Faith And Reason - 2025
സാത്താന്‍ മണിനാദത്തെ ഭയക്കുന്നുവോ? പ്രശസ്ത ഭൂതോച്ചാടകന്റെ അതിശയിപ്പിക്കുന്ന വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ 03-10-2019 - Thursday
കാലിഫോര്‍ണിയ: തന്‍റെ ഭൂതോച്ചാടക ശുശ്രൂഷകളില്‍ വെഞ്ചരിച്ച മണികള്‍ ഉപയോഗിക്കാറുണ്ടെന്നും ബാധയൊഴിപ്പിക്കല്‍ കര്‍മ്മത്തിനിടയില്‍ ഇതിന് വലിയ സ്വാധീനമാണുള്ളതെന്നും പശ്ചിമ അമേരിക്കയില്‍ നിന്നുള്ള ഭൂതോച്ചാടകനായ വൈദികന്റെ വെളിപ്പെടുത്തല്‍. നാഷ്ണല്‍ കത്തോലിക് രജിസ്റ്ററിന്റെ കറസ്പോണ്ടന്റായ പാറ്റി ആംസ്ട്രോങ്ങിനു നല്‍കിയ അഭിമുഖത്തിലാണ് ഫാ. തിയോഫിലൂസ് (ഭൂതോച്ചാടകര്‍ യഥാര്‍ത്ഥ പേര് വെളിപ്പെടുത്താത്തതിനാല്‍ പേര് യഥാര്‍ത്ഥമല്ല) ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭൂതോച്ചാടന കര്‍മ്മത്തിനിടയില്‍ മണിനാദം കേട്ടമാത്രയില്‍ തന്നെ സാത്താന്‍ “അത് തകര്‍ത്ത് കളയൂ” എന്നു അലറിവിളിച്ചു കൊണ്ട് തന്റെ കയ്യിലെ മണി കൈക്കലാക്കുവാന്‍ ശ്രമിച്ച കാര്യവും അദ്ദേഹം വിവരിച്ചു.
ക്രിസ്തീയ ഭൂതോച്ചാടന കര്‍മ്മങ്ങളില്‍ സാധാരണ ഗതിയില്‍ പ്രാര്‍ത്ഥനയും വിശുദ്ധ ജലവുമാണ് ഉപയോഗിക്കാറെങ്കിലും സംഗീതം, വിശുദ്ധ ചിത്രങ്ങളും രൂപങ്ങളും, പ്രാര്‍ത്ഥനാ സംഘം, ആശീര്‍വദിച്ച മണികള്‍ എന്നിവ തിന്മയുടെ ശക്തിക്കെതിരായ തന്റെ പോരാട്ടത്തിലെ ആയുധങ്ങളും പടയാളികളുമാണെന്ന് ഫാ. തിയോഫിലൂസ് പറയുന്നു. സാത്താന്‍ നമ്മളെ ആക്രമിക്കുന്നത് എപ്പോഴും നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ ആയിരിക്കുമെന്നും, അതിനാല്‍ കാഴ്ച, സ്പര്‍ശനം, ഗന്ധം, കേള്‍വി തുടങ്ങിയ ഇന്ദ്രിയങ്ങള്‍ക്ക് മേലുള്ള ഒരു വിശുദ്ധ ആക്രമണമായിരിക്കണം ആരാധനയെന്നും, ഈ ഇന്ദ്രിയങ്ങളെല്ലാം ഉള്‍കൊള്ളുന്ന ഒരു സഭക്ക് വേണ്ടിയായിരിക്കണം നമ്മുടെ പ്രാര്‍ത്ഥനയെന്നും ഈ വൈദികന്‍ പറയുന്നു.
തന്റെ ശത്രുവിനെ തുരത്തുവാന്‍ കഴിവുള്ളത് ഇതിനാണെന്ന് സഹസ്രാബ്ദങ്ങളായി സഭക്കറിയാം. വിശുദ്ധ കുര്‍ബാനക്കിടയില്‍ മണിയടിക്കുമ്പോള്‍ 'വചനം മാംസമായി' എന്നാണ് പറയുന്നതെന്ന്‍ ഫാ. തിയോഫിലൂസ് ചൂണ്ടിക്കാട്ടി. പിശാചിന് ദൈവത്തെ ആരാധിക്കുന്നത് ഇഷ്ടമല്ല. മനോഹരവും, പവിത്രമായതുമെല്ലാം സാത്താന്‍ വെറുക്കുന്നു. മണികള്‍ നമ്മുടെ ശ്രദ്ധയെ ദൈവാരാധനയിലേക്ക് തിരിച്ചു വിടുവാന്‍ ഉപയോഗിക്കുന്നു എന്ന കാരണത്തിലാണ് പിശാച് മണിനാദങ്ങളെ ഭയക്കുന്നത്.
രാവിലെ ആറു മണിക്കും ഉച്ചക്ക് പന്ത്രണ്ടിനും, വൈകിട്ട് ആറിനുമുള്ള ത്രികാലജപ പ്രാര്‍ത്ഥനകള്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചിരുന്നതും ദേവാലയ മണികളായിരുന്നു. ലോകത്തെവിടെയായിരുന്നാലും, ദേവാലയ മണി കേള്‍ക്കുമ്പോള്‍ ഓരോ മണിനാദവും, ദൈവം നമുക്ക് നല്‍കുന്ന ആത്മീയ ശക്തിയാണെന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് നാഷ്ണല്‍ കാത്തലിക് രജിസ്റ്റര്‍ അഭിമുഖ ഭാഗത്തെക്കുറിച്ചുള്ള വിവരണം അവസാനിപ്പിക്കുന്നത്.