥമനും, അന്ത്യോക്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസ് യൂസിഫ് III യൗനാനും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സുബോരോ എന്ന സുറിയാനി പദത്തിനര്‍ത്ഥം മംഗളവാര്‍ത്ത എന്നാണ്. നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ട്ടികളോടും സുവിശേഷം പ്രഘോഷിക്കുവിൻ എന്ന ക്രിസ്തുവിന്റെ ആഹ്വാനമാണ് ചാനലിന്റെ പ്രഥമ കര്‍ത്തവ്യമെന്നു നോര്‍ ഇഗ്നേഷ്യസ് അഫ്രേം പറഞ്ഞു. ലോകമെങ്ങുമായി ചിതറിക്കിടക്കുന്ന സുറിയാനി ജനതക്ക് വിശ്വാസപരവും, ആത്മീയവും, സാംസ്കാരികവും, സാമൂഹികവുമായ പരിപാടികള്‍ ലഭ്യമാക്കുക എന്നതാണ് സുബോരോ ടിവിയുടെ ലക്ഷ്യം.
2009-ലെ സീറോ-ഓര്‍ത്തഡോക്സ് സുനഹദോസില്‍വെച്ചാണ് സിറിയക് ഓര്‍ത്തഡോക്സ് സഭക്ക് സ്വന്തമായി ഒരു ടിവി ചാനല്‍ വേണമെന്ന ആവശ്യം ഉയര്‍ന്നത്. 2015-ലെ സുനഹദോസിനെ തുടര്‍ന്ന്‍ ഈ ആവശ്യം ശക്തമായി. നിരവധി സുറിയാനി ചാനലുകള്‍ വേറെ ഉണ്ടെങ്കിലും, സഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് സംപ്രേഷണം ചെയ്യുന്നത് സുബോരോ ടിവി ആയിരിക്കുമെന്ന് പാത്രിയാര്‍ക്കീസ് അറിയിച്ചു. രാഷ്ട്രീയപരമായ യാതൊരു അജണ്ടയും സുബോരോ ടിവിക്കില്ലെന്ന കാര്യവും പാത്രിയാര്‍ക്കീസ് വ്യക്തമാക്കി. ലെബനന് പുറമേ ജര്‍മ്മനിയിലും ചാനല്‍ സ്റ്റുഡിയോ തുടങ്ങുവാനുള്ള പദ്ധതിയുണ്ട്. ഇതോടൊപ്പം ക്രൈസ്തവ പീഡനം വ്യാപകമായി നടക്കുന്ന സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ടര്‍മാരെ നിയോഗിക്കുവാനുള്ള പദ്ധതിയും ചാനലിനുണ്ട്.
