Faith And Reason - 2025
സിറിയന്‍ ജനതക്ക് പ്രതീക്ഷയേകാന്‍ വ്യാകുലമാതാവിന്റെ ചിത്രവുമായി പര്യടനം
സ്വന്തം ലേഖകന്‍ 17-09-2019 - Tuesday
വത്തിക്കാന്‍ സിറ്റി: യുദ്ധവും തുടര്‍ച്ചയായ ആഭ്യന്തര പ്രശ്നങ്ങളും മൂലം സമാധാനം നഷ്ട്ടമായ സിറിയയില്‍ പര്യടനം നടത്തുവാനുള്ള വ്യാകുല മാതാവിന്റെ ചിത്രം ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചു. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) ആണ് സിറിയയിലെ 34 രൂപതകളിലൂടെ ഈ പര്യടനം സംഘടിപ്പിക്കുന്നത്. എട്ടുവര്‍ഷം നീണ്ട സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുകയും, അവരുടെ വിശ്വാസത്തെ ആളിക്കത്തിക്കുകയുമാണ് പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രവുമായുള്ള പര്യടനത്തിന്റെ പ്രധാന ലക്ഷ്യം. എസിഎന്നിന്റെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ വെഞ്ചരിച്ച 6,000 ജപമാലകള്‍ സിറിയയിലെ ദേവാലയങ്ങളില്‍ വിതരണം ചെയ്തതു കഴിഞ്ഞ ദിവസം തന്നെയാണ്. സിറിയയിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നു രണ്ടായിരം കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ വീതം നഷ്ടപ്പെടുകയും, എണ്ണൂറോളം കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ വീതം കാണാതാകപ്പെടുകയും ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് സംഘടന സിറിയയിലേക്ക് ജപമാല അയക്കുവാനും വ്യാകുല മാതാവിന്റെ ചിത്രവുമായുള്ള പര്യടനത്തിനും പദ്ധതിയിട്ടത്. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ ഫാ. സ്പിരാഡോണ്‍ കബ്ബാഷിന്റെ പങ്കാളിത്തത്തോടെയാണ് എ.സി.എന്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. മാതാവിന്റെ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ഫാ. കബ്ബാഷ് തന്നെയാണ്.
തലസ്ഥാനമായ ഡമാസ്കസ് രൂപതയില്‍ വെച്ച് സിറിയയുടെ അപ്പസ്തോലിക പ്രതിനിധിയായ കര്‍ദ്ദിനാള്‍ മാരിയോ സെനാരി മാതാവിന്റെ ചിത്രം സിറിയക്ക് കൈമാറും. പിന്നീട് സിറിയയിലെ മുഴുവന്‍ രൂപതകളിലൂടെയുമുള്ള പര്യടനത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രതീക്ഷയുടെ സന്ദേശമെന്ന നിലക്കാണ് മാതാവിന്റെ ഈ ചിത്രം താന്‍ രചിച്ചിരിക്കുന്നതെന്നു ഫാ. കബ്ബാഷ് പറഞ്ഞു. യുദ്ധം ജനങ്ങളെ സംബന്ധിച്ചിടത്തോളം കനത്ത ദുരിതമാണ് സമ്മാനിക്കുന്നതെന്നും അതിനാല്‍ ദൈവത്തിന്റെ സാന്ത്വനമേകുന്ന ആശ്വാസം ആവശ്യമുള്ള സ്ഥലങ്ങളിലേക്കെല്ലാം തങ്ങള്‍ ഈ ചിത്രം അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011-ല്‍ സിറിയയില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ എ.സി.എന്‍ സിറിയന്‍ ജനതക്ക് സഹായം നല്‍കിവരുന്നുണ്ട്. ഏതാണ്ട് എണ്ണൂറ്റിയന്‍പതോളം പദ്ധതികളാണ് ഇതിനോടകം തന്നെ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ പൂര്‍ത്തിയാക്കിയത്.
